മ്യൂണിച്ച് > സിറിയയില്‍ സമാധാനസ്ഥാപനത്തിനുള്ള ഉടമ്പടിയില്‍ ലോകരാജ്യങ്ങള്‍ ധാരണയായി. ഒരാഴ്ചയ്ക്കുള്ളില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാനാണ് ധാരണയായത്. റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലവ്റോവും അമേരിക്കന്‍ വിദേശ സെക്രട്ടറി ജോണ്‍ കെറിയും സംയുക്തമായാണ് തീരുമാനം പ്രഖ്യാപിച്ചത്.

ഒറ്റപ്പെട്ട സിറിയന്‍ നഗരങ്ങളിലടക്കം ഭക്ഷണമെത്തിക്കാന്‍ 24 മണിക്കൂറിനകം നടപടി ആരംഭിക്കുമെന്ന് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെതന്നെ ജനീവയില്‍ യുഎന്‍ ദൌത്യസംഘം യോഗംചേര്‍ന്ന് നടപടികള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എപ്പോള്‍ എങ്ങനെ ദൌത്യം തുടങ്ങണമെന്ന് യോഗം ചര്‍ച്ചചെയ്യുമെന്ന് യുഎന്‍ വക്താവ് അഹ്മദ് ഫൌസി പറഞ്ഞു. ഒരുവര്‍ഷത്തോളമായി പല സിറിയന്‍ നഗരങ്ങളും സംഘര്‍ഷത്തില്‍ ഒറ്റപ്പെട്ട് കഴിയുകയാണ്. ഇവിടെ ഭക്ഷണവും മരുന്നുംപോലും എത്തിക്കാന്‍ കലാപകാരികള്‍ തടസ്സം സൃഷ്ടിക്കുന്നു.

17 രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്റര്‍നാഷണല്‍ സിറിയ സപ്പോര്‍ട്ട് ഗ്രൂപ്പ് മ്യൂണിച്ചില്‍ ചേര്‍ന്ന യോഗമാണ് സമാധാനസ്ഥാപനത്തിന് ധാരണയിലെത്തിയത്. സിറിയയിലാകെ സംഘര്‍ഷത്തിന് ഒരാഴ്ചയ്ക്കിടെ അറുതിവരുത്താനും ധാരണയായി. അതേസമയം, ഐഎസും അല്‍ നുസ്റയും ഉള്‍പ്പെടെയുള്ള ഭീകരസംഘനകള്‍ക്കെതിരായ പോരാട്ടം തടസ്സമില്ലാതെ തുടരുമെന്ന് അവര്‍ വ്യക്തമാക്കി. ലോകരാജ്യങ്ങളുടെ തീരുമാനത്തോട് സിറിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗികപ്രതികരണം പുറത്തുവന്നിട്ടില്ല.

സര്‍ക്കാര്‍വിരുദ്ധ കലാപവും ഇത് സൃഷ്ടിച്ച അരാജകത്വത്തില്‍ ഭീകരസംഘടനകളുടെ കടന്നുകയറ്റവുമാണ് സിറിയയെ സംഘര്‍ഷഭരിതമാക്കിയത്. അഞ്ചുവര്‍ഷമായി തുടരുന്ന സംഘര്‍ഷത്തില്‍ രണ്ടര ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. സിറിയന്‍ സര്‍ക്കാരും വിമത കലാപകാരികളും തമ്മില്‍ ഈ മാസാദ്യം ജനീവയില്‍ വിളിച്ചുചേര്‍ത്ത യോഗം അലസിയിരുന്നു.

ഇപ്പോള്‍ എത്തിച്ചേര്‍ന്ന ധാരണയ്ക്ക് ഒപ്പിട്ട കടലാസിന്റെ വില മാത്രമേ ഉള്ളൂവെന്ന് വിമര്‍ശിക്കുന്നവരുണ്ട്. ഭിന്നതകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. കടലാസില്‍ മാത്രമുള്ള ഉടമ്പടിയാണിതെന്നും എല്ലാവരും പ്രതിബദ്ധത കാട്ടിയാലേ പ്രാവര്‍ത്തികമാകൂവെന്നും ലവ്റോവും കെറിയും തുറന്ന് സമ്മതിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here