taxiലോകത്തെ ‘ആദ്യത്തെ പറക്കുന്ന ടാക്‌സി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാഹനം ലാസ് വെഗാസിലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ ( CES 2016 ) അവതരിപ്പിച്ചു. ‘ഈഹാങ് 184’ എന്ന എട്ട് പ്രൊപ്പല്ലറുള്ള ഡ്രോണ്‍ ആണത്.

ചൈനീസ് എയ്‌റോനോട്ടിക്‌സ് കമ്പനിയായ ഈഹാങ് ( EHang ) ആണ് പുതിയ ഡ്രോണ്‍ ടെക്‌നോളജി അവതരിപ്പിച്ചത്. 130 കിലോഗ്രാം ലോഡ് വഹിക്കാന്‍ ശേഷിയുള്ള ഒറ്റ സീറ്റ് ഡ്രോണ്‍ ആണ് ഈഹാങ് 184 ( EHang 184 ).

നിലവില്‍ അവതരിപ്പിച്ച മോഡല്‍ ഒരാളെയും അയാളുടെ ലഗേജും കൊണ്ട് 23 മിനിറ്റ് നേരം പറക്കും. യാത്രക്കാരന്‍ കയറിയിരുന്നാല്‍ മതി, ഡ്രോണ്‍ തനിയെ പറന്നോളും. ‘പേഴ്‌സണല്‍ ട്രാന്‍സ്‌പോര്‍ട്ടിന്റെ ഭാവി’ എന്നാണ്, ഡ്രോണിനെ ഈഹാങ് കമ്പനി എക്‌സിക്യുട്ടീവുകള്‍ വിശേഷിപ്പിച്ചത്.ലോകത്തെ ആദ്യ ഡ്രോണ്‍ ടാക്‌സിയായ ‘ഈഹാങ് 184’ ലാസ് വെഗാസിലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ അവതരിപ്പിച്ചപ്പോള്‍. ഫോട്ടോ: AP

യാത്രക്കാരെ വെച്ച് ഈഹാങ് ഈ ഡ്രോണിന്റെ പരീക്ഷണ പറക്കല്‍ ചൈനയില്‍ നടത്തി വരികയാണ്. 1000 മണിക്കൂറിലേറെ പരീക്ഷണ പറക്കല്‍ ഇതിനകം നടത്തിക്കഴിഞ്ഞു. വരും മാസങ്ങളില്‍ ഡ്രോണിന്റെ പറക്കല്‍ സമയം ഇരട്ടിയും മൂന്നിരട്ടിയുമായി പരീക്ഷിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

രണ്ടു മണിക്കൂര്‍ മതി ഡ്രോണിനെ പൂര്‍ണമായും ചാര്‍ജ് ചെയ്യാനെന്നും ഈഹാങ് എക്‌സിക്യുട്ടീവുകള്‍ പറഞ്ഞു.  ഒരു തരത്തിലുള്ള വിമാനം പറപ്പിക്കല്‍ പരിശീലനവും യാത്ര ചെയ്യുന്നയാള്‍ക്ക് വേണമെന്നില്ല. അതാണ് ഈ ഡ്രോണിന്റെ ഏറ്റവും വലിയ സവിശേഷത. സീറ്റില്‍ കയറിയിരുന്ന് തനിക്ക് പോകേണ്ട സ്ഥലം ജിപിഎസ് യൂണിറ്റില്‍ അടയാളപ്പെടുത്തുകയേ വേണ്ടൂ. ബാക്കി സമയം റിലാക്‌സ് ചെയ്യാം.

ആകാശത്ത് സഞ്ചരിക്കുമ്പോള്‍ കെട്ടിടവുമായോ, മറ്റേതെങ്കിലും വസ്തുവുമായോ കൂട്ടിയിടിച്ചാല്‍ ഡ്രോണ്‍ താഴെ വീഴാതെ വായുവില്‍ തന്നെ തങ്ങിനില്‍ക്കാനുള്ള ഒരു ‘എമര്‍ജന്‍സി സംവിധാനം’ അതിലുണ്ട്.

മാത്രമല്ല, സിസ്റ്റം തകരാര്‍ പോലുള്ള എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍, നിയന്ത്രണ കേന്ദ്രത്തിലുള്ള ഒരു യഥാര്‍ഥ പൈലറ്റിന് ഡ്രോണിന്റെ നിയന്ത്രണം കൈമാറും. അയാള്‍ ഡ്രോണിനെ സുരക്ഷിതമായി നിലത്തിറക്കും. ബാറ്ററി തീരാറായാല്‍, ഡ്രോണ്‍ ഏറ്റവുമടുത്തുള്ള സുരക്ഷിത സ്ഥാനത്ത് സ്വയം ഇറങ്ങും.

ഡ്രോണ്‍ ടാക്‌സിയുടെ പ്രാഥമിക രൂപമാണ് ഇപ്പോള്‍ അവതരിപ്പിച്ചത്. യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ ഇത് തയ്യാറാകാന്‍ ഇനിയും വര്‍ഷങ്ങളെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here