പി.സി ജോര്‍ജ് ഇനി പൂഞ്ഞാറിന്‍റെ പുലിക്കുട്ടി മാത്രമല്ല കേരളത്തിന്‍റെ പുലിക്കുട്ടിയാണ്.  കോണ്‍ട്രസ്റ്റ് മുന്നണിയും കമ്മ്യൂണിസ്റ്റ് മുന്നണിയും കിണഞ്ഞു പി.സിയെ തളയ്ക്കാന്‍ ശ്രമിച്ചിട്ടും പതറാതെ തളരാതെ കേരളത്തിന്‍റെ പുലിക്കുട്ടിയായി പൂഞ്ഞാറില്‍ വിജയശ്രീലാളിതനായിരിക്കുന്നു.  വളരെ ചുരുക്കം ചിലയാളുകള്‍ മാത്രമെ കേരളത്തില്‍ ഒരു മുന്നണിയുടേയും പിന്തുണയില്ലാതെ വിജയിച്ചിട്ടുള്ളു.  ഏറ്റുമാനൂരില്‍ ജോര്‍ജ് ജോസഫ് പൊടിപാറയും പത്തനംതിട്ടയില്‍ എന്‍റെ ഗുരുനാഥന്‍ കെ.കെ നായര്‍ സാറും ഇതിനുദാഹരണം.  പാലായില്‍ പലപ്രാവശ്യം കെ.എം മാണി വന്‍ഭൂരിപക്ഷത്തിനുജയിച്ചിട്ടുണ്ടെങ്കിലും ഒരു മുന്നണിയുടേയും പിന്തുണയില്ലാതെ മാണിക്കു ജയിക്കാന്‍ ഒരിക്കലും സാധിക്കയില്ല.  ആ സ്ഥാനത്താണ് 27000-ല്‍ പരം ഭൂരിപക്ഷത്തോടെ കരുത്തനായ പി.സി ജോര്‍ജിന്‍റെ താരതിളക്കം.  യു.ഡി.എഫ് നെ തറപറ്റിച്ചതിന്‍റെ പ്രധാന ആണിക്കല്ല് ഈ ഒറ്റയാന്‍ അഴിമതി വിരുദ്ധനാണ്.  യു.ഡി.എഫിന്‍റെ പിണിയാളായി നിന്ന പി.സി ജോര്‍ജ് പിന്നെ അതിന്‍റെ അന്തകനായി മാറുകയായിരുന്നു.  കോഴവിവാദത്തില്‍ മാണിയേയും മകനേയും തള്ളിപറഞ്ഞപ്പോള്‍ ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.  പക്ഷെ ഒരു മതേതരവാദിയായ താന്‍ തന്‍റെ മകനെ ഒരു ഹൈന്ദവ സഹോദരിക്കു നല്‍കികൊണ്ട് മതേതരത്വത്തിനുവഴികാട്ടി. പാവപ്പെട്ടവന്‍റെ നീറുന്ന കണ്ണുനീര്‍ ഒപ്പിയെടുക്കുവാന്‍ ജാതിമത ചിന്തകള്‍ കൂടാതെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ഇദ്ദേഹം ഈറ്റാട്ടുപേട്ടയുടെ കണ്ണിലുണ്ണിയാണ്, ഇപ്പോള്‍ കേരളത്തിന്‍റെയും കണ്ണിലുണ്ണിയായില്ലേ? 

