pinarayi-vijayan-prsmet-2405.jpg.image.784.410തിരുവനന്തപുരം: അഴിമതിയെ തുരത്തി ഭരണത്തുടര്‍ച്ച ഒഴിവാക്കാന്‍ നിയുക്തമുഖ്യമന്ത്രി പിണറായി വിജയന്റെ കര്‍മപദ്ധതി. തന്റെ അടുത്ത ആളാണ് എന്നു പറഞ്ഞിറങ്ങുന്നവരെ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ”ഇമ്മാതിരി അവതാരങ്ങള്‍ പലയിടത്തുമുണ്ട്. അതു നിങ്ങള്‍ക്കും ഞങ്ങള്‍ക്കുമെല്ലാം ബാധകമാണ്. ഇങ്ങനെയുള്ളവരെ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണം” അഴിമതി എങ്ങനെ നിയന്ത്രിക്കും എന്ന ചോദ്യത്തിനോടു പ്രതികരിക്കുകയായിരുന്നു ഇന്ന് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്ന പിണറായി. അഴിമതി എന്നാല്‍, അതു പല തരത്തിലുണ്ട്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ കഴിഞ്ഞാല്‍, എന്റെ അടുത്ത ആളായി ആരെങ്കിലും രംഗപ്രവേശം ചെയ്‌തെന്നുവച്ചാല്‍ അതും അഴിമതിയില്‍ പെടും. ഒരാള്‍ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ പോയി. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ആ യാത്ര എന്നാണ് അയാള്‍ മറ്റൊരാളോടു പറഞ്ഞത്. അതു കേട്ടയാള്‍ക്ക് എന്നെ അറിയാം. അദ്ദേഹം അങ്ങനെ കരുതുകയുമില്ല. അതുകൊണ്ട് അദ്ദേഹം എന്നെ വിളിച്ച് ഇക്കാര്യം പറഞ്ഞു. ഇവര്‍ ആരൊക്കെ എന്നു ഞാന്‍ പറയുന്നില്ല. എന്തായാലും ഈ പറയുന്നതു കേള്‍ക്കുമ്പോള്‍ അയാള്‍ക്കു കാര്യം മനസ്സിലാകുമല്ലോ? ഇങ്ങനെ എന്റെ പേരും പറഞ്ഞു വരുന്നവരുടെ വാക്കുകളില്‍ വീഴരുത്. എന്റെ ശൈലി അറിയാത്തവരാണ് അങ്ങനെ പറഞ്ഞു നടക്കുന്നത്. മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫും അഴിമതിക്കു വിധേയരായിരിക്കരുത്. അവര്‍ നല്ല പ്രാപ്തരായിരിക്കണമെന്നും പിണറായി പറഞ്ഞു.
അഴിമതിയെ തടയാന്‍ മുഖ്യമന്ത്രി വ്യക്തമായ കര്‍മപദ്ധതി തയാറാക്കിയിരിക്കുകയാണ്. കേരളത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെയും കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെയും പതനത്തിന് വഴിതെളിച്ചതില്‍ മുഖ്യപങ്ക് വഹിച്ചത് അഴിമതിയാരോപണങ്ങളാണെന്ന് പകല്‍പോലെ വ്യക്തമായതോടെയാണ് ഈ നീക്കം. ഈ സാഹചര്യത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്നതോടെ ഉദ്യോഗസ്ഥതലത്തിലും സമഗ്രമായ അഴിച്ചു പണിക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. വകുപ്പ് സെക്രട്ടറിമാരും ജില്ലാ കളക്ടര്‍മാരും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനമുണ്ടാക്കാമെങ്കിലും കാര്യമായ അഴിച്ചു പണിക്ക് സാധ്യതയുള്ളത് അഭ്യന്തരവകുപ്പിലാണ്. സിപിഎമ്മിന് അത്ര അഭിമതനല്ലാത്ത ഡിജിപി സെന്‍കുമാറും, ഈ മാസം ചുമതലയേറ്റ ചീഫ് സെക്രട്ടറി വിജയാനന്ദും തല്‍സ്ഥാനത്ത് തുടരാന്‍ തന്നെയാണ് സാധ്യതയെങ്കിലും എഡിജിപി, ഐജി, എസ്.പി റാങ്കുകളില്‍ അഴിച്ചു പണിയുണ്ടാവും.
pinarayi-minister.jpg.image.784.410ഇതോടൊപ്പം കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ അന്വേഷണ മേല്‍നോട്ടം വഹിക്കുന്ന എറണാകുളം റൂറല്‍ എസ്.പി യശ്പാല്‍ ചന്ദ്രയ്ക്ക് സ്ഥാനചലനം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഒരു വര്‍ഷം മുന്‍പ് ഹര്‍ത്താല്‍ ദിനത്തില്‍ പെരുമ്പാവൂരില്‍ ഗതാഗതം തടസ്സപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകരെ കൈകാര്യം ചെയ്ത അദേഹം അന്ന് സിപിഎം നേതാക്കളുടെ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. കോടതിയുടെ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയ വിജിലന്‍സിന്റെ തലപ്പത്തും അഴിച്ചു പണികളുണ്ടാവും. വിജിലന്‍സിനെ സ്വതന്ത്രമാക്കുമെന്നത് എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായ സ്ഥിതിക്ക് വിജിലന്‍സ് മേധാവിയുള്‍പ്പെടെയുള്ളവര്‍ക്ക് സ്ഥാനചലനുണ്ടാവാനാണ് സാധ്യത. എന്നാല്‍ രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കപ്പുറം, ഉദ്യോഗസ്ഥരുടെ പ്രതിച്ഛായയും കാര്യക്ഷമതയും പരിഗണിച്ചായിരിക്കും അവരോടുള്ള സര്‍ക്കാരിന്റെ സമീപനമെന്നാണ് പിണറായിയുടെ നയം. സര്‍ക്കാരിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ കറ പുരളാത്തവര്‍ വേണമെന്ന നിലപാടാണ് പിണറായി മുന്‍പോട്ട് വയ്ക്കുന്നത്.
അഴിമതി തടയുന്നതിന് മന്ത്രിമന്ദിരങ്ങള്‍ക്ക് മോടി കൂട്ടേണ്ടെന്നും പിണറായി വിജയന്റെ നിര്‍ദേശിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം മന്ത്രിമാര്‍ ഓഫീസുകളില്‍ എത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒഴിവാക്കാന്‍ പറ്റാത്ത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മാത്രമേ നടത്താവൂ എന്നും നിയുക്ത മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി്. മന്ത്രിസഭ മാറുമ്പോള്‍ പുതിയ മന്ത്രിമാര്‍ക്ക് അനുവദിക്കപ്പെട്ട വസതികള്‍ മോടി പിടിപ്പിക്കുന്നതിന്റെ മറവില്‍ ഉദ്യോഗസ്ഥര്‍ ലക്ഷങ്ങളുടെ ധൂര്‍ത്തടിച്ചെന്ന വാര്‍ത്തകള്‍ മുന്‍കാലങ്ങളില്‍ വിവാദമായിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വന്‍അഴിമതിയും നടക്കുന്നതായും ആരോപണമുണ്ട് ഇതെല്ലാം കണക്കിലെടുത്താണു നിയുക്ത മുഖ്യമന്ത്രിയുടെ പുതിയ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here