.
.

ജാമ്യത്തിന് കോഴ: ബി.ജെ.പി. കൂടുതല്‍ പ്രതിസന്ധിയിലേക്ക്

ബാംഗ്ലൂര്‍: ആന്ധ്രയിലെ അനധികൃത ഖനനക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി ജനാര്‍ദന റെഡ്ഡിക്ക് ജാമ്യം ലഭിക്കാന്‍ ജഡ്ജിക്ക് കോഴ നല്‍കിയെന്ന കേസ് ബി.ജെ.പി.ക്ക് തിരിച്ചടിയായി. ജനാര്‍ദനറെഡ്ഡിയുടെ അനുയായികളായ എം.എല്‍.എ.മാര്‍ കേസില്‍ അന്വേഷണം നടത്തുന്ന ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ നിരീക്ഷണത്തിലാണ്. കാംബ്ലി എം.എല്‍.എ. സുരേഷ് ബാബുവിന് പിന്നാലെ സോമശേഖരറെഡ്ഡിയും അറസ്റ്റുഭീതിയിലാണ്. കേസില്‍ ചോദ്യംചെയ്യലിന് ബുധനാഴ്ച ഹൈദരാബാദ് എ.സി.ബി. ഓഫീസില്‍ ഹാജരാകുന്ന സോമശേഖരറെഡ്ഡിയെ അറസ്റ്റുചെയ്യുമെന്ന് സൂചനയുണ്ട്. ജഡ്ജിക്ക് കോഴനല്‍കിയ കേസില്‍ ബി.ജെ.പി. എം.എല്‍.എമാര്‍ ഉള്‍പ്പെട്ടത് ദേശീയതലത്തില്‍ത്തന്നെ ബി.ജെ.പി.ക്ക് തിരിച്ചടിയായിരിക്കുകയാണ്. 100 കോടി രൂപ കോഴ നല്‍കാന്‍ റെഡ്ഡിപക്ഷത്തെ എം.എല്‍.എമാര്‍ തയ്യാറായതായ വെളിപ്പെടുത്തല്‍ ബി.ജെ.പി. നേതാക്കള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളെ ശരിവെക്കുന്നതാണെന്ന് കോണ്‍ഗ്രസും അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം പ്രധാനമായും ഉയര്‍ത്തുന്ന പ്രശ്‌നം ഇതായിരിക്കും.

ബെല്ലാരി മേഖലയില്‍ റെഡ്ഡിപക്ഷത്തെ പിന്തുണയ്ക്കുന്ന പതിനഞ്ചോളം എം.എല്‍.എ.മാരുണ്ട്. അനുയായിയായ ആനന്ദസിങ്ങിന് മന്ത്രിസ്ഥാനം നല്‍കിക്കൊണ്ടാണ് റെഡ്ഡി പക്ഷത്തിന്റെ വിമതനീക്കത്തിന് മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ താത്കാലികമായി തടയിട്ടത്. എന്നാല്‍ സോമശേഖരറെഡ്ഡിയെ എ.സി.ബി. അറസ്റ്റു ചെയ്യുകയാണെങ്കില്‍ അന്വേഷണഏജന്‍സിയുടെ നിരീക്ഷണത്തിലുള്ള എം.എല്‍.എമാരെ കൈയൊഴിയാന്‍ ബി.ജെ.പി. നിര്‍ബന്ധിതരാകും. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ ചെയര്‍മാന്‍സ്ഥാനത്തു നിന്ന സോമശേഖരറെഡ്ഡിയെ നീക്കംചെയ്യാനും നിര്‍ബന്ധിതരാകും. ഇത് പാര്‍ട്ടിയില്‍ വീണ്ടും വിഭാഗീയതയ്ക്ക് ഇടയാക്കുമെന്നാണ് കരുതുന്നത്. ഇതോടൊപ്പം അനധികൃതഖനനത്തില്‍ യെദ്യൂരപ്പയ്‌ക്കെതിരെയുള്ള അന്വേഷണറിപ്പോര്‍ട്ട് ആഗസ്ത് മൂന്നിന് സി.ബി.ഐ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനിരിക്കുകയാണ്. യെദ്യൂരപ്പ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ബി.ജെ.പിയില്‍ വീണ്ടും പ്രതിസന്ധിയിലാകും.

ജാമ്യത്തിന് കോഴ: ബി.ജെ.പി. കൂടുതല്‍ പ്രതിസന്ധിയിലേക്ക്
 
Hosting: Ilimitada Hosting Chile VPS