umman-chandiകൊച്ചി:നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ഇളക്കിപ്രതിഷ്ഠ. എംഎല്‍മാരെ പാര്‍ട്ടി പദവികളില്‍ നിന്നു നീക്കിയും തോറ്റ പ്രമുഖരെ പാര്‍ട്ടി ചുമതലകള്‍ ഏല്‍പ്പിച്ചുമാണ് ഹൈക്കമാന്‍ഡിന്റെ അഴിച്ചുപണി. തെരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ പൊട്ടിത്തെറി തുടങ്ങിയിരിക്കുന്ന പാര്‍ട്ടിയില്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്. എ കെ ആന്റണി, വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ കേരളത്തില്‍ നിന്നുള്ള കേന്ദ്ര നേതാക്കളുടെ കൂടി അഭിപ്രായം കണക്കിലെടുത്താണിത്.
ഒറ്റപ്പാലത്തുനിന്ന് തോറ്റ മുന്‍ എഐസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്മാനെ വീണ്ടും എഐസിസി സെക്രട്ടറിയോ അല്ലെങ്കില്‍ കെപിസിസി വൈസ് പ്രസിഡന്റോ ആക്കും. വി ഡി സതീശനെ പാര്‍ട്ടി ചുമതസലയില്‍ നിന്നു മാറ്റി നിയമസഭാ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ചുമതലകള്‍ നല്‍കും. എംഎല്‍എമാരുടെ നിരന്തര പരിശീലനത്തിനു പുതിയ സംവിധാനം ആലോചിക്കുന്നുണ്ട്. സതീശനായിരിക്കും ചുമതല.
തോറ്റവരൊന്നും സ്വന്തം നിലയില്‍ തോറ്റവരാണ് എന്ന് പാര്‍ട്ടി വിലയിരുത്തുന്നില്ല. കെപിസിസി നിര്‍വാഹക സമിതിയിലും പുറത്തും ഉണ്ടായ പ്രതിഷേധങ്ങള്‍ സ്വാഭാവാകമാണെന്നും നേതൃത്വം കരുതുന്നു. അതുകൊണ്ട് നിയമസഭാ സാമാജികരുടെയും പാര്‍ട്ടി നേതൃത്വത്തിന്റെയും പുതിയൊരു നെറ്റുവര്‍ക്ക് രൂപപ്പെടുത്തി പാര്‍ട്ടിക്ക് കരുത്തുണ്ടാക്കാനാണു ശ്രമം.
മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു എന്നിവയെ പുനസംഘടിപ്പിച്ചു ശക്തിപ്പെടുത്തും. ബിന്ദുകൃഷ്ണ, ഡീന്‍ കുര്യാക്കോസ്, വി എസ് ജോയി എന്നിവര്‍ക്ക് പാര്‍ട്ടി ചുമതലകള്‍ നല്‍കും. പത്മജ വേണുഗോപാല്‍, എം എം ഹസന്‍ എന്നിവരുടെ കാര്യത്തില്‍ എന്തു വേണമെന്നു തീരുമാനമായിട്ടില്ല. പട്ടാമ്പിയില്‍ തോറ്റ സി പി മുഹമ്മദിനെ വീണ്ടും കെപിസിസി ജനറല്‍ സെക്രട്ടറിയാക്കിയേക്കും.
പിണറായി സര്‍ക്കാരിന്റെ കാലത്ത് ജനകീയ മുഖമുള്ള പ്രതിപക്ഷമാകാന്‍ ഉതകുന്ന ടീമിനെ ഉണ്ടാക്കാനാണ് ശ്രമം. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവും കെ മുരളീധരന്‍ ഉപനേതാവും ഉമ്മന്‍ ചാണ്ടി യുഡിഎഫ് കണ്‍വീനറുമായേക്കും. അതേസമയം, നേതാവ് സ്ഥാനത്തേക്ക് ഇടക്ക് പറഞ്ഞുകേട്ട മുന്‍ കെപിസിസി പ്രസിഡന്റുകൂടിയായ മുരളീധരന് രമേശിനു താഴെ ഉപനേതാവാകാന്‍ താല്‍പര്യമില്ല എന്ന് അറിയുന്നു. ആ സ്ഥാനത്തേക്ക് വി ഡി സതീശന്റെ പേരും പരിഗണിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here