Home / Uncategorized / വയറില്ലാതെ വൈദ്യുതി; പുത്തന്‍ മുന്നേറ്റവുമായി ജപ്പാന്‍ ഗവേഷകര്‍

വയറില്ലാതെ വൈദ്യുതി; പുത്തന്‍ മുന്നേറ്റവുമായി ജപ്പാന്‍ ഗവേഷകര്‍

മൈക്രോവേവുകളുടെ രൂപത്തില്‍ 55 മീറ്റര്‍ അകലെയുള്ള ഒരു പോയന്റിലേക്ക് 1.8 കിലോവാട്ട് വൈദ്യുതി വയര്‍ലെസ്സായി കൈമാറാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു. ബഹിരാകാശത്ത് സൗരോര്‍ജമുത്പാദിപ്പിച്ച് ഭൂമിയിലെത്തിക്കാന്‍ ഈ മുന്നേറ്റം വഴിതുറന്നേക്കും

നിക്കോള ടെസ്‌ലയെപ്പോലുള്ള മഹാപ്രതിഭകളെ ഒരു നൂറ്റാണ്ട് മുമ്പ് ആകര്‍ഷിച്ച സംഗതിയാണ് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വയറില്ലാതെ വൈദ്യുതി എത്തിക്കുക എന്നത്. ഇനിയും വേണ്ടത്ര വിജയിച്ചിട്ടില്ലാത്ത ആ മേഖലയില്‍ ജപ്പാന്‍ ശാസ്ത്രജ്ഞര്‍ വന്‍മുന്നേറ്റം നടത്തിയതായി റിപ്പോര്‍ട്ട്.

ഒരു ഇലക്ട്രിക് കെറ്റില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായത്ര വൈദ്യുതി (1.8 kW), 55 മീറ്റര്‍ അകലെയുള്ള ഒരു പോയന്റിലേക്ക് വയറുകളില്ലാതെ സൂക്ഷ്മതരംഗങ്ങളുടെ ( microwaves ) രൂപത്തില്‍ കൃത്യമായി എത്തിക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു.

ബഹിരാകാശത്തുനിന്ന് സൗരവൈദ്യുതി ഭൂമിയിലെത്തിക്കാന്‍ ഭാവിയില്‍ ഈ മുന്നേറ്റം സഹായിച്ചേക്കുമെന്ന്, ‘ജപ്പാന്‍ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ ഏജന്‍സി’ ( ജക്‌സ ) യിലെ ഗവേഷകര്‍ പറഞ്ഞു.

‘ഏതാണ്ട് രണ്ടു കിലോവാട്ടോളം വൈദ്യുതി മൈക്രോവേവുകളുടെ രൂപത്തില്‍ കൃത്യമായ ഒരു ചെറിയ സ്ഥാനത്തേക്ക് എത്തിക്കാന്‍ കഴിയുന്നത് ആദ്യമാണ്. അതും നേരിട്ട് നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു ഉപകരണമുപയോഗിച്ച്’ – ജാപ്പാനിലെ ബഹിരാകാശ ഏജന്‍സിയായ ‘ജക്‌സ’യുടെ വക്താവ് വാര്‍ത്താഏജന്‍സിയോട് പറഞ്ഞു.

സ്‌പേസ് സോളാര്‍ സിസ്റ്റങ്ങള്‍ രൂപപ്പെടുത്താന്‍ ജക്‌സ ഏറെ നാളായി പ്രവര്‍ത്തിച്ചു വരികയാണെന്നും വക്താവ് അറിയിച്ചു.

സ്‌പേസില്‍ സൗരവൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയൊരു മുന്നേറ്റമായിരിക്കും. രാത്രിയെന്നോ പകലെന്നോ, മഴയെന്നോ വെയിലെന്നോ ഉള്ള വ്യത്യാസമില്ലാതെ, അവസാനിക്കാത്ത വൈദ്യുതസ്രോതസ്സായി ബഹിരാകാശ സൗരവൈദ്യുത നിലയങ്ങള്‍ മാറും.

പല കൃത്രിമോപഗ്രഹങ്ങളും ബഹിരാകാശ പേടകങ്ങളും സൗരവൈദ്യുതിയെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ‘അന്താരാഷ്ട്ര ബഹിരാകാശ നിലയത്തി’ന്റെ കാര്യവും വ്യത്യസ്തമല്ല. സൗരോര്‍ജമാണ് അവിടെയും ഉപയോഗിക്കുന്നത്.

എന്നാല്‍, ബഹിരാകാശത്ത് സൗരവൈദ്യുതി ഉത്പാദിപ്പിച്ച് ഭൂമിയിലെത്തിക്കുക എന്നത് ശാസ്ത്രകല്‍പ്പിതകഥയായേ ഇത്രകാലവും കരുതിയിരുന്നുള്ളൂ. പുതിയ മുന്നേറ്റം അതിന് മാറ്റംവരുത്തുകയാണ്.

സൂര്യപ്രകാശത്തില്‍നിന്ന് വൈദ്യുതിയുണ്ടാക്കാന്‍ സഹായിക്കുന്ന പാനലുകളും ആന്റീനകളുമുള്ള സോളാര്‍ ഉപഗ്രഹങ്ങളില്‍നിന്ന് മൈക്രോവേവുകളുടെ രൂപത്തില്‍ ഭൂമിയിലേക്ക് വൈദ്യുതിയെത്തിക്കുക എന്നതാണ് പുതിയ ആശയമെന്ന് ജെക്‌സ വക്താവ് പറഞ്ഞു.

‘പക്ഷേ, ഇത് പ്രായോഗികമാകാന്‍ പതിറ്റാണ്ടുകളെടുക്കും. ഒരുപക്ഷേ, 2040 ലോ അതുകഴിഞ്ഞോ പ്രതീക്ഷിക്കാം’, വക്താവ് അറിയിച്ചു.

വൈദ്യുതി ഭൂമിയിലേക്ക് എത്തിക്കുന്നത് മാത്രമല്ല, മറ്റ് ഒട്ടേറെ വെല്ലുവിളികള്‍ ഈ ആശയം നടപ്പാക്കുമ്പോള്‍ നേരിടേണ്ടിവരും. ഭീമന്‍ സോളാര്‍ പാനലുകളും മറ്റും ബാഹ്യാകാശത്ത് എങ്ങനെ എത്തിക്കും, എങ്ങനെ അവയെ കേടുകൂടാതെ നിലനിര്‍ത്തും തുടങ്ങിയ സംഗതികളെല്ലാം പരിഗണിക്കേണ്ടതുണ്ട്.

ബഹിരകാശത്ത് സൗരവൈദ്യുതി ഉത്പാദിപ്പിക്കുകയെന്ന ആശയം 1960 കളില്‍ തന്നെ യു.എസ്.ഗവേഷകരെ ആകര്‍ഷിച്ച സംഗതിയാണ്. ജപ്പാന്‍ ഗവേഷകര്‍ ഈ പ്രോഗ്രാം ആരംഭിക്കുന്നത് 2009 ലാണ്.

Check Also

രണ്ട് കാൽശരായികൾ (കവിത )

സദൻ തോപ്പിൽ എന്നെ മാറിമാറി സേവിച്ച, രണ്ട് മുറിയുറക്കഷ്ണങ്ങൾ. രണ്ടേരണ്ടു നിറങ്ങൾകൊണ്ട്, തുടരെ രണ്ടദ്ധ്യയനവർഷങ്ങൾ തുടവരെ മാത്രം നാണം മറച്ച്… …

Leave a Reply

Your email address will not be published. Required fields are marked *