|
നഴ്‌സുമാരുടെ സമരം: കോതമംഗലത്ത് ഹര്‍ത്താല്‍
കോതമംഗലം: മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ അസ്പത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പിലെത്തിയില്ല. ബുധനാഴ്ച രാവിലെ ആസ്പത്രി കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ മൂന്ന് നഴ്‌സുമാര്‍ ഇപ്പോഴും കെട്ടിടത്തിനു മുകളില്‍തന്നെയാണ്. മാനേജ്‌മെന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കോതമംഗലം താലൂക്കില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.അതിനിടെ, നഴ്‌സുമാരുടെ പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. ഇതിനുവേണ്ടി രാവിലെ ലേബര്‍ കമ്മീഷണര്‍ സ്ഥലത്തെത്തും. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ നിര്‍ദ്ദേശപ്രകാരമാണ് ലേബര്‍ കമ്മീഷണര്‍ ചര്‍ച്ചയ്‌ക്കെത്തുന്നത്. കളക്ടര്‍ ഇന്നലെ രാത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് മന്ത്രി ഇടപെട്ടത്. മുഴുവന്‍ ബോണ്ട് നഴ്‌സുമാരെയും സ്ഥിരപ്പെടുത്താനാവില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയതോടെയാണ് ഇന്നലെ നടന്ന ചര്‍ച്ച വഴിമുട്ടിയത്. നഴ്‌സുമാര്‍ ആത്മഹത്യാഭീഷണി മുഴക്കിയതോടെ വന്‍ ജനക്കൂട്ടം ആസ്പത്രിയ്ക്ക് മുന്നില്‍ തടിച്ചുകൂടി. അഗ്‌നിശമന സേനാംഗങ്ങളും രംഗത്തെത്തി. ജനങ്ങള്‍ ആസ്പത്രി മാനേജ്‌മെന്റിനും പോലീസിനുമെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി. ക്ഷുഭിതരായ നാട്ടകാര്‍ പിന്നീട് കൊച്ചി ധനുഷ്‌കൊടി ദേശീയപാത ഉപരോധിച്ചു. ബുധനാഴ്ച കാലത്ത് ഒന്‍പതര മുതല്‍ ദേശീയപാതയിലെ ഗതാഗതം തടസപ്പെട്ടു. റോഡ് ഉപരോധത്തിനിടെ നാട്ടുകാരും പോലീസും തമ്മില്‍ വന്‍ സംഘര്‍ഷവും ഉണ്ടായി. പോലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ നടന്ന കല്ലേറില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. അതിനിടെ തൊഴില്‍മന്ത്രി ഷിബു ബേബി ജോണും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും നഴ്‌സുമാരുമായി ഫോണില്‍ ബന്ധപ്പെട്ടവെങ്കിലും പ്രശ്‌നം പരിഹരിക്കാനായില്ല. |
















