Wednesday, April 17, 2024
spot_img
Home ന്യൂസ്‌ ഫീച്ചേർഡ് ന്യൂസ് പ്രതിജ്ഞയെടുത്തു: പിണറായി മന്ത്രിസഭ അധികാരത്തില്‍

പ്രതിജ്ഞയെടുത്തു: പിണറായി മന്ത്രിസഭ അധികാരത്തില്‍

76
0

തിരുവനന്തപുരം:  പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്‌. മുഖ്യമന്ത്രിക്കൊപ്പം സി.പി.എമ്മിന്റെ പതിനൊന്നംഗങ്ങളും സി.പി.ഐ.യുടെ നാലും കോണ്‍ഗ്രസ് എസ്, ജനതാദള്‍ എസ്, എന്‍.സി.പി. എന്നിവയുടെ ഓരോ പ്രതിനിധികളുമാണ് സത്യപ്രതിജ്ഞ ചെയ്തത്‌.  ഗവര്‍ണര്‍ പി.സദാശിവം മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സി.പി.എം, സി.പി.ഐ മന്ത്രിമാര്‍ സഗൗരവം പ്രതിജ്ഞയെടുത്തപ്പോള്‍ സി.പി.എം സ്വതന്ത്രനായ കെ.ടി ജലീല്‍, മാത്യു.ടി തോമസ്, എ.കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ ദൈവനാമത്തിലാണ് സത്യവാചകം ചൊല്ലിയത്. 3.50ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തിയ പിണറായി വിജയനെയും നിയുക്ത മന്ത്രിമാരെയും ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് സ്വാഗതം ചെയ്തു. 

ദേശീയഗാനം ആലപിച്ചതോടെ ചടങ്ങുകള്‍ തുടങ്ങി. നാല് മണിക്ക് തന്നെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. സി.പി.ഐ നിയമസഭാ കക്ഷി നേതാവ് ഇ.ചന്ദ്രശേഖരന്‍ രണ്ടാമതായി സത്യവാചകം ചൊല്ലി. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ ചന്ദ്രശേഖരന് പരിക്കേറ്റിരുന്നു. പ്ലാസ്റ്ററിട്ട കൈയ്യുമായാണ് കാഞ്ഞങ്ങാട് എം.എല്‍.എയായ ചന്ദ്രശേഖരന്‍ സത്യപ്രതിജ്ഞയ്ക്ക് എത്തിയത്.

മൂന്നാമതായി ജെ.ഡി.എസ് നേതാവ് മാത്യു.ടി.തോമസ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. എന്‍.സി.പി നേതാവ് എ.കെ ശശീന്ദ്രന്റെ ഊഴമായിരുന്നു അടുത്തത്. ഘടകകക്ഷിനേതാക്കളില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് അഞ്ചാമതായി സത്യവാചകം ചൊല്ലിയത്. സി.പി.എമ്മില്‍ നിന്ന് എ.കെ ബാലനാണ് തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്തത്.

സി.പി.എം സ്വതന്ത്രനായ കെ.ടി ജലീലിന്റെ ഊഴമായിരുന്നു അടുത്തത്. ദൈവനാമത്തിലാണ് ജലീല്‍ സത്യപ്രതിജ്ഞ ചെയ്തത്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍ തുടര്‍ന്ന് സത്യവാചകം ചൊല്ലി. സി.പി.എമ്മിന്റെ തിരുവനന്തപുരം ജില്ലയിലെ പ്രമുഖനായ കടകംപള്ളി സുരേന്ദ്രന്റേതായിരുന്നു അടുത്ത ഊഴം.  കുണ്ടറ എം.എല്‍.എ ജെ. മെഴ്‌സിക്കുട്ടിയമ്മയാണ് അടുത്തതായി സത്യപ്രതിജ്ഞ ചെയതത്. എ.സി. മൊയ്തിന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സി.പി.ഐയില്‍ നിന്നും അഡ്വ.കെ. രാജുവാണ് അടുത്തതായി സത്യപ്രതിജ്ഞ ചെയ്തത്.

പേരാമ്പ്രയെ പ്രതിനിധീകരിക്കുന്ന ടി.പി.രാമകൃഷ്ണന്‍ മന്ത്രിയായി സത്യവാചകം ചൊല്ലി. പ്രഫ സി രവീന്ദ്രനാഥ് തുടര്‍ന്ന് സഗൗരവം സത്യവാചകം ചൊല്ലി. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ.കെ ശൈലജ ടീച്ചര്‍ സത്യവാചകം ചൊല്ലി. സി.പി.എമ്മില്‍ നിന്ന് ജി.സുധാകരനാണ് അടുത്തതായി പ്രതിജ്ഞ ചെയ്തത്. സി.പി.ഐ മന്ത്രിമാരായ വി.എസ് സുനില്‍കുമാറും പി തിലോത്തമനും തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്തു. ഏറ്റവും ഒടുവിലായി തോമസ് ഐസക് പ്രതിജ്ഞ ചെയ്തതോടെ ചടങ്ങ് പൂര്‍ത്തിയായി.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 25,00 പേര്‍ക്ക് ഇരിക്കാവുന്ന പന്തലൊരുക്കിയിരുന്നു. സ്റ്റേഡിയത്തിലെ ഗ്യാലറികളില്‍ 25,000 പേര്‍ക്കും ഇരിക്കാവുന്ന തരത്തിലാണ് ക്രമീകരണം ചെയ്തിട്ടുള്ളത്. സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ സാധിക്കാത്തവര്‍ക്ക് പുറത്ത് ചടങ്ങ് കാണാന്‍ സൗകര്യമൊരുക്കി.  

സ്റ്റേഡിയത്തിന് പുറത്തും പാളയം, സ്റ്റാച്യൂ എന്നിവിടങ്ങളിലും ചടങ്ങ് തത്സമയം കാണാന്‍ ടി.വി.കള്‍ സ്ഥാപിച്ചിരുന്നു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, മുന്‍പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ, വി.എസ് അച്യുതാനന്ദന്‍, മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ പ്രതിപക്ഷത്തെ വിവിധ നേതാക്കള്‍ രാഷ്ട്രീയ, സാമൂഹിക, ചലച്ചിത്രരംഗത്തെ പ്രമുഖരും ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും സത്യപ്രതിജ്ഞാ ചങ്ങിന് സാക്ഷ്യയായി.

LEAVE A REPLY

Please enter your comment!
Please enter your name here

%d bloggers like this: