ന്യൂഡല്‍ഹി:സ്ഥാനമാനങ്ങളില്‍ താത്പര്യമില്ലാത്ത, പ്രതികാരം മനസിലില്ലാത്ത പരമസാത്വികനായ നേതാവാണ് എ.കെ.ആന്റണിയെന്നാണു പൊതുവേയുള്ള ധാരണ. എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വ ഈ ധാരണ തെറ്റിക്കുകയാണ്. തന്നെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി കരുക്കള്‍ നീക്കിയെന്നും 2004ല്‍ കേരളത്തിലുണ്ടായ നേതൃമാറ്റമാണ് ആന്റണിയുടെ വിരോധത്തിനു കാരണമെന്നും മാര്‍ഗരറ്റ് ആല്‍വ പറയുന്നു. ഉടനെ പുറത്തിറങ്ങുന്ന ‘കറേജ് ആന്‍ഡ് കമ്മിറ്റ്‌മെന്റ്’ എന്ന ആത്മകഥയിലാണു രാഷ്ട്രീയത്തിലെ തന്റെ കയറ്റിറക്കങ്ങളുടെ കഥകള്‍ മാര്‍ഗരറ്റ് ആല്‍വ വിശദമാക്കുന്നത്.

2008ല്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ താന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമായപ്പോള്‍ ആന്റണിയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ച മാര്‍ഗരറ്റ് ആല്‍വ വിവരിക്കുന്നു. സോണിയയുമായി നടന്ന ചര്‍ച്ചയില്‍ ഇടപെട്ടപ്പോള്‍, ഇതു താനും സോണിയ ഗാന്ധിയുമായുള്ള കാര്യമാണെന്നും താങ്കള്‍ ഇടപെടേണ്ടെന്നും കടുപ്പിച്ചു പറയേണ്ടിവന്നു. താന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുന്നതിലേക്കു കാര്യങ്ങള്‍ എത്തിയതിനെ, ആന്റണി തനിക്കെതിരെ നടത്തിയ പ്രചാരണം ഫലം കണ്ടുവെന്നാണു മാര്‍ഗരറ്റ് ആല്‍വ വിശേഷിപ്പിക്കുന്നത്.

2004ല്‍ കോണ്‍ഗ്രസിനു സീറ്റുകളൊന്നും ലഭിക്കാഞ്ഞ സാഹചര്യം പഠിക്കാന്‍ താനും ആര്‍.എല്‍.ഭാട്ടിയയും സംസ്ഥാനത്തെത്തി. ഓരോരുത്തരോടും വിശദമായി സംസാരിച്ചു. നേതൃമാറ്റമാണ് ഏകകണ്ഠമായി ഉന്നയിക്കപ്പെട്ട ആവശ്യം. സ്വന്തം പ്രതിച്ഛായയില്‍ മാത്രമാണ് ആന്റണിക്കു താല്‍പര്യമെന്നും അദ്ദേഹം പാര്‍ട്ടിയെ അവഗണിച്ചുവെന്നും പരാതിയുണ്ടായി. തങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സോണിയയെഴുതി: ‘ഉടനെ തുടര്‍ നടപടിയെടുക്കുക.’ സംസ്ഥാനത്തു തുടര്‍ന്നു നടപടികള്‍ക്കായി പ്രണബ് മുഖര്‍ജിയെയും അഹമ്മദ് പട്ടേലിനെയും തന്നെയും സോണിയ ചുമതലപ്പെടുത്തി. തങ്ങള്‍ സംസ്ഥാനത്തു ചെന്നു. ആന്റണിക്കു പകരം ഉമ്മന്‍ ചാണ്ടിയെ നിയമിച്ചു.

തീരുമാനം സോണിയ ഗാന്ധിയുടേതായിരുന്നെങ്കിലും ആന്റണി തന്നോട് ഒരിക്കലും ക്ഷമിച്ചില്ലെന്നും തനിക്കെതിരായ അവസരങ്ങളെല്ലാം ഉപയോഗിച്ചെന്നും മാര്‍ഗരറ്റ് ആല്‍വ ആരോപിക്കുന്നു. മംഗലാപുരത്തു നിന്നുള്ള മിടുക്കി പെണ്‍കുട്ടി, കോണ്‍ഗ്രസ് നേതാവും പാര്‍ലമെന്റ് അംഗവും കേന്ദ്രമന്ത്രിയും ഗവര്‍ണറുമൊക്കെ ആയതിന്റെ കഥകളില്‍ മലയാളവും വി.കെ.കൃഷ്ണമേനോന്‍, വയലാര്‍ രവി, ഉമ്മന്‍ ചാണ്ടി, എം.കെ.വെള്ളോടി, വി.ജോര്‍ജ് തുടങ്ങിയവരും കടന്നുവരുന്നു. പിതാവ് ഒറ്റപ്പാലത്തു സബ്ജഡ്ജി ആയിരുന്ന കാലത്ത് താന്‍ അന്നാട്ടിലുള്ളവരില്‍നിന്നു മലയാളം പഠിച്ചതും സിസ്റ്റര്‍ മറീന തന്നെ പരിശീലിപ്പിച്ചതും മാര്‍ഗരറ്റ് ഓര്‍ത്തെടുക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here