ആലപ്പുഴ∙ ബിജെപിയടക്കം ഒരു രാഷ്ട്രീയ പാർട്ടിയുമായും എസ്എൻഡിപി കൂട്ടുകൂടില്ലെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വരുന്ന തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയേയും എസ്എൻഡിപി സഹായിക്കില്ല. ബിജെപി, കോൺഗ്രസ്, സിപിഎം എന്നീ പാർട്ടികൾക്ക് അതീതമായൊരു പാർട്ടിയെക്കുറിച്ചാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ആ ആഗ്രഹത്തിനൊപ്പമാണ് എസ്എൻഡിപി. ബിജെപി വരുന്ന തിരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻഡിപിയുടെ ബജറ്റ് സമ്മേളനത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നല്ലതുപോലെ ആലോചിച്ചതിനു ശേഷം മാത്രമേ ഇനി രാഷ്ട്രീയനേതാക്കൾക്ക് എസ്എൻഡിപിയുടെ വേദി നൽകുകയുള്ളൂ. പിണറായിക്കു മുന്നിൽ നല്ലപിള്ള ചമയാനാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ശ്രമം. വിഎസ് ചരിത്രം പഠിക്കണം. തീർഥാടകനായിട്ട് ഒരു തവണയെങ്കിലും വിഎസ് ശിവഗിരിയിൽ പോകണം. വർക്കല രാധാകൃഷ്ണൻ ഒഴികെയുള്ള സിപിഎം അംഗങ്ങൾക്ക് ശിവഗിരിയിൽ വിലക്കുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. എകെജി സെന്ററിലെ സഖാക്കന്മാർ എഴുതി നൽകുന്ന കുറിപ്പ് വായിക്കുക മാത്രമാണ് വിഎസ് ചെയ്യുന്നത്. ആർക്കും വേണ്ടാത്ത ഒരു നേതാവായി വിഎസ് മാറിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

വെള്ളാപ്പള്ളിയെ അതിരൂക്ഷമായ ഭാഷയിൽ ഇന്നലെ വിഎസ് വിമർശിച്ചിരുന്നു. യോഗം ജനറൽ സെക്രട്ടറിയായി മഹാകവി കുമാരനാശാൻ 14 വർഷമിരുന്ന കസേരയിലിരുന്നു ശ്രീനാരായണ ഗുരുവിനെ ഈഴവ ഗുരുവാണെന്നു പറയുന്ന വെള്ളാപ്പള്ളി നടേശന്റെ പ്രവൃത്തി ചരിത്രനിഷേധവും അപകടകരവുമാണെന്നായിരുന്നു വിഎസിന്റെ പ്രസ്താവന. ഗുരു സ്ഥാപിച്ച പ്രസ്ഥാനത്തെ സംഘപരിവാർ ശക്തികളുടെ കാൽക്കീഴിൽ കാണിക്ക വയ്ക്കാനാണു ശ്രമം. ഇത് അനുവദിക്കാനാകില്ല. ജാതിവികാരത്തെ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഹിന്ദുത്വവും ജാതിവ്യവസ്ഥയുടെ ജീർണതകളെ കടപുഴക്കിയെറിഞ്ഞ ഗുരുദർശനവും തമ്മിൽ ഒരു കാലത്തും യോജിച്ചുപോകില്ല. ഇത് എസ്എൻഡിപി യോഗത്തിന്റെ ചരിത്രം തന്നെ നിഷേധിക്കലാവുമെന്നും വിഎസ് ചൂണ്ടിക്കാട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here