ലണ്ടന്‍:വിദേശനഴ്‌സുമാരുടെ ഇംഗ്ലീഷ് ഭാഷയിലുള്ള മികവു സംബന്ധിച്ച് യുകെ സര്‍ക്കാര്‍ കൊണ്ടുവന്ന ഇളവ് മലയാളികള്‍ അടക്കം നൂറുകണക്കിനു തൊഴിലന്വേഷകര്‍ക്കു പ്രതീക്ഷയാകുന്നു. എന്‍എച്ച്എസ് ഇംഗ്ലീഷ് ഭാഷാ ടെസ്റ്റില്‍ (ഐഇഎല്‍ടിഎസ്) ഇളവ് അനുവദിക്കാനുള്ള നിര്‍ണായകമായ പ്രഖ്യാപനം നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ നടത്തിക്കഴിഞ്ഞു. യുകെയിലേക്കു നഴ്‌സിംഗ് ജോലിക്ക് അപേക്ഷിക്കുന്ന നഴ്‌സുമാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഭേദഗതി പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു.

എന്‍എംസി രജിസ്‌ട്രേഷന് ആവശ്യമായ ഐഇഎല്‍ടിഎസ് ഓരോ കാറ്റഗറിയിലും 7 എന്ന സ്‌കോര്‍ ഒരു ചാന്‍സില്‍ തന്നെ നേടണം എന്ന നിബന്ധനയിലാണ് ഇളവു വരുത്തിയിട്ടുള്ളത്. ഓരോ കാറ്റഗറിയിലും 7 എന്ന സ്‌കോര്‍ ആറു മാസത്തിനുള്ളില്‍ എഴുതുന്ന രണ്ടു ചാന്‍സില്‍ നേടിയാല്‍ മതി എന്ന പരിഷ്‌കാരമാണ് ഇന്നു മുതല്‍ നടപ്പിലാക്കിയിരിക്കുന്നത്. അതേസമയം ഈ രണ്ടു ചാന്‍സിലും ഓരോ കാറ്റഗറിക്കും 6.5 സ്‌കോറില്‍ കുറയാനും പാടില്ല എന്നും നിബന്ധനയില്‍ പറയുന്നു.ഐഇഎല്‍ടിഎസ് യോഗ്യത തെളിയിക്കാനായി രണ്ടു തവണയും ലഭിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.

ഉദാഹരണത്തിന് ആഗ്യം എഴുതിയ പരീക്ഷയില്‍ റീഡിംഗിന് 6.5 ഉം മറ്റെല്ലാ വിഭാഗത്തിനും ഏഴോ അതില്‍ കൂടുതലോ ലഭിച്ചു എന്നും കരുതുക. ആറുമാസത്തിനുള്ളില്‍ എഴുതുന്ന രണ്ടാമത്തെ ചാന്‍സില്‍ റീഡിംഗിന് 7 ലഭിച്ചാല്‍ ഈ രണ്ടു സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കിയാല്‍ മതിയാകും. ഐഇഎല്‍ടിഎസില്‍ ഇളവ് വേണമെന്നു പ്രമുഖ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ എന്‍എംസിയുടെ കണ്‍സള്‍ട്ടേഷനില്‍ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് തീരുമാനമെന്ന് എന്‍എംസി ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡ് രജിസ്ട്രാര്‍ ജാക്കി സ്മിത്ത് ചൂണ്ടിക്കാട്ടുന്നു.

ബ്രെക്‌സിറ്റിന്റെ കൂടി പശ്ചാത്തലത്തിലാണു നീക്കത്തിന് വേഗം വച്ചത്. രണ്ടു വര്‍ഷത്തിനുള്ളില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നെത്തുന്ന നഴ്‌സുമാരുടെ എണ്ണം എന്‍എച്ച്എസില്‍ ഇരട്ടിയോളമായിരുന്നു. ഇവര്‍ക്ക് ഭാഷാ പ്രാവീണ്യം തെളിയിക്കേണ്ടി വന്നിരുന്നുമില്ല. ഇത് ആരോഗ്യ മേഖലയെ തകര്‍ക്കുമെന്ന ആരോപണം ഉയര്‍ന്നിരുന്നുവെങ്കിലും സര്‍ക്കാര്‍ പരിഗണിച്ചില്ല. മലയാളികളെ അപേക്ഷിച്ച് ജോലിയില്‍ മികവ് കുറവാണെങ്കിലും വേതനത്തിലും മറ്റും വിട്ടുവീഴ്ചയ്ക്ക് ഇവര്‍ ഒരുക്കമായിരുന്നു. സര്‍ക്കാരിന്റെ കണക്കു പ്രകാരം 110,000 ഇയു ജീവനക്കാരാണ് ബ്രിട്ടന്റെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നത്. ഇവരില്‍ 20,000 പേരോളം നഴ്‌സുമാരാണ്.അടുത്തിടെ ഹെല്‍ത്ത് കെയര്‍ വിഭാഗത്തില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. പത്തില്‍ ഒമ്പത് ആശുപത്രികളിലും ജീവനക്കാരുടെ കുറവുണ്ട്. യുകെയില്‍ ഇപ്പോള്‍ത്തന്നെ ആറില്‍ ഒരു നഴ്‌സു വീതം രാജ്യത്തിന് പുറത്തു പഠിച്ചവരാണെന്നു കണക്കുകള്‍ പറയുന്നു. പുതിയ പരിഷ്‌കാരത്തോടെ മലയാളികള്‍ക്ക് കൂടുതലായി യുകെയില്‍ എത്താന്‍ കഴിയുമെന്നു കരുതപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here