ആലപ്പുഴ: ബി.ജെ.പി. നേതൃത്വത്തിന്റെ സമീപനത്തില്‍ ബി.ഡി.ജെ.എസ്. അണികള്‍ അതൃപ്തരാണെന്ന വാദവുമായി എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്നാല്‍, ബി.ജെ.പിയുമായി അഭിപ്രായവ്യത്യാസമോ തര്‍ക്കമോ ഇല്ലെന്നും ഇതുസംബന്ധിച്ച് വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായം വ്യക്തിപരമണെന്നും ബി.ഡി.ജെ.എസ്. പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു. കണിച്ചുകുളങ്ങരയില്‍ ബി.ഡി.ജെ.എസ്. സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് തുഷാര്‍ നിലപാട് ആവര്‍ത്തിച്ചത്.
ബി.ജെ.പി ദേശീയ കൗണ്‍സില്‍ കോഴിക്കോട്ട് ആരംഭിച്ചിരിക്കെ വെള്ളാപ്പള്ളിയുടെയും തുഷാറിന്റെയും നിലപാടുകള്‍ രാഷ്ട്രീയചര്‍ച്ചയായി.

എതിരാളികള്‍ ബി.ഡി.ജെ.എസിനെ കഴുതയെന്നു വിളിക്കാന്‍ ബി.ജെ.പി. വഴിയൊരുക്കിയെന്നാണ് വെള്ളാപ്പള്ളി നടേശന്‍ ഇന്നലെ രാവിലെ മാധ്യമങ്ങളോട് തുറന്നടിച്ചത്. അണികള്‍ അതൃപ്തരാണ്. ബി.ഡി.ജെ.എസിനു മറ്റുവഴികള്‍ നോക്കേണ്ടിവരും. സ്ഥാനങ്ങള്‍ നല്‍കാമെന്നു പറഞ്ഞു മോഹിപ്പിച്ചു. ഉറപ്പുകള്‍ ഒന്നും പാലിക്കപ്പെടുന്നില്ല. അമിത് ഷാ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയിട്ടും ഗുണമുണ്ടായില്ല. ഒന്നും നടക്കാത്തതില്‍ അണികള്‍ക്ക് മാനസികമായ ദുഃഖമുണ്ട്. ബി.ജെ.പിയിലെ ഗ്രൂപ്പിസമാവാം ഇതിനു കാരണമെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
എന്നാല്‍ ബി.ഡി.ജെ.എസ് യോഗത്തിന് ശേഷം വെള്ളാപ്പള്ളിയുടെ ആരോപണങ്ങള്‍ ഖണ്ഡിച്ച തുഷാര്‍ വെള്ളാപ്പള്ളി അദ്ദേഹത്തിന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നാണ് പറഞ്ഞത്. തങ്ങളുടെ ആവശ്യങ്ങളില്‍ അനുകൂലമായ തീരുമാനമെടുക്കുന്നതിന് സ്വാഭാവികമായ കാലതാമസം മാത്രമേയുള്ളൂ. ബി.ജെ.പിയുമായുള്ള ബന്ധത്തില്‍ പൂര്‍ണ സംതൃപ്തിയാണുള്ളത്. ബി.ഡി.ജെ.എസിന്റെ ആവശ്യങ്ങള്‍ ബി.ജെ.പി. ദേശീയ പ്രസിഡന്റ് അമിത്ഷായെ അറിയിക്കുകയും അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ബി.ജെ.പിയുമായി അകല്‍ച്ചയുള്ള തരത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ യോഗം പ്രവര്‍ത്തകരുടെ വികാരമായിരിക്കുമത്. കാര്യങ്ങള്‍ വേഗത്തില്‍ പോകുന്നില്ലെന്ന് ഒരുവിഭാഗം പ്രവര്‍ത്തകര്‍ക്ക് അഭിപ്രായമുണ്ട്.

ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് ഇന്ന് ചേര്‍ത്തലയില്‍ ബി.ഡി.ജെ.എസിന്റെ ജില്ലാതല ഭാരവാഹികളുടെ യോഗം ചേരും. കോഴിക്കോട്ട് നടക്കുന്ന ബി.ജെ.പി. സമ്മേളനവുമായി ബന്ധപ്പെട്ട് ദേശീയ നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ സംബന്ധിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദത്തിനോ മറ്റ് ചര്‍ച്ചകള്‍ക്കോ അല്ല. എന്‍.ഡി.എ. വിപുലീകരിക്കണമെന്നതാണ് പാര്‍ട്ടിയുടെ താല്‍പര്യം. കെ.എം. മാണി വരാന്‍ തയാറായാല്‍ സ്വാഗതം ചെയ്യും. ബി.ഡി.ജെ.എസ്. ഒപ്പമുള്ളതിനാലാണ് ഇത്തവണ ബി.ജെ.പിക്ക് കേരളത്തില്‍ 15 ശതമാനം വോട്ട് ലഭിച്ചത്. എന്‍.ഡി.എയുമായി ബന്ധം കൂടുതല്‍ ബലപ്പെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. എന്‍.ഡി.എയുമായുള്ള ബന്ധം വിച്ഛേദിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. ബി.ഡി.ജെ.എസിന്റെ ഒന്നാം വാര്‍ഷികം ഡിസംബര്‍ അഞ്ചിന് എറണാകുളത്ത് വിപുലമായി ആഘോഷിക്കുമെന്നും തുഷാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here