കോണ്‍ഗ്രസ്സിനും കമ്മ്യൂണിസ്റ്റിനും ബദലായി ഒരു മൂന്നാം മുന്നണിക്ക് സാദ്ധ്യത കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നതിന്‍റെ തെളിവാണ് പി.സി ജോര്‍ജിന്‍റെ വിജയം.  സാക്ഷര കേരളജനത വര്‍ഗ്ഗീയ ശക്തികളെ എതിര്‍ക്കുന്നതിന്‍റെ തെളിവാണ് ബി.ജെ.പി എന്ന മൂന്നാം മുന്നണിയുടെ പരാജയം. നേമത്ത് ബി.ജെ.പി വിജയം രാജേട്ടനോടുള്ള സഹതാപം മാത്രം, പലപ്രാവശ്യം നിന്നു തോറ്റ അദ്ദേഹത്തിന് ഒരു ആശ്വാസം കൊടുത്തു എന്നു മാത്രം.  മോഡിവന്നിട്ടും സുരേഷ് ഗോപിയെ എം.പി ആക്കിയിട്ടും, രാജസേനന്‍, ജയറാം, കവിയൂര്‍പൊന്നമ്മ, ഭീമന്‍രഘു മുതലായ സിനിമാക്കാര്‍ കൊണ്ടുപിടിച്ചിട്ടും കാര്യമായ പ്രതീക്ഷയ്ക്കൊത്തു നേട്ടങ്ങള്‍ കൈവരിക്കാന്‍ ബി.ജെ.പി യ്ക്ക് കഴിയാതെ പോയി.  എന്നാല്‍ മൂന്നാം മുന്നണി ഒരു മതേതരമുന്നണിയാണെങ്കില്‍ കേരളത്തില്‍ വിജയസാദ്ധ്യയേറുകതന്നെ ചെയ്യും.  ജാതിമതവിഷമിളക്കിവിട്ട് കേരളത്തെ വിലയ്ക്കെടുക്കാമെന്ന വെള്ളാപ്പള്ളിയുടെ വ്യാമോഹവും സ്വപ്നവും തകര്‍ന്നടിഞ്ഞുപോയി.  കേരളത്തിലെ ജനങ്ങള്‍ വിവേകമുള്ളവരാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നുവെന്നുതന്നെ പറയാം. 

ആള്‍ദൈവങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനശരംതൊടുത്തുവിട്ടത് കേരളത്തിന്‍റെ നട്ടെല്ലുള്ള നേതാവ് ശ്രീ. പിണറായിവിജയന്‍ മാത്രമാണ് അതിന്‍റെ ഫലമാണ് അദ്ദേഹത്തിനുകിട്ടിയ വമ്പിച്ച ഭൂരിപക്ഷം.  ഇഷ്ടമുള്ള ഭക്ഷണവും വസ്ത്രവും കഴിക്കാനും ധരിക്കാനും ബി.ജെ.പി വന്നാല്‍ സാധിക്കില്ലെന്നും ക്രിസ്ത്യാനിയും, ഹിന്ദുവും, മുസ്ലീമും തമ്മിലുള്ള ഐക്യവും സൗഹാര്‍ദ്ദവും തകരുമെന്നും മനസ്സിലാക്കിയ കേരളജനത ബി.ജെ.പി മുന്നണിയെ തകര്‍ത്തുതരിപ്പണമാക്കി.  ശ്രീമാന്‍വെള്ളാപ്പള്ളി രാഷ്ട്രീയം നിര്‍ത്തലാക്കി വീട്ടിലിരിക്കാന്‍ സാദ്ധ്യതകാണുന്നു.  മതവികാരം ഇളക്കിവിട്ടും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയില്‍ നിന്നും ഈഴവരെ അടര്‍ത്തിയെടുത്തും തനിക്കും മകനും രാഷ്ട്രീയകൊട്ടാരം പണിത് അതില്‍ സുഖലോലുപരായി കഴിഞ്ഞു കൂടാമെന്നുള്ള ആഗ്രഹം ഒരു പേക്കിനാവായി പര്യവസാനിച്ചു.  ഇപ്പോള്‍ താരമായതു പി.സി ജോര്‍ജാണോ അതോവെള്ളാപള്ളിയാണോയെന്നു കേരളജനത മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു.  ഒരു രാഷ്ട്രീയ കക്ഷിയുടേയും പിന്തുണയില്ലാതെ മത്സരിച്ച് വന്‍ ഭൂരിപക്ഷം നേടിയ നേതാവിനെ ഉമ്മന്‍ചാണ്ടിയും പിണറായിയും കൂട്ടത്തില്‍ ചേര്‍ക്കില്ലെന്നു തറപ്പിച്ചു പറഞ്ഞിരിക്കുന്നു. പക്ഷെ സഖാവ് വി.എസ് മൗനം പാലിക്കുന്നു.  പൂഞ്ഞാറില്‍ പി.സിക്കെതിരെ വി.എസ്സ് ഒരു യോഗത്തിലും ഒരക്ഷരംപോലും പറഞ്ഞില്ല, അഴിമതിക്കെതിരെ വോട്ടുചെയ്യണമെന്നുമാത്രം പറഞ്ഞുനിര്‍ത്തി.  ആരെന്തൊക്കെപറഞ്ഞാലും രണ്ടുമുന്നണിക്കെതിരെ ഒരു കരുത്തുറ്റ നേതാവായി പി.സി വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. 

