joykulanada

പന്തളം :∙പ്രശസ്ത കാർട്ടൂണിസ്റ്റ് ജോയി കുളനട അന്തരിച്ചു. അർബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. കേരള ലളിതകലാ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. കേരള കാർട്ടൂൺ അക്കാദമി വൈസ് ചെയർമാനായിരുന്നു. കേരള അനിമേഷൻ അക്കാദമി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

കോളേജ് വിദ്യാഭ്യാസകാലത്ത് ‘പന്തളീയൻ‘ കോളജ് മാഗസിന്റെ സ്‌റ്റുഡന്റ് എഡിറ്ററായാണു വരയുടെ ലോകത്തേക്ക് ചുവടുവെയ്‌ക്കുന്നത്. പ്രചോദനമായതു നാട്ടുകാരനായ പ്രശസ്‌തകാർട്ടൂണിസ്‌റ്റ് പി.കെ. മന്ത്രിയും. 1969-ൽ മലയാളനാട് വാരികയിൽ ആദ്യകാർട്ടൂൺ പ്രസിദ്ധീകരിച്ചു. വരയുടെ നാൽപ്പതാം വർഷത്തിലെത്തി നിൽക്കുന്ന ജോയിയെ ഓർമ്മിക്കാൻ നർമ്മഭൂമിയിലെ സൈലന്റ് പ്ലീസ് എന്ന ഒറ്റകാർട്ടൂൺ പംക്‌തി മതിയാവും. മംഗളം വാരികയിലെ ‘മോർഫിംഗ് ‘എന്ന നിശബ്‌ദകാർട്ടൂൺ പംക്‌തിയും ഏറെ ജനശ്രദ്ധനേടിക്കൊടുത്തു.

 1977ൽ വിദേശത്ത് ജോലി ലഭിച്ചുവെങ്കിലും പ്രവാസ ദുരിതങ്ങൾക്കിടയിലും ജോയിയുടെ തൂലിക കൂടുതൽ ഭാവനാസമ്പന്നമായി. ‘ ഗൾഫ് കോർണർ ‘എന്ന പംക്‌തിയിലൂടെ പ്രവാസലോകത്തിന്റെ ദുഃഖങ്ങളും സ്വപ്‌നങ്ങളും പൊങ്ങച്ചങ്ങളും മലയാളിയെ ചിന്തിപ്പിക്കുകയും ചെയ്‌തു. ലോകകാർട്ടൂൺ മേഖലയെ അടുത്തറിയാനും പ്രവാസജീവിതം പ്രചോദകമായി. ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളായ എമിറേറ്റ്‌സ് ന്യൂസ്, അറബി മാസികയായ അൽ- ഹദാഫ് തുടങ്ങിയവയിലൂടെ ജോയിയുടെ നിശബ്‌ദ കാർട്ടൂണുകൾ ലോകത്തെ ചിരിപ്പിച്ചു.

മംഗളം, മാതൃഭൂമി, മലയാളമനോരമ, മനോരാജ്യം തുടങ്ങി മലയാളത്തിൽ ജോയിയുടെ കരസ്‌പർശം പതിയാത്ത പ്രസിദ്ധീകരണങ്ങൾ നന്നേ കുറവ്. സ്‌പോർട്‌സ് കാർട്ടൂണിലും വ്യക്‌തിമുദ്ര പതിപ്പിച്ചിട്ടുള്ള ജോയി കാച്ചിക്കുറുക്കിയ നർമ്മ സംഭാഷണങ്ങൾ അടങ്ങിയ അനേകം കാർട്ടൂണുകൾക്കു തൂലിക ചലിപ്പിച്ചു. എങ്കിലും ലോകമാകെ ജോയിയെ അറിയുന്നതു നിശബ്‌ദതയുടെ വരകാരനായി.

ഭാര്യ: പരേതയായ രമണി.

മക്കള്‍: നിധീഷ് മാത|, ദീപാ അല്‍ബിന്‍ (ഇരുവരും ദുബായില്‍). മരുമക്കള്‍: ആല്‍ബിന്‍ വര്‍ഗീസ്, സഞ്ചു നിധീഷ്.

സംസ്കാരം ബുധാഴ്ച രാവിലെ 10-് സ്വഭവനമായ കുളനട തറയില്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം കുളനട സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗായകന്‍ ബിജു ജോണ്‍ ഫിലാഡല്‍ഫിയാ (ജോയി കുളനടയുടെ സഹോദരീ പുത്രന്‍) 215-789-8682

 

LEAVE A REPLY

Please enter your comment!
Please enter your name here