വാഷിംഗ്ടണ്‍: ലോകം കണ്ടുപഠിക്കണം ഈ മതമൈത്രിയുടെ സന്ദേശം. അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണ്‍ നഗരത്തിലെ ഒരു ഹിന്ദു ക്ഷേത്രത്തിന് കാവല്‍ നില്‍ക്കുന്നത് മുസ് ലിം യുവാവാണ് എന്നത് മതവൈരം കൊണ്ടു പരസ്പരം കൊന്നൊടുക്കുന്ന ആധുനിക ലോകത്തിനു പുതിയ പാഠമാണ്. മതവും രാഷ്ട്രീയവും ചേര്‍ന്ന് സമൂഹത്തെ അസഹിഷ്ണുതയിലേക്കു നയിക്കുന്ന കാലത്താണ് മുബൈ സ്വദേശിയായ ലഫ്‌നന്റ് ജാവേദ് ഖാന്‍ ക്ഷേത്രത്തിനു കാവലൊരുക്കി ശ്രദ്ധേയനാകുന്നത്.

യു എസിലെ ഇന്ത്യാനപോളിസില്‍ പോലീസ് ഉദ്യോഗസ്ഥനാണ് ജാവേദ്. ഇവിടുത്തെ ഹിന്ദുക്ഷേത്രത്തിന്റെ സുരക്ഷാ വിഭാഗം തലവനും. തൈക്കാണ്ടോയില്‍ ബ്ലാക്ക് ബെല്‍റ്റ് ജേതാവും ബോക്‌സിംഗ് ചാംപ്യനുമായ ജാവേദ് മുംബൈയില്‍ ജനിച്ച് പൂനെയിലാണ് വളര്‍ന്നത്. 1986 ലാണ് ആദ്യമായി അമേരിക്കയിലെത്തുന്നത്. ചാംപ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാനായിരുന്നു ആദ്യ വരവ്. പിന്നീട് അവിടെ പൊലീസ് ഉദ്യോഗസ്ഥനായി. 2001 മുതല്‍ അമേരിക്കയില്‍ സ്ഥിര താമസം.

എല്ലാ ഞായറാഴ്ചകളിലും വെള്ളിയാഴ്ചകളിലും ജാവേദ് ഖാന്‍ ക്ഷേത്രത്തിലെത്തും. എല്ലാവരും ദൈവത്തിന്റെ മക്കളാണ്, പല പേരുകളിലും അറിയപ്പെടുന്നുണ്ടെങ്കിലും ദൈവം ഒന്നേ ഉള്ളുവെന്ന് ജാവേദ് പറയുന്നു. എന്റെ ജോലി മാത്രമാണ് ഞാന്‍ ചെയ്യുന്നത് അതില്‍ എന്തെങ്കിലും പ്രത്യേകതയുണ്ടെന്ന് കരുതുന്നില്ല. ഞാന്‍ ഇന്ത്യക്കാരനാണ്. എന്റെ കുടുംബത്തിലെ ചിലര്‍ ഹിന്ദുമതത്തിലും ചിലര്‍ ഇസ്ലാം മതത്തിലും വിശ്വസിക്കുന്നു. എല്ലാ ആഴ്ചയിലും ക്ഷേത്ര പരിസരത്തെത്തുമ്പോള്‍ തനിക്ക് ഇന്ത്യയിലെത്തിയ പ്രതീതിയാണെന്നും ജാവേദ് പറയുന്നു.
ജാവേദ് ഖാന്റെ സേവനത്തില്‍ ക്ഷേത്ര ഭരണ സമിതിയും വിശ്വാസികളും ഒരേപോലെ സന്തോഷത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here