ആള്‍ അഴിമതി രഹിതനാണെങ്കിലും കൂടെ നില്‍ക്കുന്നവരെ തിരിഞ്ഞു കൊത്തുന്ന ഒരു സ്വഭാവം ഇദ്ദേഹത്തിനുണ്ട്, ചിലപ്പോള്‍ ഇദ്ദേഹം കരിമൂര്‍ഖനായിമാറുകയും ചെയ്യും.  അതുകൊണ്ടാണ് ഈ മൂര്‍ഖനെ ഒരിക്കല്‍ ഉമ്മന്‍ചാണ്ടി പാലായിലെ മാണിയുടെ വീട്ടുവളപ്പില്‍ കൊണ്ടുവിട്ടത് പലപോഴും മാണിക്കും മകനും ഈ മൂര്‍ഖന്‍റെ കടിയേറ്റിട്ടുണ്ട്.  ചവിട്ടിയാല്‍ കടിക്കാത്തപാമ്പുണ്ടോ?  എന്തായാലും ഇദ്ദേഹത്തെ പിണക്കിയാല്‍ പലപൂച്ചും പലരുടേയും പുറത്തുവരും, എല്ലാവരും ഒന്നുസൂക്ഷിക്കുന്നത് നന്നായിരിക്കും.  പാലായിലെ മാണിക്യം ഒന്നു കരുതുന്നതു നന്നായിരിക്കും.  പി.സി ഒരു ഒഴിമതിവിരുദ്ധനും കരുത്തനുമാണെന്നതില്‍ സംശയമില്ല.  ഒരു പാവം സെക്യൂരിറ്റിയെ കാര്‍ ഇടിപ്പിച്ചുകൊന്ന 5000 കോടി സ്വത്തുള്ള നിസ്സാമിന് ഇന്നു ജീവപര്യന്ത്യം തടവുശിക്ഷ വാങ്ങിച്ചുകൊടുക്കാന്‍ കാരണം ഈ പുലിക്കുട്ടിയാണ്.  ഡി.ജി.പി യും പോലീസുകാരും തമ്മിലുള്ള ഒത്തുകളി ഈ കരുത്തുറ്റ നേതാവാണ് പുറത്തുകൊണ്ടുവന്നത്. 

ചുരുക്കത്തില്‍ കോണ്‍ഗ്രസ്സിന്‍റെ കൂടെ നിന്നുകൊണ്ട് കോണ്‍ഗ്രസ്സിന്‍റെ അഴിമതികള്‍ പുറത്തുകൊണ്ടുവന്ന് യു.ഡി.എഫിനെ ഇന്നു തോല്‍പിച്ചത് ഈ പുലുക്കുട്ടിതന്നെയാണ്.  സുധീരനും ചിലകളികള്‍ നടത്തി പല്ലുകുത്തി മണപ്പിച്ചതും നഗ്നസത്യം തന്നെ.  എന്തായാലും ഇടതുമുന്നണി പി.സി ജോര്‍ജിനോട് കടപ്പെട്ടിരിക്കുന്നതിനാല്‍ പി.സി ജോര്‍ജിനെ നിര്‍ദാക്ഷണ്യം തഴയാന്‍ പാടില്ല.  എന്നാല്‍ അഴിമതിക്കെതിരെ ഒറ്റയാന്‍ പോരാട്ടം നടത്തിയ പി.സി ജോര്‍ജ്ജിനും ഇടതുമുന്നണിക്കും അഭിനന്ദനങ്ങള്‍, അഴിമതിക്കാര്‍ ശ്രദ്ധിക്കുക നിങ്ങളുടെ അന്ത്യം അഴിക്കുള്ളിലായിരിക്കും.

ജയ്ഹിന്ദ്

LEAVE A REPLY

Please enter your comment!
Please enter your name here