കോട്ടയം: ധാര്‍മികതയുടെ അടിസ്ഥാനത്തില്‍ കംപ്യൂട്ടര്‍ സോഫ്റ്റുവെയറുകളിലെ സുരക്ഷാപിഴവുകള്‍ കണ്ടെത്തുന്ന എത്തിക്കല്‍ ഹാക്കിംഗിലൂടെ ഗൂഗിള്‍ ഉള്‍പ്പെടെ കംപ്യൂട്ടര്‍ ഭീമന്മാരെ വിസ്മയിപ്പിക്കുകയാണ് ഒരു മലയാളി യുവാവ്. ഏറ്റവുമൊടുവില്‍ ഗൂഗിള്‍ സെര്‍വറുകളിലെ സുരക്ഷാപിഴവാണ് ഈ യുവാവ് കണ്ടെത്തിയത്. ഇതിന് അഞ്ചുലക്ഷത്തോളം രൂപ ഗൂഗിള്‍ പ്രതിഫലമായി യുവാവിന് നല്‍കുകയും ചെയ്തു. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജ് വിദ്യാര്‍ഥിയായ പാലാ രാമപുരം സ്വദേശി ഹേമന്ദ് ജോസഫാണ് ഗൂഗിള്‍ ക്ലൗഡിലെ സുരക്ഷാപിഴവുകള്‍ കണ്ടെത്തി കമ്പനിയെ അറിയിച്ചത്.

ഏതൊരു ക്ലൗഡ് ഉപഭോക്താവിന്റെ അക്കൗണ്ടിലും കടന്നുകയറാന്‍ ഇടയാക്കുന്ന പിഴവ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഗൂഗിള്‍ വള്‍നറബിളിറ്റി റിവാര്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായി 7,500 ഡോളര്‍ ഹേമന്ദിനെ തേടിയെത്തിയത്. ഏതാനും ആഴ്ചയ്ക്കുള്ളില്‍ പിഴവ് പൂര്‍ണമായി പരിഹരിക്കുമെന്നാണ് ഗൂഗിളിന്റെ അറിയിപ്പ്. മുന്‍പും ട്വിറ്റര്‍, യാഹു, ബ്ലാക്ക്‌ബെറി, മൈക്രോസോഫ്റ്റ് തുടങ്ങിയവയുടെ സുരക്ഷാവീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഹേമന്ദ് ശ്രദ്ധ നേടിയിരുന്നു.
യുഎസിലെ ടെലികോം ഭീമനായ എടി ആന്‍ഡ് ടിയുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാമെന്ന് കമ്പനിയെ ബോധ്യപ്പെടുത്തിയപ്പോള്‍ ഹേമന്ദിനു പ്രായം വെറും പതിനേഴ്. അന്നു പ്രതിഫലമായി ലഭിച്ചത് 5000 ഡോളറാണ്. പ്രമുഖ സ്മാര്‍ട് വാച്ച് നിര്‍മാതാക്കളായ പെബിളും ഹേമന്ദിനോടു കടപ്പെട്ടിരിക്കുന്നു. വാച്ച് ഉപയോഗിക്കുന്ന വ്യക്തിയുടെ ഫെയ്‌സ്ബുക് അക്കൗണ്ട് ലഭിച്ചാല്‍ ലോകത്തെവിടെയിരുന്നും വാച്ച് പ്രവര്‍ത്തരഹിതമാക്കാന്‍ കഴിയുമെന്നായിരുന്നു ഹേമന്ദിന്റെ വാദം. ഇപ്പോഴും പെബിളിന്റെ പുത്തന്‍ സോഫ്റ്റ്‌വെയറുകളും ഗാഡ്‌ജെറ്റുകളും സുരക്ഷാപരിശോധനയ്ക്കായി ഹേമന്ദിന് അയച്ചുകൊടുക്കാറുണ്ട്.
വിവിധ ടെക് ഭീമന്‍മാരില്‍ നിന്ന് ഇതിനോടകം പത്തുലക്ഷം രൂപയിലധികം സമ്മാനത്തുകയായി ലഭിച്ച ഹേമന്ദ് സര്‍ക്കാര്‍ രൂപംകൊടുത്ത കേരള പൊലീസ് സൈബര്‍ ഡോമിലെ കമാന്‍ഡറാണ്.

LEAVE A REPLY

Please enter your comment!
Please enter your name here