കൊച്ചി: ജലാശയത്തില്‍ നിന്ന് ശരീരത്തില്‍ കടന്ന തലച്ചോറുതീനി അമീബ ജീവന് ഭീഷണിയാകുന്നു. ആലപ്പുഴ പള്ളാത്തുരുത്തിക്കടുത്തു നിന്നുള്ള 14കാരനാണ് അമീബ ബാധയേറ്റ് എറണാകുളത്തെ ആസ്റ്റര്‍ മെഡ് സിറ്റിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്.
കൂട്ടുകാരോടൊത്ത് കായലില്‍ കുളിക്കാനിറങ്ങിയതാണ് കുട്ടി. പിന്നീട് കനത്ത തലവേദന വന്നു. ആദ്യം ആലപ്പുഴ മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് ആസ്റ്റര്‍ മെഡ് സിറ്റിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വിശദമായ പരിശോധനയിലാണ് തലച്ചോറു തീനി അമീബ ശരീരത്തില്‍ കടന്നിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് നടത്തിയ ലാബ് പരിശോധനയിലാണ് ‘നഗ്ലേരിയ ഫൗലേരി’ എന്ന അമീബയാണെന്ന് കണ്ടെത്തിയത്. കൂട്ടുകാരോടൊത്താണ് ഇറങ്ങിയതെങ്കിലും ഒരാള്‍ക്ക് മാത്രമാണ് അമീബ അപകടകാരിയായി മാറിയത്.
ഈ അമീബ മൂക്കിലൂടെയാണ് തലച്ചോറിലേക്ക് പ്രവേശിക്കുക. മസ്തിഷ്‌കത്തില്‍ എത്തിപ്പെട്ടാല്‍ നീരുണ്ടാക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയാകെ താറുമാറാക്കാനും ഇതിന് കഴിയും.
നീന്തുമ്പോഴും മുങ്ങിക്കുളിക്കുമ്പോഴുമാണ് ഇവ ശരീരത്തില്‍ കയറുന്നത്. വിട്ടുമാറാത്ത തലവേദന, പനി, സന്നി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണമാണിതെല്ലാമെന്ന് തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയേറെയാണ്.
മസ്തിഷ്‌ക – സുഷുമ്‌നാദ്രവം കുത്തിയെടുത്ത് പരിശോധിക്കുമ്പോള്‍ അതില്‍ അമീബയുടെ സാന്നിധ്യമുണ്ടോ എന്നു നോക്കിയാണ് രോഗസാധ്യത ഉറപ്പിക്കുന്നത്. ഇത്തരം അമീബകള്‍ എല്ലാവരിലും അപകട സാധ്യത ഉണ്ടാക്കുന്നില്ല എന്നതും അപകടം ഉണ്ടാകാന്‍ പ്രത്യേക കാരണങ്ങളൊന്നുമില്ല എന്നതുമാണ് വലിയ പ്രശ്‌നമെന്ന് പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ വിദഗ്ദ്ധന്‍ ഡോ. രാജപ്പന്‍ പിള്ള പറഞ്ഞു.
കായലുകളിലും കുളത്തിലുമെല്ലാം സാധാരണയായി കാണാറുള്ള ഏകകോശ സൂക്ഷ്മജീവിയാണ് അമീബ. ഇക്കൂട്ടത്തില്‍ ‘നഗ്ലേരിയ’ വിഭാഗത്തില്‍ പെടുന്നവയാണ് ചിലപ്പോള്‍ ജീവന് ഭീഷണിയാകുന്നത്.
വളരെ വിരളമായേ ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ചികിത്സ എളുപ്പമല്ല എന്നതാണ് വലിയ പ്രശ്‌നം.ഇന്ത്യയില്‍ ഇതുവരെ 12 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നഗ്ലേരിയ അമീബയെ പൂര്‍ണമായി നശിപ്പിച്ചു കളയാന്‍ സാധ്യമല്ലെന്ന് അണുബാധാ നിയന്ത്രണ വിഭാഗത്തിലെ ഡോ. അനൂപ് വാര്യര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here