.
.

മന്ത്രിസഭയില്‍ ഒന്നിനും കൊള്ളാത്തവരുണ്ടെന്ന് സുധീരന്‍

തിരുവനന്തപുരം: മന്ത്രിമാരുടെ കഴിവുകേടിനെതിരെ തുറന്നു പ്രതികരിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. മന്ത്രിമാരെക്കുറിച്ച് അഭിമാനം മാത്രമേയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യൂത്ത് കോണ്‍ഗ്രസ് നേതൃത്വ പരിശീലന ക്യാമ്പിലാണ് മന്ത്രിമാരെച്ചൊല്ലി പുതിയ വിവാദം. ക്യാമ്പില്‍ രാവിലെ സംസാരിച്ച വി.എം.സുധീരന്‍ മന്ത്രിമാര്‍ക്കെതിരെ ആഞ്ഞടിച്ചു.''നിരവധി കാര്യങ്ങള്‍ ഓരോ സമയത്ത് ചെയ്യുന്ന മുഖ്യമന്ത്രി എല്ലാവര്‍ക്കും മാതൃകയാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ ശ്രമം കൊണ്ട് എല്ലാ കാര്യങ്ങളും നടക്കില്ല. നമ്മുടെ മന്ത്രിസഭയില്‍ ചിലര്‍ മിടുക്കന്‍മാരാണ്. എന്നാല്‍ ഒന്നിനും കൊള്ളാത്തവരും മന്ത്രിസഭയിലുണ്ട്'' - സുധീരന്‍ പറഞ്ഞു.

''ചിലരുടെ കഴിവുകേട് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇവിടെ എന്താണു നടക്കുന്നതെന്ന് അറിയാത്ത മന്ത്രിമാര്‍ പോലുമുണ്ട്. മന്ത്രിമാരെ നിര്‍ത്തിക്കൊണ്ട് പ്രൈവറ്റ് സെക്രട്ടറിമാര്‍, പല നിര്‍ണായക കാര്യങ്ങളിലും നിര്‍ദേശം നല്‍കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. ചില മന്ത്രിമാര്‍ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിയന്ത്രണത്തിലാണ്'' - സുധീരന്‍ പറഞ്ഞു. സി.പി.എമ്മിന്റെ അപചയം വര്‍ഗീയ ഫാസിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഗുണമായെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.സാധാരണ ഗതിയില്‍ സി.പി.എമ്മിന് അപചയം സംഭവിക്കുമ്പോള്‍ കോണ്‍ഗ്രസിന് അതിന്റെ ഗുണം ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കാണ് നേട്ടമുണ്ടായതെന്നും സുധീരന്‍ പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് കാര്യങ്ങള്‍ നേടിയെടുക്കാന്‍ ദല്ലാളന്‍മാര്‍ ജില്ലകള്‍ തോറും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായും സുധീരന്‍ വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസ് നേതൃത്വ പരിശീലന ക്യാമ്പില്‍ പങ്കെടുത്തശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് മാധ്യമ പ്രവര്‍ത്തകര്‍ സുധീരന്റെ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം മന്ത്രിമാരെ ന്യായീകരിച്ചത്. ''മന്ത്രിമാരെക്കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം സുധീരനുണ്ട്. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ മികച്ച ടീമാണ് എനിക്കുള്ളത്. അതില്‍ എനിക്ക് അഭിമാനമുണ്ട്. മന്ത്രിമാരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഒരു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ കൈവരിച്ച നേട്ടം. മന്ത്രിമാര്‍ക്ക് വീഴ്ചയുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം എനിക്കുതന്നെയാണ്. എല്ലാ മന്ത്രിമാരും എന്നോട് ആലോചിച്ചശേഷമാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്'' - മുഖ്യമന്ത്രി പറഞ്ഞു.

സ്വകാര്യ കരിമണല്‍ ഖനനത്തിന് അനുകൂലമായി ഒരു തീരുമാനവും തന്റെ സര്‍ക്കാര്‍ കൈക്കൊള്ളില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുവാക്കളുടെ അംഗീകാരത്തോടെ മാത്രമേ പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് പി.സി.വിഷ്ണുനാഥ്, എം.എ.വാഹിദ് എം.എല്‍.എ, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് എം.ലിജു, പന്തളം സുധാകരന്‍, ബിജോയ് ബാബു, ഹക്കിം കുന്നില്‍, ഡി.വി.വിനോദ് കൃഷ്ണ, മനോജ് മുത്തേടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മന്ത്രിസഭയില്‍ ഒന്നിനും കൊള്ളാത്തവരുണ്ടെന്ന് സുധീരന്‍
 
Hosting: Ilimitada Hosting Chile VPS