.
.

മരണഗന്ധവുമായി തമിഴ്‌നാട് എക്‌സ്പ്രസ്സ്

ചെന്നൈ: ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനുള്ളില്‍ മരണവീട്ടിലെന്നപോലെ ദുഃഖം തളംകെട്ടിന്നു. ആറാംനമ്പര്‍ പ്ലാറ്റ്‌ഫോമില്‍ തിങ്കളാഴ്ച രാവിലെ ഏഴു മണിമുതല്‍ ദുരന്തവാര്‍ത്തയറിഞ്ഞ് കാത്തുനില്‍ക്കുന്നവരായിരുന്നു ഭൂരിഭാഗം പേരും. നെല്ലൂരിലെ അപകടത്തില്‍ തങ്ങളുടെ ഉറ്റവര്‍ക്കെന്തെങ്കിലും പറ്റിയിട്ടുണ്ടോയെന്ന ആശങ്കയില്‍ പലരും ഒന്നുംതന്നെ സംസാരിക്കുന്നുപോലുമുണ്ടായിരുന്നില്ല. മാധ്യമപ്രവര്‍ത്തകരും റെയില്‍വേ അധികൃതരും പോലീസുകാരും ഒരുപോലെ ദൂരേക്ക് കണ്ണുനട്ടുകൊണ്ട് വണ്ടിക്കുവേണ്ടി നിലയുറപ്പിച്ചു.

സമയം 11.40; അങ്ങേയറ്റത്ത് 12622 തമിഴ്‌നാട് എക്‌സ്പ്രസ്സിന്റെ മുഖം പ്രത്യക്ഷമായി. മരണം തീനാമ്പുകളുടെ രൂപത്തില്‍ മേഞ്ഞുനടന്ന എസ്. 11 എന്ന അഭിശപ്തമായ കോച്ച് മാത്രമില്ലാതെ തമിഴ്‌നാട് എക്‌സ്പ്രസ് ചെന്നൈ സെന്‍ട്രലിലേക്കെത്തുകയാണ്. സാധാരണയിലും പതുക്കെയാണ് വണ്ടി പ്ലാറ്റ്‌ഫോമിലേക്കെത്തിയത്. എസ്. പത്തിനും 12-നുമടുത്തേക്കായിരുന്നു മാധ്യമസംഘം ആദ്യം നീങ്ങിയത്.

അത്യാഹിതത്തിന്റെ 'കരിഞ്ഞ' പാടുകളുമായി എസ്. 10 എല്ലാവരുടെയും മുന്നില്‍. എസ്. 11 ല്‍ നിന്നുള്ള തീ ഈ കോച്ചിന്റെ തുടക്കത്തിലേക്കും പടര്‍ന്നിരുന്നുവെന്നത് വ്യക്തമായിരുന്നു. എസ്. 11-നും പത്തിനുമിടയിലുള്ള ഇടനാഴി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അതിനോടു ചേര്‍ന്ന ടോയ്‌ലറ്റുകളുടെ വാതിലുകളും കരിഞ്ഞമര്‍ന്നിരുന്നു. ഭാഗ്യത്തിന് അതിനുമപ്പുറത്തേക്ക് എസ്. പത്തില്‍ അത്യാഹിതമൊന്നുമുണ്ടായില്ല.

ചെറിയൊരു പൊട്ടിത്തെറി പോലൊരു ശബ്ദം കേട്ടാണ് താന്‍ ഞെട്ടിയുണര്‍ന്നതെന്ന് എസ്. പത്തിലുണ്ടായിരുന്ന ശന്തനു എന്ന യാത്രക്കാരന്‍ പറഞ്ഞു. ബഹളത്തിനുള്ളില്‍ നിന്ന് ഒരു കണക്കിനാണ് പുറത്തിറങ്ങിയത്. അപ്പോഴേക്കും എസ്. പതിനൊന്നിനെ തീ മൂടിയിരുന്നു. പത്തിരുപത് മിനിറ്റിനുള്ളില്‍ എല്ലാം അവസാനിച്ചെന്നാണ് ശന്തനു പറയുന്നത്.

