ന്യൂയോർക്ക് ∙ അമേരിക്കൻ മലയാളികൾ കാത്തിരിക്കുന്ന വിനോദവസന്തമായ ജയറാം ഷോയിൽ പങ്കെടുക്കുന്ന ത്രില്ലിലാണ് പ്രശസ്ത നടി പ്രിയാമണി. അമേരിക്കയിലേക്ക് പറക്കാനുള്ള വിസ എത്തിക്കഴിഞ്ഞു. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയുടെ വേദിയിൽ ജഡ്ജായും ന‍ടനവൈഭവം തെളിയിച്ചുമൊക്കെ ഇപ്പോൾ മലയാളികൾക്കിടയിൽ കൂടുതൽ ജനപ്രീതിയാർജ്ജിച്ചിരിക്കുകയാണ് പ്രിയ. അതിനിടയിൽ മറ്റൊരു ഹോട്ട് ന്യൂസും എത്തിയിരിക്കുന്നു. പ്രണയത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലായിരുന്നു അത്. സംഭവം തുറന്നു പറഞ്ഞത് പ്രിയ തന്നെയാണ്. താൻ കഴിഞ്ഞ നാല് വർഷമായി മുസ്തഫ രാജ് എന്നൊരാളുമായി പ്രണയത്തിലാണെന്നും മുസ്തഫ ഇവൻറ് മാനേജ്മെന്റ് ബിസിനസ് രംഗത്ത് പ്രവർത്തിക്കുകയാണെന്നും പ്രിയാമണി വെളിപ്പെടുത്തി. ഡി ഫോർ ഡാൻസിലെ മൂന്ന് വിധികർത്താക്കളിൽ ഒരാളാണ് പ്രിയാമണി.

പ്രിയാമണി വാസുദേവ് മണി അയ്യർ എന്ന മലയാളിയുടെ പ്രിയങ്കരിയായ പ്രിയാമണി പ്രമുഖ ബോളിവുഡ് താരം വിദ്യാബാലന്റെ ബന്ധു കൂടിയാണ്. വാസുദേവ മണി അയ്യരുടേയും ലത മണി അയ്യരുടേയും മകളായി പാലക്കാട് ആണ് പ്രിയാമണിയുടെ ജനനം. പരേതനായ കർണടക സംഗീതജ്ഞൻ കമല കൈലാസിന്റെ കൊച്ചുമോളാണ്. ബാംഗ്ലൂരിൽ ആണ് വളർന്നത്. പഠനത്തിന് ശേഷം പ്രിയാമണി മോഡലിങ്ങിലേക്ക് തിരിഞ്ഞു. 2007ൽ പരുത്തിവീരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചു. 2008ൽ പുറത്തിറങ്ങിയ തിരക്കഥ എന്ന മലയാളം സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയർ ചലച്ചിത്ര അവാർഡ് ലഭിച്ചു. പ്രിയമണി രാം, കോ കോ , അന്ന ബോണ്ട്, ഒൺലി വിഷ്ണുവർധൻ തുടങ്ങിയ കന്നഡ സിനിമ‌കളിലും അഭിനയിച്ചിട്ടുണ്ട്.

ആദ്യമായി അഭിനയിച്ച് ‘ കൺകളാൽ കൈത് സൈ’യിലും തെലുങ്കിലെ ആദ്യ സിനിമയായ എവരെ അടഗാടു യിലും അഭിനയിച്ചതിനുശേഷം ബോക്സ് ഓഫീസിൽ അധികം വിജയിക്കാത്ത സത്യം എന്ന സിനിമയിലൂടെ പ്രിയാമണി മലയാള സിനിമയിൽ തുടക്കം കുറിച്ചു. തമിഴ് സിനിമ സംവിധായകനും ഛായാഗ്രാഹകനുമായ ബാലു മഹേന്ദ്ര തന്റെ 2005 ലെ പുറത്തിറങ്ങിയ അത് ഒരു കനാ കാലം എന്ന സിനിമയിൽ അഭിനയിക്കാൻ ക്ഷണിച്ചു. റിലീസിന് മുമ്പ് തന്നെ ബാലു മഹേന്ദ്ര പ്രിയാമണി ഈ സിനിമയിൽ മികച്ച അഭിനയമാണ് കാഴ്ച വച്ചതെന്നും അത് വ്യാപകമായി സ്വീകരിക്കപ്പെടുമെന്നും പറഞ്ഞിരുന്നു. അത് ഒരു കനാ കാലം നിരൂപകർ സ്വീകരിച്ചെങ്കിലും സാമ്പത്തികമായി വിജയിച്ചില്ല. എന്നാൽ പ്രിയമണിയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. ‌2006ൽ പ്രിയമണി ജഗപതി ബാബുവിന്റെ കൂടെ പെല്ലൈന കൊതാലോ എന്ന സിനിമയിൽ അഭിനയിച്ചു.

