കോഴിക്കോട്: കേരളത്തിലെ വിജിലന്‍സിന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ എഴുതി നല്‍കിയ പരാതിയുടെ വിശദാംശങ്ങള്‍ പുറത്ത്. ആരോപണം സത്യമാണെങ്കില്‍ കേരളത്തില്‍ ഇടതുപക്ഷവും വലതുപക്ഷവും അഴിമതിക്കുവേണ്ടി മത്സരിക്കുകയാണ്. വി.മുരളീധരന്റെ പരാതി ശരിയാണെങ്കില്‍.അഴിമതിയുടെ കറപുരളാത്ത സംശുദ്ധജീവിതം നയിക്കുന്നവരെന്ന് ജനംകരുതുന്നവര്‍ വരെ സ്വന്തം കുടുംബസ്വത്ത് വര്‍ധിപ്പിക്കാനുള്ള അക്ഷീണയത്‌നത്തിലാണ് എന്ന് ഉറപ്പിക്കാം. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍, മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ വി.എസ്.ശിവകുമാര്‍ എന്നിവര്‍ക്കെതിരേ ഗുരതര ആരോപണങ്ങളാണ് വിജിലന്‍സ് എസ്.പി സുനില്‍ബാബുവിനു നല്‍കിയ മൊഴിയില്‍ മുരളീധരന്‍ ഉന്നയിച്ചിട്ടുള്ളത്. ആരോപണങ്ങള്‍ സംബന്ധിച്ച് വിജലന്‍സ് ഡയറക്ടര്‍ക്ക് മുരളീധരന്‍ പരാതി നല്‍കിയിരുന്നു.
ശിവകുമാര്‍ തിരുവനന്തപുരത്ത് മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രി വാങ്ങിയെന്നതാണു മുരളീധരന്‍ ഉന്നയിച്ചിട്ടുള്ള പ്രധാന ആരോപണം. കോടിയേരി ബാലകൃഷ്ണന്റെ മകന് സംസ്ഥാനത്ത് വലിയ വ്യവസായ സംരംഭങ്ങള്‍ ഉള്ളതായി മൊഴിയിലുണ്ട്. മാര്‍ബിള്‍, ഫര്‍ണീച്ചര്‍, കാര്‍ ആക്‌സസറീസ് തുടങ്ങി വിവിധ മേഖലകളിലാണ് വ്യവസായ ശൃംഖല വ്യാപിച്ചു കിടക്കുകയാണ്. പൊതുപ്രവര്‍ത്തകന്‍ മാത്രമായ ഒരാളുടെ മകന് ഇതിനെല്ലാം എവിടെ നിന്നും പണം കിട്ടിയെന്ന് അന്വേഷിക്കണമെന്നാണു പരാതിക്കാരന്റെ ആവശ്യം. സാമ്പത്തിക സ്രോതസിനു പിന്നിലാരെല്ലമെന്നും കണ്ടെത്തണം. കോടിയേരിയുടെ മൂത്തമകന്റെ വിവാഹത്തിനു ലക്ഷങ്ങള്‍ ചെലവിട്ടതായി മുരളീധരന്‍ ആരോപിച്ചു. വിവാഹത്തിന്റെ പത്ര വാര്‍ത്തകളും ഫോട്ടോകളും തെളിവായി ഹാജരാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ വിവാഹം നടത്താന്‍ കോടിയേരിക്ക് എവിടെ നിന്നു പണം കിട്ടിയെന്ന് അന്വേഷിക്കണം.
വി.എസിന്റെ മകള്‍ ആശയുടെ മക്കള്‍ എം.ബി.ബി.എസ്. പഠനം നടത്തിയതിനെക്കുറിച്ച് അന്വേഷണം വേണമെന്നതാണ് മറ്റൊരു ആവശ്യം. മാനേജ്‌മെന്റ് ക്വാട്ടയിലാണോ സീറ്റെന്നും പണം നല്‍കാതെയാണു സീറ്റ് കിട്ടിയതെങ്കില്‍ മാനേജുമെന്റുമായി ഏന്തു ധാരണയാണ് ഉണ്ടാക്കിയതെന്നും അന്വേഷിക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ഐടി കമ്പനി നടത്തുകയാണ്. ഈ കമ്പനിക്ക് പിന്നിലെ സാമ്പത്തിക സ്രോതസ് കണ്ടെത്തണം. പിണറായിയുടെ മകന്‍ ബര്‍മിങ്ഹാം യൂണിവേഴ്‌സിറ്റിയില്‍ 42 ലക്ഷം രൂപ ചെലവഴിച്ചാണ് ബിരുദമെടുത്തത്. ഇതിനുള്ള പണം എവിടെ നിന്നു കിട്ടിയെന്നതും അന്വേഷിക്കണമെന്നും മുരളീധരന്‍ മൊഴിയില്‍ പറയുന്നു.
രേഖാമൂലമുള്ള പരാതിയാണ് താന്‍ നല്‍കിയതെന്നും വിജിലന്‍സിനു തെളിവുകള്‍ കിട്ടുന്നില്ലെങ്കില്‍ അതു കണ്ടെത്തിക്കൊടുക്കാനുള്ള വഴി കാട്ടുമെന്നും മുരളീധരന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ചില പ്രധാന കാര്യങ്ങളാണു താന്‍ സൂചിപ്പിട്ടുള്ളതെന്നും പാര്‍ട്ടിയുടെ ദേശീയ സമ്മേളനം കഴിഞ്ഞാല്‍ വിശദമായ മൊഴി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം മൊഴി സൂക്ഷ്മതയോടെ അന്വേഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനു വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here