.
.

മോഡി തെറ്റൊന്നും ചെയ്തില്ലെന്ന് ബാബ രാംദേവ്

മോഡി 'ഗുജറാത്ത്കടുവ'യെന്ന് കോണ്‍ഗ്രസ് എം.പി.

അഹമ്മദാബാദ്/ ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് കോണ്‍ഗ്രസ് രാജ്യസഭാംഗം വിജയ് ദര്‍ദയുടെ പ്രശംസ. മോഡി ഗുജറാത്തിലെ കടുവയാണെന്നാണ് അദ്ദേഹം വാഴ്ത്തിയത്. ഇത് കോണ്‍ഗ്രസ്സിനെ വെട്ടിലാക്കി.അഹമ്മദാബാദില്‍ ഒരു പുരസ്‌കാരദാനച്ചടങ്ങിനിടെയാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള എം.പി.യായ ദര്‍ദ വിവാദപരാമര്‍ശം നടത്തിയത്. മോഡിയും യോഗഗുരു ബാബ രാംദേവും വേദിയിലുണ്ടായിരുന്നു. മോഡിയുടെ പ്രവര്‍ത്തന ശൈലിയും ജോലിയോടുള്ള പ്രതിബദ്ധതയും കടുവയെ അനുസ്മരിപ്പിക്കുന്നതാണെന്നാണ് ദര്‍ദ പറഞ്ഞത്.

തുടര്‍ന്ന് സംസാരിച്ച മോഡി കോണ്‍ഗ്രസ്സിന് ഒരു അടി കൊടുക്കാനും മടിച്ചില്ല. 'എന്നെ പ്രശംസിച്ചതിന്റെ പേരില്‍ ദര്‍ദയ്ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നോട്ടീസയച്ചെന്ന് നാളത്തെ പത്രത്തില്‍ വായിക്കാന്‍ കഴിഞ്ഞാല്‍ അത്ഭുതപ്പെടാനില്ല'-അദ്ദേഹം പറഞ്ഞു.ദര്‍ദയുടെ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് കരുതലോടെയാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. ഗുജറാത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് വിവരങ്ങള്‍ അന്വേഷിച്ചറിയുമെന്നും എന്തുവേണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി പറഞ്ഞു.

എന്നാല്‍ മതപരമായ ഒരു ചടങ്ങില്‍വെച്ച് ഹൃദയം തുറന്ന് നടത്തിയ പരാമര്‍ശങ്ങള്‍ മാത്രമായിരുന്നു തന്‍േറതെന്ന് ദര്‍ദ പ്രതികരിച്ചു. 'അത്തരം ചടങ്ങുകളില്‍ ആതിഥേയരെക്കുറിച്ച് നല്ലതുമാത്രം പറയുന്നതാണ് നമ്മുടെ സംസ്‌കാരം. അതുമാത്രമേ എന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളൂ'-അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ മാധ്യമസ്ഥാപനത്തിന്റെ മുഖ്യപത്രാധിപര്‍ കൂടിയാണ് ദര്‍ദ. മാധ്യമരംഗത്തെ സംഭാവനകള്‍ക്കുള്ള തരുണ്‍ക്രാന്തി പുരസ്‌കാരമാണ് അദ്ദേഹം ചടങ്ങില്‍ ഏറ്റുവാങ്ങിയത്.

മറ്റൊരു പുരസ്‌കാരജേതാവായ ബാബ രാംദേവും മോഡിയെ വാഴ്ത്തിയാണ് സംസാരിച്ചത്. ഗുജറാത്തില്‍ അഴിമതി നടക്കുന്നില്ലേയെന്ന് എല്ലാവരും ചോദിക്കുന്നു. എന്നാല്‍ അഴിമതി കണ്ടെത്താന്‍ തനിക്ക് കഴിഞ്ഞിട്ടില്ല. മോഡി തെറ്റൊന്നും ചെയ്തിട്ടുമില്ല-രാംദേവ് പറഞ്ഞു.

മോഡി തെറ്റൊന്നും ചെയ്തില്ലെന്ന് ബാബ രാംദേവ്
 
Hosting: Ilimitada Hosting Chile VPS