ഭീകരാക്രമണത്തിനു പിന്നാലെ സിറിയയിലെ ഐ.എസ് ശക്തികേന്ദ്രങ്ങളില്‍ ഫ്രാന്‍സ് വ്യോമാക്രമണം ഊര്‍ജ്ജിതമാക്കി. ഐ.എസിന് സ്വാധീനമുള്ള നഗരത്തില്‍ ബോംബു വര്‍ഷിച്ചുകൊണ്ട് ഞായറാഴ്ച രാത്രിയാണ് ആക്രമണം ഊര്‍ജ്ജിതമാക്കിയത്. ഭീകരര്‍ക്ക് ഒരുവിധത്തിലും മാപ്പുനല്‍കില്ലെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാന്‍സ്വോ ഒലാന്ദെ പറഞ്ഞു.
യു.എസ് സൈന്യത്തിനൊപ്പം ചേര്‍ന്നായിരുന്നു വ്യോമാക്രമണമെന്ന് ഫ്രാന്‍സ് വ്യക്തമാക്കി. 10 ഫ്രഞ്ച് യുദ്ധ വിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തത്. ഐ.എസിന്റെ സ്വയംപ്രഖ്യാപിത തലസ്ഥാനമായി വിശേഷിപ്പിക്കപ്പെടുന്ന റഖയിലെ രണ്ട് ഭീകര കേന്ദ്രങ്ങള്‍ ബോംബിങില്‍ തകര്‍ത്തതായും ഫ്രാന്‍സ് അവകാശപ്പെട്ടു. യു.എസ് സൈന്യം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വ്യോമാക്രമണമെന്ന് അമേരിക്ക വ്യക്തമാക്കി. വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിലും അയല്‍ രാഷ്ട്രമായ ബെല്‍ജിയത്തിലും വ്യാപക റെയ്ഡ് നടത്തി. ഐ.എസ് ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന് കരുതുന്ന പ്രദേശങ്ങളും കെട്ടിങ്ങളും കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. 23 പേരെ അറസ്റ്റു ചെയ്തതായും നൂറിലധികം പേരെ വീട്ടുതടങ്കലിലാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
പാരീസ് ആക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ഒരാള്‍ ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ അറസ്റ്റിലായിട്ടുണ്ട്. മുഹമ്മദ് അബ്ദുസ്സലാം എന്നയാളാണ് അറസ്റ്റിലായത്. ഇതേതുടര്‍ന്നാണ് ബ്രസല്‍സിലും റെയ്ഡ് നടക്കുന്നത്. ഇതിനിടെ പാരീസ് ആക്രമണത്തില്‍ പങ്കെടുത്ത കൂടുതല്‍ ഭീകരരുടെ പേര് ഫ്രഞ്ച് സര്‍ക്കാര്‍ വെളിപ്പെടുത്തി. ഇബ്രാഹീം അബ്ദുസ്സലാം (31), ബിലാല്‍ ഹാദി (20), അഹമ്മദ് അല്‍ മുഹമ്മദ് (25), സമി അമയ്‌മോര്‍ (28) എന്നിവരാണിവര്‍.
ഇതില്‍ ഇബ്രാഹിം അബ്ദുസ്സലാം, സമി അമയ്‌മോര്‍ എന്നിവര്‍ ബാറ്റാക്ലാന്‍ തിയേറ്ററിലും ബിലാല്‍ ഹാദി, അഹമ്മദ് അല്‍ മുഹമ്മദ് എന്നിവര്‍ സ്റ്റെഡ് ഡി ഫ്രാന്‍സ് സ്റ്റേഡിയത്തിനു മുന്നിലും കൊല്ലപ്പെട്ട ചാവേറുകളാണ്. ബാറ്റാക്ലാന്‍ തിയേറ്ററില്‍ കൊല്ലപ്പെട്ട മറ്റൊരു ഭീകരന്‍ ഒമര്‍ ഇസ്മായില്‍ മുസ്തഫൈ ആണെന്ന് കഴിഞ്ഞദിവസം വ്യക്തമായിരുന്നു. ആക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന മറ്റൊരു ഭീകന്റെ പേരുവിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഫ്രഞ്ച് പൗരനായ സലാഹ് അബ്ദുസ്സലാം (26) ആണിത്. ഇയാള്‍ക്കായി അന്വേഷണ ഉദ്യോഗസ്ഥര്‍ വലവിരിച്ചിട്ടുണ്ട്. ഭീകരര്‍ രാജ്യം വിട്ടുപോകാതിരിക്കാന്‍ ആക്രമണം നടന്ന രാത്രി തന്നെ ഫ്രാന്‍സ് അതിര്‍ത്തികള്‍ അടച്ചിട്ടിരുന്നു.

പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി ആറിടങ്ങളിലായി നടന്ന സ്‌ഫോടനങ്ങളിലും വെടിവെപ്പിലും 129 പേരാണ് മരിച്ചത്. 350ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. സിറിയയിലാണ് ആക്രമണം ആസുത്രണം ചെയ്തതെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാള്‍സ് പറഞ്ഞു. ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ ഐ.എസ് കൂടുതല്‍ ആക്രമണത്തിന് പദ്ധതിയിട്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിച്ച് ഫ്രാന്‍സ് ഇന്നലെ രാജ്യം മുഴുവന്‍ ഒരു മിനുട്ട് നേരത്തെ ദുഃഖാചരണം നടത്തി. ഏതെങ്കിലും ഒരു ഭീകരവാദ ഗ്രൂപ്പിനെയല്ല, ഭീകരവാദികളുടെ സൈന്യവുമായാണ് ഫ്രാന്‍സ് പോരാട്ടം നടത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്നലെ മാത്രം 150 കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നതായി അദ്ദേഹം പറഞ്ഞു. കലാഷ്‌നിക്കോവ് തോക്കുകളും റോക്കറ്റ് ലോഞ്ചറുകളും സ്‌ഫോടക വസ്തുക്കളും ഉള്‍പ്പെടെ റെയ്ഡില്‍ വന്‍ ആയുധ ശേഖരം പിടികൂടിയതായി ആഭ്യന്തരമന്ത്രി ബര്‍ണാര്‍ഡ് കാസനോവെ പറഞ്ഞു.
വിദ്വേഷ പ്രചാരണം നടത്തുന്ന പള്ളികള്‍ പൂട്ടുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി
തലസ്ഥാനമായ പാരീസില്‍ 129 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ‘വിദ്വേഷ പ്രചാരണം നടത്തുന്ന’ പള്ളികള്‍ അടച്ചുപൂട്ടുമെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബെര്‍ണാഡ് കാസന്യുവിന്റെ ഭീഷണി. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവരെ ആക്രമിക്കാന്‍ രാജ്യത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ സൗകര്യമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫ്രാന്‍സില്‍ പല പള്ളികള്‍ക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 40ഓളം വിദേശ ഇമാമുമാരെ രാജ്യത്തുനിന്ന് നാടുകടത്തിയതായി ജൂണില്‍ കാസന്യു പറഞ്ഞിരുന്നു. പാരിസ് ആക്രമണത്തിനുശേഷം മുസ്്‌ലിംകള്‍ക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ ശക്തമായിട്ടുണ്ട്. സിറിയയില്‍നിന്ന് എത്തിയ അഭയാര്‍ത്ഥികളോടൊപ്പമാണ് അക്രമികള്‍ എത്തിയതെന്ന് ചിലര്‍ ആരോപിക്കുന്നു. ആക്രമണം നടന്ന ഉടന്‍ ഫ്രാന്‍സിലെ സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പിന് അജ്ഞാതര്‍ തീവെച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here