.
.

കല്‍മാഡിക്ക് ഒളിമ്പിക്‌സിന് പോകാന്‍ അനുമതി

ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ പ്രതിയായ സുരേഷ് കല്‍മാഡിക്ക് ഒളിമ്പിക്‌സിന് ലണ്ടനിലേക്ക് പോകാന്‍ അനുമതി. കല്‍മാഡിയുടെ അപേക്ഷ പരിഗണിച്ച് പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി തല്‍വന്ത് സിങ്ങാണ് അനുമതി നല്‍കിയത്. പത്തുലക്ഷം രൂപയുടെ ജാമ്യവും ആള്‍ജാമ്യവും കല്‍മാഡി സമര്‍പ്പിക്കണം. കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതി ചെയര്‍മാന്‍ ആയിരുന്ന കല്‍മാഡിയെ അഴിമതി ആരോപണത്തെ തുടര്‍ന്ന് തല്‍സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.

ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ തനിക്ക് ലഭിച്ച ക്ഷണക്കത്തും സംഘാടകര്‍ അയച്ചുകൊടുത്ത ടിക്കറ്റും കല്‍മാഡി അപേക്ഷയ്‌ക്കൊപ്പം കോടതിയില്‍ ഹാജരാക്കി. കല്‍മാഡി ഇന്‍ര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ (ഐ.എ.എ.എഫ്) അംഗവും ഏഷ്യല്‍ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ (എ.എ.എ) പ്രസിഡന്റുമാണെന്ന കാര്യം കോടതി പരിഗണിച്ചു.

കല്‍മാഡി സ്ഥലത്തില്ലെങ്കിലും കേസിന്റെ വിചാരണ വേളയില്‍ കല്‍മാഡിയുടെ അഭിഭാഷകന്‍ ഹാജരാവണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജൂലായ് 26 മുതല്‍ ആഗസ്ത് 13 വരെയുള്ള കാലയളവില്‍ ലണ്ടനില്‍ പോകാനും ഒളിമ്പിക്‌സില്‍ പങ്കെടുക്കാനും മാത്രമാണ് അനുമതി നല്‍കിയതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഗെയിംസ് അഴിമതിക്കേസില്‍ ജയിലിലായ സുരേഷ് കല്‍മാഡി ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്.

കല്‍മാഡിക്ക് ഒളിമ്പിക്‌സിന് പോകാന്‍ അനുമതി
 
Hosting: Ilimitada Hosting Chile VPS