പത്തുപന്ത്രണ്ട്‌ കൊല്ലം മുമ്പ് അസുഖം വന്ന് ചികിത്സിച്ച് ഭേദമായതാണ് അവർക്ക്. ഇപ്പോൾ തുടർ പരിശോധനകളും മൂന്ന്‌ വർഷത്തിലൊരിക്കലോ മറ്റോ മതിയാകും. എന്നാലും കാൻസർ ഭേദമായവരുടെ കൂടിച്ചേരലുകളിൽ ഇടയ്ക്കൊക്കെ അവർ എത്തിച്ചേരാറുണ്ട്. കഴിഞ്ഞദിവസം കൊടുങ്ങല്ലൂരിൽ നടന്ന അത്തരമൊരു സമ്മേളനത്തിൽ അവർ സംസാരിക്കുകയായിരുന്നു. സ്തനാർബുദ ചികിത്സയിൽ കഴിയുന്ന കാലത്തെ ചില അനുഭവങ്ങളാണ് അവർ പങ്കുവെച്ചത്.

പത്ത്‌ കൊല്ലം മുമ്പത്തെ സ്തനാർബുദ ചികിത്സകളും ഇപ്പോഴത്തെ ചികിത്സാ രീതികളും തമ്മിൽ കാര്യമായ വ്യത്യാസങ്ങളുണ്ട്. അന്ന് അവരുടെ ഒരു സ്തനം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. ഓപ്പറേഷന്‌ ശേഷം അസുഖം ഏതാണ്ട് ഭേദമായി. കുറച്ചുനാൾ കൂടി റേഡിയേഷനുമായി തുടരുകയായിരുന്നു അവർ.

ഒരു ദിവസം ആശുപത്രിയിലെത്തിയ അവർക്ക് ചില സംശയങ്ങൾ ചോദിക്കാനുണ്ടായിരുന്നു. ഡോക്ടർമാരെ കാണാത്തതു കൊണ്ട് റേഡിയേഷൻ ചികിത്സയുമായി ബന്ധപ്പെട്ട ഒരു ടെക്‌നീഷ്യനോട് അവർ സംശയങ്ങൾ ചോദിച്ചു. റേഡിയേഷൻ ചെയ്യുന്ന ഭാഗങ്ങളിൽ എണ്ണതേയ്ക്കാമോ എന്നാണ് ചോദിച്ചത്.
‘എണ്ണ തേച്ചാൽ മുറിച്ചുകളഞ്ഞ ഭാഗം തിരിച്ചു വരുമോ…’ എന്നായിരുന്നു ദേഷ്യത്തോടെ ടെക്‌നീഷ്യന്റെ മറുചോദ്യം.

ഞെട്ടിപ്പോയി അവർ. ശസ്ത്രക്രിയയിലൂടെ അവയവം മുറിച്ചു കളഞ്ഞപ്പോൾ എന്നതിനെക്കാൾ വേദനിപ്പിക്കുന്നതായിരുന്നു ആ മറുപടി എന്നാണ് അവർ പറഞ്ഞത്. അതു മാത്രമല്ല, മറ്റു വേദനകളും അസുഖങ്ങളുമൊക്കെ കുറച്ചുനാൾ കൊണ്ട്‌ ഭേദമായി. എന്നാൽ, അയാളുടെ ആ വാക്കുകളുണ്ടാക്കിയ മുറിവ്, അതിന്റെ നീറ്റൽ ഇനിയും മാറിയിട്ടില്ല… കൊല്ലം പത്തു പന്ത്രണ്ടായെങ്കിലും ഇപ്പോഴും അതു പറയുമ്പോൾ അപമാനത്തിന്റെയും വേദനയുടെയും വിങ്ങലുണ്ടായിരുന്നു അവരുടെ സ്വരത്തിൽ.

ശസ്ത്രക്രിയയും രോഗവും ശരീരത്തിലുണ്ടാക്കുന്ന മുറിവുകൾ പോലെയല്ല, വാക്കുകളും പെരുമാറ്റവും മനസ്സിലുണ്ടാക്കുന്ന മുറിവ്. അതുണങ്ങാൻ അത്രയെളുപ്പമല്ല. അയാൾക്ക് അറിയാത്ത കാര്യമാണെങ്കിൽ അറിയില്ലെന്നും ഡോക്ടറോട് ചോദിക്കണമെന്നും പറയാമായിരുന്നു. അതല്ല, ധാർഷ്ട്യം നിറഞ്ഞ ഒരു മറുപടിയേ പറയൂ എന്നുള്ളയാളാണെങ്കിൽ പോലും രോഗാവസ്ഥയെയും ശസ്ത്രക്രിയ ചെയ്തയാളുടെ ശാരീരിക-മാനസിക അവസ്ഥയെയും കൃത്യമായി കുത്തിനോവിക്കുന്ന ക്രൂരമായ മറുപടി പാടില്ലെന്നെങ്കിലും ശ്രദ്ധിക്കാമായിരുന്നു.

