ennuന്യൂയോര്‍ക്ക്‌: ട്രൈസ്റ്റേറ്റ്‌ മലയാളികളുടെ കാത്തിരിപ്പിന്‌ വിരാമമിട്ടുകൊണ്ട്‌ പുനരാരംഭിക്കുന്ന മാവേലി തീയേറ്ററിന്റെ ഉദ്‌ഘാടനം റോക്ക്‌ലാന്റിലെ സ്‌പ്രിംഗ്‌ വാലിയില്‍ ഞായറാഴ്‌ച നാലിന് പ്രശസ്‌ത സംവിധായകന്‍ രഞ്‌ജിത്‌ നിര്‍വഹിക്കും.  തുടര്‍ന്ന്‌സൂപ്പര്‍ഹിറ്റ്‌ ചിത്രം `എന്നു നിന്റെ മൊയ്‌തീന്‍’ പ്രദര്‍ശിപ്പിക്കും. സിനിമയുടെ യഥാര്‍ത്ഥ നായകന്‍ ബി.പി. മൊയ്‌തീന്റെ കസിന്‍ യോങ്കേഴ്‌സിലെ കാര്‍ഡിയോളജിസ്റ്റ്‌ ഡോ. അബ്‌ദുള്‍ അസീസും ചടങ്ങില്‍ പങ്കെടുക്കും.

തീയറ്റര്‍ പുനരാരംഭിക്കുന്നതിനു നാനാഭാഗത്തുനിന്നുമായി വലിയ പ്രതികരണമാണ്‌ ലഭിക്കുന്നതെന്നും ഇതില്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യമുണ്ടെന്നും തീയേറ്ററിന്റേയും മലയാളം പത്രത്തിന്റേയും സാരഥി ജേക്കബ്‌ റോയി പറഞ്ഞു. 480 പേര്‍ക്ക്‌ ഇരിക്കാവുന്ന അത്യാധുനിക സംവിധാനങ്ങളുള്ള തീയറ്ററാണ്‌ സ്‌പ്രിംഗ്‌ വാലിയില്‍ സജ്ജമാക്കിയിരിക്കുന്നത്‌. രാമപ്പോ ടൗണിന്റെ കീഴിലുള്ള പെര്‍ഫോമിംഗ്‌ ആര്‍ട്‌സ്‌ സെന്ററാണ്‌ മാവേലി തീയറ്ററാകുന്നത്‌.

തീയറ്ററില്‍ തന്നെ വിശാലമായ കിച്ചണും ഡൈനിംഗ്‌ ഹാളുമുണ്ട്‌. നേരത്തെ മാവേലി തീയേറ്ററിന്റെ വലിയ ആകര്‍ഷണമായിരുന്ന പരിപ്പുവടയും കട്‌ലറ്റും മാത്രമല്ല മറ്റ്‌ ഇന്ത്യന്‍ വിഭവങ്ങളും ലഭ്യമാണ്‌. ഇതിനായി പ്രത്യേക സംവിധാനമൊരുക്കിയതായി ജേക്കബ്‌ റോയി അറിയിച്ചു. സമീപത്ത്‌ പാക്കിസ്ഥാനി- അമേരിക്കന്റെ പാപ്പാ ജോണ്‍സ്‌ പിറ്റ്‌സ ഷോപ്പുമുണ്ട്‌.

നേരത്തെ തീയറ്റര്‍ നിര്‍ത്തിയപ്പോള്‍ അതുതന്നെ ഏറെ ദു:ഖിപ്പിച്ചതായി സംവിധായകന്‍ രഞ്‌ജിത്‌ പറഞ്ഞു. വീണ്ടും തീയേറ്റര്‍ തുറക്കുന്നത്‌ ആഹ്ലാദം പകരുന്നു. പൈറസിയാണ്‌ നേരത്തെ തീയറ്ററിനെ ദോഷകരമായി ബാധിച്ചത്‌. പൈറസിക്കെതിരെ ശക്തമായ നടപടികള്‍ വിവിധ ഗവണ്‍മെന്റുകള്‍ സ്വീകരിച്ചതിന്റെ ഫലം കാണുന്നുവെന്നാണ്‌ ഇതു സൂചിപ്പിക്കുന്നത്‌.

തീയേറ്ററിന്റെ വിലാസം: 64 മെയിന്‍ സ്‌ട്രീറ്റ്‌, സ്‌പ്രിംഗ്‌ വാലി, ന്യൂയോര്‍ക്ക്‌.

LEAVE A REPLY

Please enter your comment!
Please enter your name here