പ്രശസ്ത നടി കല്‍പന ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൈദരബാദില്‍ അന്തരിച്ചു. 51 വയസായിരുന്നു. സംസ്‌കാരം നാളെ. മൃതദേഹം ഇന്നു രാത്രിയില്‍ കൊച്ചിയില്‍ എത്തിക്കും. തുടര്‍ന്ന് തൃപ്പൂണിത്തുറയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഏറ്റവും പുതിയ ചിത്രമായ ചാര്‍ലി, ബാംഗ്‌ളൂര്‍ ഡേയ്‌സ്, സ്പിരിറ്റ്,് എന്നിവയടക്കം മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
നാഗാര്‍ജുന നായകനായ തെലുങ്കു ചിത്രത്തില്‍ അഭിനയിക്കാന്‍ ഇന്നലെയാണ് ഹൈദരബാദില്‍ എത്തിയത്. രാവിലെ ഹോട്ടല്‍ മുറിയില്‍ അനക്കമില്ലാതെ കിടക്കുന്നതു കണ്ട് ഉടന്‍ തന്നെ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സിബി മലയില്‍, ബാല തുടങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകരും മലയാള സിനിമാ അസോസിയേഷന്‍ ഭാരവാഹികളും ആശുപത്രിയിലെത്തി.
വളരെയെളുപ്പത്തില്‍ ഹാസ്യം വഴങ്ങുന്ന അപൂര്‍വ പ്രതിഭയുള്ള നടിയായിരുന്നു കല്‍പന. എന്നാല്‍ യഥാര്‍ത്ഥ അഭിനേതാവിന്റെ പ്രതിഭ തെളിയിക്കുന്ന മികച്ച കഥാപാത്രങ്ങളും കല്‍പന അനശ്വരമാക്കിയിട്ടുണ്ട്. സ്പിരിറ്റിലെ  മണിയന്‍ എന്ന മുഴുക്കുടിയന്റെ ഭാര്യയുടെ വേഷം, ബാംഗ്ലൂര്‍ ഡേയ്‌സിലെ നിവിന്‍ പോളിയുടെ അമ്മ വേഷം ഇതൊക്ക വളരെരെയധികം ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളാണ്. ഏറ്റവുമൊടുവില്‍ അഭിനയിച്ച ചാര്‍ലി എന്ന ചിത്രത്തിലെ അഭിസാരിക മേരി എന്ന കഥാപാത്രത്തെ ഉജ്വലമാക്കിയത് കല്‍പനയുടെ അസാമാന്യ പ്രതിഭയായിരുന്നു. സംഭാഷണമില്ലാതെ ഭാവാഭിനയം കൊണ്ടു മാത്രം ഒരു ദുരിത ജന്‍മത്തെ പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു ആ കഥാപാത്രത്തെ അവിസ്മരണീയമാക്കി. നിരവധി പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ കല്‍പനയുടെ സമീപകാല കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ചാര്‍ലിയിലെ മേരി. തന്റെ എല്ലാ സങ്കടങ്ങളും അവസാനിപ്പിച്ച് കടലിന്റെ ആഴങ്ങളിലേക്കു പോയതു പോലെയാണ് ഇപ്പോള്‍ കല്‍നയുടെ അവസാന യാത്ര.
‘തനിച്ചല്ല ഞാന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കല്‍പനയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചത്. മലയാളത്തില്‍ ഹാസ്യ കഥാപാത്രങ്ങളെ അനായാസ ചടുലതയോടെ അവതരിപ്പിക്കുമ്പോഴും ഇടയ്ക്കിടെ പ്രതിഭയുളളവര്‍ക്കു മാത്രം നല്‍കാന്‍ കഴിയുന്ന ചില അവിസ്മരണീയ കഥാപാത്രങ്ങളും അവര്‍ പ്രേക്ഷകര്‍ക്കായി കാഴ്ച വച്ചു. മലയാളത്തില്‍ തനിക്കു മുന്‍ഗാമികളോ പിന്‍ഗാമികളോ കല്‍പനയ്ക്കില്ല. അതുകൊണ്ടു തന്നെ അവരുടെ സ്ഥാനത്ത് ഇനിയൊരു ശൂന്യതയാകും വെള്ളിത്തിരയില്‍.

LEAVE A REPLY

Please enter your comment!
Please enter your name here