പക്ഷേ, ചിലയാളുകൾ അങ്ങനെയാണ്, മറ്റുള്ളവരെ വേദനിപ്പിക്കുമ്പോൾ ഒരുതരം ആനന്ദം ലഭിക്കുന്ന വികൃത മനസ്സുള്ളവർ. കുറവല്ല അത്തരക്കാർ നമുക്കിടയിൽ. രോഗദുരിതങ്ങളും അപകടങ്ങളുമൊക്കെ ആർക്കും എപ്പോഴും വരാവുന്നതാണെന്ന് അവർ ചിന്തിക്കുകയേ ഇല്ല. ഇതൊന്നും ഒരിക്കലും തന്നെ ബാധിക്കില്ല എന്ന മട്ടിലാണ് അവരുടെ ജീവിതവും പെരുമാറ്റങ്ങളുമൊക്കെ.

റാന്നിക്കടുത്ത്‌ നിന്നുള്ള ഒരു പെൺകുട്ടി അവരുടെ ചില സങ്കടങ്ങൾ പറഞ്ഞിരുന്നു. നമുക്ക് അവളെ റാണി എന്ന് വിളിക്കാം. ചികിത്സക്കാലത്ത് അവളുടെ വീട്ടുകാരും കൂട്ടുകാരികളും അവളോടൊപ്പം ഉണ്ടായിരുന്നു. അവളുടെ അടുത്തൊരു കൂട്ടുകാരിയെ സ്വന്തം ചേട്ടനുവേണ്ടി കല്യാണം ആലോചിച്ചത് റാണി തന്നെയാണ്.

കൂട്ടുകാരിയുടെ താത്പര്യം ചേട്ടനോടും വീട്ടിലുള്ളവരോടും പറഞ്ഞ്, എല്ലാവരും താത്പര്യമായി കല്യാണം നടത്തിയതാണ്. കൂട്ടുകാരിയും ചേട്ടനുമായുള്ള കല്യാണം കഴിഞ്ഞ് അധികം വൈകാതെ റാണിയുടെ രോഗം പൂർണമായി ഭേദമാവുകയും ചെയ്തു. പിന്നീട്, ഇടയ്ക്കുള്ള തുടർ പരിശോധനകൾ മാത്രം മതിയായിരുന്നു. അപ്പോഴേക്ക് പഴയ കൂട്ടുകാരി, ഇപ്പോൾ അവളുടെ വീട്ടിലെ വീട്ടുകാരിയായി, നാത്തൂനായി മാറിയിരുന്നല്ലോ.

‘നീ എന്റെ ജീവിതം തുലച്ചു’ എന്നാണ് ആ കൂട്ടുകാരി റാണിയെ കുറ്റപ്പെടുത്തിയത്. ‘എല്ലാ കാര്യങ്ങളും അറിയാവുന്നവളല്ലേ നീ, എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞിരുന്നതല്ലേ…’ എന്നൊക്കെ ചോദിച്ചപ്പോൾ പഴയ കൂട്ടുകാരി പറഞ്ഞത്: ‘നീ മരിച്ചുപോകുമെന്നാണ് ഉറപ്പായും വിശ്വസിച്ചിരുന്നത്’ എന്നായിരുന്നു.

കാൻസറുള്ള ഒരുവളോടൊപ്പം കഴിയുന്നത് എന്തു വിശ്വസിച്ചാണെന്ന് ആ കൂട്ടുകാരി ഒരുതരം പകയോടെ ചോദിച്ചപ്പോൾ തകർന്നുപോയി എന്നാണ് റാണി പറഞ്ഞത്. ചേട്ടന് ഒരു കുഞ്ഞുണ്ടായപ്പോൾ അതിനെ താലോലിക്കാൻ പോലും കുഞ്ഞിന്റെ അമ്മ സമ്മതിക്കുമായിരുന്നില്ല.

ഇക്കാര്യങ്ങളൊക്കെ ചേട്ടനോടോ വീട്ടിലെ മറ്റംഗങ്ങളോടോ പറയാനും റാണിക്ക് കഴിയുമായിരുന്നില്ല. അത് വീട്ടിലാകെ ഉണ്ടാക്കുന്ന അസ്വസ്ഥതയുടെ ആഴമോർത്ത് അവർ വല്ലാതെ അസ്വസ്ഥയായി. എങ്ങനെയും ആ വീട്ടിൽ നിന്ന് രക്ഷപ്പെടുകയല്ലാതെ റാണിക്ക് വഴിയില്ലായിരുന്നു. പക്ഷേ, എവിടേക്കു പോകാൻ?

