കതിരൂർ മനോജ് വധക്കേസിൽ തലശേരി ജില്ലാ സെഷൻസ് കോടതിയിൽ കീഴടങ്ങിയ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമാണെന്ന ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് നടപടി. ജയരാജന് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടെന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ നേരത്തെ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ജയരാജനെ ജയിലിലേക്ക് അയച്ചത്. തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിലെ ഡോക്ടറും ഇക്കാര്യം സ്ഥിരീകരിച്ചു. ഇതേ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റാണ് ആദ്യം തീരുമാനിച്ചതെങ്കിലും ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റാണ് ഡോക്ടർമാർ നിർദേശം നൽകിയത്. യു.എ.പി.എ നിയമപ്രകാരം ഒരു മാസത്തേക്കാണ് ജയരാജനെ തലശേരി കോടതി റിമാൻഡ് ചെയ്തത്. അതേസമയം ജയരാജനെ കസ്റ്റഡിയിൽ വാങ്ങാനായി സി.ബി.ഐ നടപടി തുടങ്ങി.

തന്നെ കേസിൽപെടുത്തിയത് ആർഎസ്എസ് ഗൂഢാലോചനയാണെന്ന് കീഴടങ്ങുംമുമ്പ് പി. ജയരാജൻ പറഞ്ഞു. ഇതിനായി മുഖ്യമന്ത്രിയും സഹായിച്ചു. തനിക്കെതിരെ യുഎപിഎ ചുമത്താൻ കാരണമിതാണ്. കേസിനെ നിയമപരമായി നേരിടാണ് തീരുമാനിച്ചിരിക്കുന്നതെന്നും അതിനാലാണ് കോടതിയിൽ ഹാജരാകുന്നതെന്നും ജയരാജൻ തലശേരിയിൽ പറഞ്ഞു

വൻ പൊലീസ് സംഘത്തിന്റെ അകമ്പടിയിലാണ് ജയരാജനെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചത്. മുൻകൂർ ജാമ്യഹർജി തള്ളിയതിനെ തുടർന്നു കോടതിയിൽ കീഴടങ്ങിയ ജയരാജനെ മാർച്ച് 11 വരെ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവിട്ടിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ നിന്നും ഡിസ്ചാർജായ ജയരാജൻ തലശേരി എകെജി സഹകരണ ആശുപത്രിയിലെത്തിയശേഷമാണ് കോടതിയിലെത്തി കീഴടങ്ങിയത്.

അതിനിടെ കതിരൂർ മനോജ് വധക്കേസിൽ പി.ജയരാജനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ സിബിഐ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി നൽകി. മൂന്നു ദിവസത്തെ കസ്റ്റഡി വേണമെന്നാണ് അപേക്ഷയിൽ സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് തിങ്കളാഴ്ച കോടതി പരിഗണിക്കും.

യുഎപിഎ നിയമപ്രകാരമാണ് ഒരു മാസത്തേക്ക് റിമാൻഡ് ചെയ്തത്. നേരത്തെ, ആരോഗ്യ പ്രശ്നങ്ങളുള്ള ജയരാജനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം തള്ളിയാണ് ഒരു മാസത്തേക്ക് റിമാൻഡ് ചെയ്യാനുള്ള കോടതി ഉത്തരവ്. ഏത് ആശുപത്രിയിൽ ചികിത്സ തുടരും മുതലായ കാര്യങ്ങൾ ജയിൽ സൂപ്രണ്ടിന്റെ വിവേചനാധികാരത്തിന് വിടുന്നതായും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജയരാജനെ ആശുപത്രിയിലേക്ക് മാറ്റുന്നത്.

സിപിഎം നേതാക്കളെ കള്ളക്കേസുകളിൽ കുടുക്കാനുള്ള കൃത്യമായ ഗൂഢാലോചനയുടെ ഭാഗമാണ് തനിക്കെതിരെ യുഎപിഎ ചുമത്താനുള്ള നീക്കമെന്ന് പി.ജയരാജൻ ആരോപിച്ചു. തന്നെ കള്ളക്കേസിൽ കുടുക്കാനും യുഎപിഎ ചുമത്താനുമുള്ള ആർഎസ്എസ് ഗൂഢാലോനയ്ക്ക് ഉമ്മൻചാണ്ടി കൂട്ടുനിന്നതായും ജയരാജൻ തലശേരി സെഷൻസ് കോടതി പരിസരത്തു മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട പ്രവർത്തകനായതിനാലണു തന്നെ ആർഎസ്എസ് നോട്ടമിടുന്നത്. ആർഎസ്എസിൽ നിന്നും കൂടുതൽ അംഗങ്ങൾ ചോർന്നുപോകുമെന്ന ഭീതിയാണ് ഇത്തരം കേസുകൾ പടച്ചുണ്ടാക്കാൻ കാരണം. ഇതു വ്യക്തിപരമായ നീക്കമെന്നതിേനക്കാൾ രാഷ്ട്രീയപരമായ ആക്രമണമാണ്. സിപിഎമ്മിനെ ഒരു ഭീകരസംഘടനയായി പൊതുജനമധ്യത്തിൽ അവതരിപ്പിക്കാനാണ് എതിരാളികളുടെ ശ്രമമെന്നും ജയരാജൻ ആരോപിച്ചു.

കതിരൂർ മനോജ് വധക്കേസിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ തീവ്രവാദ പ്രവർത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ച് ആരോപണമുന്നയിക്കുന്നതിൽ പ്രഥമദൃഷ്ട്യാ തെറ്റില്ലെന്നു ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. യുഎപിഎ പ്രകാരം മുൻകൂർ ജാമ്യത്തിനു വിലക്കുള്ളതിനാൽ ജസ്റ്റിസ് കെ.ടി. ശങ്കരൻ, ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ജയരാജന്റെ അപ്പീൽ തള്ളുകയും ചെയ്തിരുന്നു. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും ജയരാജന്റെ യോഗ്യതകൾ മാനിച്ചു പ്രത്യേക പരിഗണന നൽകാനാവില്ലെന്നും അഭിപ്രായപ്പെട്ടുകൊണ്ടാണ് ജയരാജന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്.

തലശേരി സെഷൻസ് കോടതി 2016 ജനുവരി 30ന് മുൻകൂർ ജാമ്യം തള്ളിയതിനെതിരെയായിരുന്നു ജയരാജന്റെ അപ്പീൽ. സിബിഐ ആറു വാല്യമായി ഹാജരാക്കിയ കേസ് ഡയറി കോടതി പരിശോധിച്ചു. മനോജ് വധത്തിന്റെ ആസൂത്രകനും ബുദ്ധികേന്ദ്രവും മുഖ്യകണ്ണിയും ജയരാജൻ ആണെന്നു സിബിഐ ആരോപിച്ചിരുന്നു. കൊല നടത്താനും ബോംബ് പൊട്ടിച്ചു ജനങ്ങളിൽ ഭീതി പരത്താനുമുള്ള ഗൂഢാലോചനയിൽ ജയരാജന്റെ പങ്കിനു തെളിവുണ്ടെന്നുള്ള സിബിഐ വാദം അംഗീകരിച്ചാണു കോടതി നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here