രാം സുധാകര്‍ എസ്. പതിനൊന്നില്‍ ഏഴാം നമ്പര്‍ ബെര്‍ത്തുകാരനായിരുന്നു. വിശാഖപട്ടണത്ത് സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ ജീവനക്കാരനായ രാംസുധാകര്‍ ജോലിയുമായി ബന്ധപ്പെട്ട് ചെന്നൈക്ക് വരികയായിരുന്നു. പുലര്‍ച്ചെ നാലേകാലോടെയാണ് ബഹളംകേട്ട് താന്‍ ഞെട്ടിയെഴുന്നേറ്റതെന്ന് രാംസുധാകര്‍ പറഞ്ഞു. ആളുകള്‍ ഓടിവരുന്നുണ്ടായിരുന്നു. എന്തൊക്കെയോ കരിയുന്ന മണം വരുന്നുണ്ടായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ പുകയും നിറയാന്‍ തുടങ്ങി. ഒരു കണക്കിനാണ് തിവണ്ടി നിര്‍ത്താനുള്ള ചങ്ങല വലിച്ചതെന്നും രാം സുധാകര്‍ പറഞ്ഞു.

എസ്. 11-ലെ മൂന്ന് വാതിലുകളും തുറക്കാനാവാത്ത നിലയിലായിരുന്നെന്നും ഒരു വാതില്‍ ഒരുവിധത്തില്‍ തുറന്നത് താനാണെന്നും അദ്ദേഹം ഓര്‍മിച്ചു. 15 പേരെയെങ്കിലും ഈ വാതിലിലൂടെ രക്ഷിക്കാനായെന്നാണ് രാം സുധാകര്‍ പറയുന്നത്. എസ്. 11-ന്റെ അങ്ങേയറ്റത്തുള്ളവരാണ് പുകയിലും തീയിലും കുടുങ്ങിപ്പോയതെന്നും അതിവേഗത്തിലാണ് തീ പടര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭോപ്പാലില്‍ നിന്നുമുള്ള സുധീര്‍ വാസ്തവ മാതാപിതാക്കളോടൊപ്പമാണ് സെന്‍ട്രല്‍ സ്റ്റേഷനിലെ ഹെല്‍പ്‌സെന്ററില്‍ എത്തിയത്. ചെന്നൈയിലെ എസ്. ആര്‍.എം. സര്‍വകലാശാലയില്‍ ചേരാന്‍ വേണ്ടിയാണ് സുധീര്‍ തമിഴ്‌നാട് എക്‌സ്പ്രസ്സില്‍ കയറിയത്.പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകളടക്കമുള്ള പെട്ടി നഷ്ടപ്പെട്ടെങ്കിലും ജീവന്‍ തിരിച്ചുകിട്ടിയതിന്റെ ആശ്വാസം സുധീറിന്റെയും മാതാപിതാക്കളുടെയും മുഖത്തുണ്ടായിരുന്നു.

മലയാളിയായ ഹംസ എസ്. 12-ലാണുണ്ടായിരുന്നത്. ഒരു പൊട്ടിത്തെറിയുടെ ശബ്ദം താനും കേട്ടെന്ന് ഹംസയും പറയുന്നു. അതിവേഗം പടര്‍ന്ന തീയും പുകയും കാരണം പുറത്തുനിന്ന് ആര്‍ക്കും എസ്. 11-ന്റെ ഉള്ളിലേക്ക് പ്രവേശിക്കാനാവാത്ത അവസ്ഥയായിരുന്നെന്നും ഹംസ പറയുന്നു.ശാരീരികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ച നാലു യാത്രക്കാരെ ചെന്നൈയിലെ പെരമ്പൂരിലുള്ള റെയില്‍വേ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ഭൂപേന്ദ്രസിങ് ചന്ദര്‍, ഓംപ്രകാശ് മുന്ന, വിജയ് സിങ് ചന്ദര്‍, എം. ദിവാകര്‍ എന്നിവരെയാണ് പെരമ്പൂര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

മരണഗന്ധവുമായി തമിഴ്‌നാട് എക്‌സ്പ്രസ്സ്
 
Hosting: Ilimitada Hosting Chile VPS