ഇത്തരം കാര്യങ്ങൾ ഒന്ന്‌ തുറന്നുപറയാൻ പോലും അവർക്ക് മറ്റാരുമുണ്ടായിരുന്നില്ല, ഞങ്ങൾ ചികിത്സകരല്ലാതെ!
ചേർത്തലക്കാരനായ ഒരു ലുക്കീമിയ രോഗി, സ്വന്തം വീട്ടിൽ നിന്നുള്ള അനുഭവങ്ങൾ പറഞ്ഞത് അതിനെക്കാൾ വേദനിപ്പിക്കുന്നതായിരുന്നു. സ്വന്തം അമ്മയും സഹോദരങ്ങളും പോലും അയാളെ തള്ളിക്കളയുകയായിരുന്നു. ചികിത്സയ്ക്കായി കുറേ പണം ചെലവായിക്കഴിഞ്ഞപ്പോൾ ഇനി നിനക്ക് സ്വത്തിൽ വേറേ വിഹിതമൊന്നും തരാനാവില്ല എന്ന് മുഖത്തടിച്ചു പറഞ്ഞത് സ്വന്തം അമ്മയാണെന്ന്‌ പറഞ്ഞപ്പോൾ അടക്കിപ്പിടിച്ചിട്ടും അയാളുടെ കണ്ണ് നിറഞ്ഞുവന്നു.
തിരുവനന്തപുരത്ത്‌ നിന്നുള്ള ഒരു രോഗിയെ വല്ലാതെ ബുദ്ധിമുട്ടിച്ചത് വർഷങ്ങളോളം കൂടെക്കഴിഞ്ഞ സ്വന്തം ഭാര്യയായിരുന്നു. കാൻസർ വന്നപ്പോൾ അയാളെ ഉപേക്ഷിച്ചുപോയി എന്ന ചീത്തപ്പേരു കൂടി ഒന്നൊഴിവാക്കിയെടുക്കണമായിരുന്നു അവർക്ക്.

അതിനായി കണ്ടെത്തിയ മാർഗമാകട്ടെ, ഭർത്താവ് തന്നെ പലതരത്തിൽ ഉപദ്രവിക്കുന്നു എന്ന് പലേടത്തും പരാതി നൽകുക എന്നതും. കുടുംബ കോടതിയിലും മറ്റും പല പരാതികൾ നൽകി അവർ. രോഗിയായ ഭർത്താവിനെ വിട്ടുപോവുകയും മനപ്പൂർവം അയാളുടെ മേൽ കുറ്റാരോപണങ്ങൾ വെച്ചുകെട്ടുകയും ചെയ്തു അവർ.
ഒട്ടേറെ രോഗങ്ങളുടെ ഒരു കൂട്ടമാണ് കാൻസർ എന്ന് പലതവണ നമ്മൾ പറഞ്ഞിട്ടുണ്ട്. അതിൽ വലിയൊരു വിഭാഗം രോഗങ്ങളും പൂർണമായിത്തന്നെ ചികിത്സിച്ചു ഭേദമാക്കാനും ഇന്ന് കഴിയുന്നുണ്ട്. പൂർണമായി ഭേദമാക്കാൻ കഴിയാത്ത പല രോഗങ്ങളും ഫലപ്രദമായ ചികിത്സയിലൂടെ വർഷങ്ങളോളം സുഖമായിത്തന്നെ കഴിയാനുമാവും. എന്നാൽ, ചികിത്സ ഗൗരവമേറിയ ഒരു പ്രക്രിയയാണ്. അടുത്ത ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും പിന്തുണ അതിന് കൂടിയേ തീരൂ.

പിന്തുണയേകാൻ കഴിയാത്തവർക്കും അവരെ ഉപദ്രവിക്കാതിരിക്കാമല്ലോ! രോഗദുരിതങ്ങളിൽ പെട്ടു കഴിയുന്നവരെ മനഃപൂർവം വേദനിപ്പിക്കുന്നവരെ എങ്ങനെയാണ് വിശേഷിപ്പിക്കുക? ഇത്തരം പ്രശ്നങ്ങളൊന്നും ബാധിക്കാത്തവരാണ് തങ്ങളെന്ന വിലകെട്ട ധാരണയുമായി കഴിയുന്നവരുടെ ധാർഷ്ട്യം!

വേദനിക്കുന്നവരോട് ഒരിറ്റു കാരുണ്യം പുലർത്തുകയെന്ന പ്രാഥമിക മനുഷ്യത്വം പോലും പുലർത്താത്തവരെ എങ്ങനെയാണ് മനുഷ്യരായി കാണാനാവുക? ശരീരത്തിന്‌ ബാധിക്കുന്ന ഏതു കാൻസറും ചികിത്സയിലൂടെ ഒരളവു വരെയെങ്കിലും അകറ്റി നിർത്താനാവും. മിക്കതും ഭേദപ്പെടുത്താനാവും. എന്നാൽ, മനസ്സിന്‌ കാൻസർ ബാധിച്ചവർക്ക് എന്തു ചികിത്സയാണുള്ളത്…?

LEAVE A REPLY

Please enter your comment!
Please enter your name here