.
.

വി.എസ്സിന്റെ തട്ടകത്തില്‍ പി.ബി. വിലക്കുലംഘിച്ച് പിണറായി

ആലപ്പുഴ: വി.എസ്. അച്യുതാനന്ദന്റെ തട്ടകത്തില്‍ പി.ബി.യുടെ വിലക്കു ലംഘിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ വിഴുപ്പലക്കല്‍. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെയും പാര്‍ട്ടികോണ്‍ഗ്രസ്സിന്റെയും തീരുമാനങ്ങളും പാര്‍ട്ടി പ്രത്യയശാസ്ത്രരേഖയും റിപ്പോര്‍ട്ടുചെയ്ത പിണറായിയുടെ പ്രസംഗമാണ് വിവാദമായത്. തിങ്കളാഴ്ച ആലപ്പുഴയിലും ചൊവ്വാഴ്ച കായംകുളത്തും നടന്ന പിണറായിയുടെ റിപ്പോര്‍ട്ടിങ്ങിനെതിരെ വി.എസ്. അനുകൂലികള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് പരാതി അയച്ചു.

സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ പി.ബി. നിര്‍ദ്ദേശപ്രകാരം ഒഴിവാക്കിയ സംഘടനാറിപ്പോര്‍ട്ടിലെ 27-ാം പേജിലെ വിവരങ്ങള്‍ റിപ്പോര്‍ട്ടിങ്ങില്‍ അവതരിപ്പിച്ചതായാണ് വി.എസ്. പക്ഷം കേന്ദ്രനേതൃത്വത്തെ അറിയിച്ചത്. ഇത് അച്ചടക്കലംഘനമായും ചൂണ്ടിക്കാട്ടുന്നു.

ജില്ലാകമ്മിറ്റിയംഗങ്ങള്‍, ഏരിയാകമ്മിറ്റിയംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ തുടങ്ങി ബ്രാഞ്ചുസെക്രട്ടറി വരെയുള്ളവരുടെ യോഗത്തില്‍ ആലപ്പുഴയില്‍നിന്നുള്ള കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക്, സംസ്ഥാന സമിതിയംഗം സി.എസ്. സുജാത എന്നിവരുടെ അസാന്നിധ്യം ശ്രദ്ധേയമായി.

ആയുര്‍വേദ ചികിത്സയില്‍ കഴിയുന്ന സംസ്ഥാന സമിതിയംഗം ജി. സുധാകരനും യോഗത്തില്‍ പങ്കെടുത്തിട്ടില്ല. വി.എസ്സിനെതിരെ നേരത്തെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പിണറായി ഉന്നയിച്ച ആരോപണങ്ങള്‍ ആലപ്പുഴയിലും കായംകുളത്തും നടന്ന യോഗങ്ങളിലും ആവര്‍ത്തിച്ചു.

താന്‍ നയിച്ച നവകേരളയാത്രയുടെ ഉദ്ഘാടനം വി.എസ്. വിവാദത്തിലാക്കിയത്, എസ്.എന്‍.സി. ലാവലിന്‍ കേസില്‍ വി.എസ്. സ്വീകരിച്ച നിലപാടുകള്‍, കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് പി.ബി. അഭിപ്രായപ്പെട്ടിട്ടും വി.എസ്. പഴയനിലപാടില്‍ ഉറച്ചുനിന്നത്, ലോകസഭാ തിരഞ്ഞെടുപ്പില്‍ ലാവലിന്‍ വി.എസ്. വിവാദമാക്കിയത്, ലാവലിന്‍കേസില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യേണ്ടെന്ന് പാര്‍ട്ടി സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടും പിറ്റേന്നത്തെ മന്ത്രിസഭാ യോഗത്തില്‍ വി.എസ്. പാര്‍ട്ടി തീരുമാനം അട്ടിമറിക്കാന്‍ ശ്രമിച്ചത് എന്നിങ്ങനെ വി.എസ്സിനെ നിശിതമായി വിമര്‍ശിച്ചായിരുന്നു റിപ്പോര്‍ട്ടിങ്.

ഇടമലയാര്‍ കേസ് അടക്കമുള്ളവയുടെ നടത്തിപ്പിന് ആവശ്യപ്പെട്ടപ്പോഴൊക്കെ വി.എസ്സിന് പാര്‍ട്ടി പണം നല്‍കി. 10 ലക്ഷം രൂപയുടെ ബാധ്യത ഉണ്ടെന്നുപറഞ്ഞ് കത്തുനല്കിയപ്പോള്‍ പാര്‍ട്ടി അനുഭാവപൂര്‍വം പരിഗണിച്ചു. 98നു ശേഷം പണം സ്വയം കണ്ടെത്തി

ക്കൊള്ളാമെന്നാണ് വി.എസ്. പറഞ്ഞത്. അഭിഭാഷകര്‍ക്ക് ദശലക്ഷങ്ങള്‍ നല്‍കി. ഈ പണം എവിടെനിന്നു കണ്ടെത്തിയെന്ന് തനിക്കോ പാര്‍ട്ടിക്കോ അറിയില്ലെന്നും പിണറായി പറഞ്ഞു. ആലപ്പുഴയില്‍ റിപ്പോര്‍ട്ടിങ്ങില്‍ വി.എസ്സിനെതിരെ ഉന്നയിച്ച വിമര്‍ശനം കായംകുളത്തും ആവര്‍ത്തിച്ചു. വ്യാഴാഴ്ച മാവേലിക്കരയിലും പിണറായിതന്നെ റിപ്പോര്‍ട്ടിങ് നടത്തും.

വി.എസ്സിന്റെ തട്ടകത്തില്‍ പി.ബി. വിലക്കുലംഘിച്ച് പിണറായി
 
Hosting: Ilimitada Hosting Chile VPS