ജമ്മു കശ്മിരിലെ ഉറി സൈനികക്യാംപിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബഏറ്റെടുത്തു. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ കിട്ടിയില്ലെങ്കിലും പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗുര്‍ജന്‍വാലയില്‍ പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തുമെന്ന് അറിയിച്ചുകൊണ്ടുള്ള പോസ്റ്ററിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഉറി ആക്രമത്തിനിടെ ഇന്ത്യന്‍ സൈന്യം വധിച്ച ഭീകരന്‍ മുഹമ്മദ് അനസിന്റെ ചിത്രം സഹിതമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. അനസിനെ രക്തസാക്ഷിയായാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഉറുദുവില്‍ എഴുതിയിരിക്കുന്ന പോസ്റ്ററില്‍ 177 ഇന്ത്യന്‍ സൈനികരെ നരകത്തിലേക്ക് അയക്കാന്‍ സാധിച്ചുവെന്നും അവകാശപ്പെടുന്നുണ്ട്.

ഉറി ആക്രമത്തിന് പിന്നില്‍ പാകിസ്താനാണെന്ന് ഇന്ത്യ തെളിവുകള്‍ ഉയര്‍ത്തുന്നതിനിടെയാണ് ഉത്തരവാദിത്വം ഏറ്റെടുത്ത് ലഷ്‌കര്‍ രംഗത്തുവന്നിരിക്കുന്നത്. ഇതോടെ പാകിസ്താന്റെ പങ്ക് കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.

കഴിഞ്ഞ സെപ്തംബര്‍ 18 നാണ് ഉറിയിലെ സൈനിക ക്യാംപില്‍ ഭീകരര്‍ ആക്രമണം നടത്തിയത്. 20 ജവാന്മാര്‍ അന്ന വീരമൃത്യു വരിച്ചു. നാല് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here