മഴവിൽ മനോരമ-യുടെ ജഡ്ജിങ് തിരക്കിനിടയിലും കൊച്ചിയിൽ നടക്കുന്ന ജയറാം ഷോ-യുടെ റിഹേഴ്സൽ ക്യാമ്പിൽ പ്രിയ മുടങ്ങാതെ എത്തുന്നു. അമേരിക്കയിൽ ഷോകൾ നിരവധി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ജയറാം ടീമിനൊപ്പം ഇതാദ്യമാണ്. ഷോയിലെ പ്രധാന നായിക കൂടിയാണ് പ്രിയ.ജയറാം ഷോയിൽ പ്രിയാമണിയെ കൂടാതെ, രമേഷ് പിഷാരടി, ബഡായി ബംഗ്ലാവ് ഫെയിം ആര്യ, ഗായകന്‍ ഉണ്ണിമേനോൻ, ധർമ്മജൻ, പാഷാണം ഷാജി എന്ന പേരിൽ അറിയപ്പെടുന്ന വെള്ളിമൂങ്ങ ഫെയിം സാജു നവോദയ, ഹരിശ്രീ യുസഫ്, ഡെലിസി, വിഷ്ണു, സിനിമ ചിരിമാ കോമഡി ഷോയുടെ സ്ക്രിപ്റ്റ് റൈറ്റേഴ്സ് തുടങ്ങി മലയാളത്തിലെ മികച്ച കലാകാരന്മാരുടെ നീണ്ട നിര തന്നെ ഇൗ ഷോയിൽ പങ്കെടുക്കുന്നുണ്ട്. കോറിയോഗ്രാഫർ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ഡാൻസ് െഎറ്റംസ് ഉൾപ്പെടുത്തിയിരിക്കുന്നത്. യൂണൈറ്റഡ് ഗ്ലോബൽ മീഡിയ എന്റർടെയ്ൻമെന്റാണ്( യുജിഎം) പരിപാടിയുടെ നാഷണൽ സ്പോൺസർ. അമേരിക്കയിലും കാനഡയിലുമായി പത്തിലധികം വേദികളിൽ ജയറാം ഷോ അരങ്ങേറുന്നുണ്ട്. സെപ്തംബർ 12 ന് ന്യൂയോർക്കിലും (Colden Center Auditorium, 65-30 Kissena Blvd (at Queens College), Flushing, NY 11367 ) സെപ്തംബർ 13-ന് ന്യൂജേഴ്സിയിലും നടക്കുന്ന പരിപാടി അമേരിക്കയിലെ പ്രശസ്ത എന്റര്‍ടെയ്ൻമെന്റ് ഗ്രൂപ്പ് ഹെഡ്ജ് എന്റർടെയ്ന്‍മെന്റ്സാണ് മലയാളികൾക്കായി ഒരുക്കുന്നത്. ജയറാം ഷോയുടെ കൂടുതൽ വിവരങ്ങൾക്ക്: സജി ഹെഡ്ജ് ഇവന്റ്സ് (516)433-4310 www.hedgeeventsny.com hedgebrokerage@gmail.com

LEAVE A REPLY

Please enter your comment!
Please enter your name here