ഫീനിക്‌സ്: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഷിക്കാഗോ സോഷ്യല്‍ മിനിസ്ട്രിയുടെ ഫീനിക്‌സ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിച്ചു. രൂപതയിലെ എല്ലാ ഇടവകകളിലും മിനിസ്ട്രിയുടെ പ്രവര്‍ത്തനകേന്ദ്രങ്ങള്‍ തുടങ്ങണമെന്ന നിര്‍ദേശം സ്വീകരിച്ചുകൊണ്ടാണ് ഫീനിക്‌സ് ഹോളി ഫാമിലി ദേവാലയത്തോടനുബന്ധിച്ചും സി.എസ്.എമ്മിനു തുടക്കംകുറിച്ചിരിക്കുന്നത്. ആഘോഷങ്ങളിലെ ആര്‍ഭാടം കുറച്ച് മിച്ചം ശേഖരിക്കുന്ന തുക വിവിധ സാമൂഹ്യ-സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുകയാണ് രൂപതയുടെ നിയന്ത്രണത്തിലുള്ള ഷിക്കാഗോ സോഷ്യല്‍ മിനിസ്ട്രിയുടെ ലക്ഷ്യം.

ലോകത്തെവിടെയും പ്രത്യേകിച്ച് അമേരിക്കയിലേയും അര്‍ഹരായവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ആവശ്യമായ സാമ്പത്തിക സഹായം എത്തിച്ചുകൊടുക്കുകയാണ് സംഘടനയുടെ പ്രവര്‍ത്തനശൈലി. ഈവര്‍ഷം പ്രഥമ ദിവ്യകാരുണ്യം നടത്തിയ കുട്ടികളില്‍ നിന്നും ആദ്യ തുക സ്വീകരിച്ചുകൊണ്ടാണ് പ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. വിശ്വാസദീപം തെളിയിച്ച് ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ച സമ്മേളനത്തില്‍ വച്ച് ബിഷപ്പ് മാര്‍ അങ്ങാടിയത്ത് പിതാവ് ആദ്യ സംഭാവനയുടെ ചെക്ക് കുട്ടികളില്‍ നിന്നും കൈപ്പറ്റി. ഈവര്‍ഷം ഇടവകയില്‍ നിന്നും ആദ്യമായി വിശുദ്ധ കുര്‍ബാന സ്വീകരിച്ച കുട്ടികള്‍ ദശാംശം സ്വരൂപിച്ചാണ് ഇതിനു ആവശ്യമായ ഫണ്ട് കണ്ടെത്തിയതെന്ന് വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ അറിയിച്ചു.

പാവങ്ങളോടും വേദന അനുഭവിക്കുന്നവരോടും ത്യാഗപൂര്‍വ്വം സന്തോഷം പങ്കുവെയ്ക്കാന്‍ കാണിച്ച കുട്ടികളുടെ നല്ല മനസ്സ് പ്രകീര്‍ത്തിക്കപ്പെടേണ്ടതാണെന്ന് ഉദ്ഘാടന സന്ദേശത്തില്‍ ബിഷപ്പ് മാര്‍ അങ്ങാടിയത്ത് പറഞ്ഞു. ക്രൈസ്തവീകമായ കാരുണ്യപ്രവര്‍ത്തികള്‍ കുട്ടികളെ നന്നേ ചെറുപ്പത്തിലേ പരിശീലിപ്പിക്കുന്നതിനുള്ള കടമ ഏറ്റെടുത്ത് നിര്‍വ്വഹിക്കേണ്ടത് മാതാപിതാക്കളാണെന്ന് ബിഷപ്പ് ഓര്‍മ്മപ്പെടുത്തി. സമൂഹത്തിലെ മുതിര്‍ന്നവരും ഈ ഉത്തരവാദിത്വം ചുമതലാപൂര്‍വ്വം നിര്‍വഹിക്കേണ്ടതാണെന്ന് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

പള്ളി ട്രസ്റ്റിമാരായ മനോജ് ജോണ്‍, ജയ്‌സണ്‍ വര്‍ഗീസ്, പ്രസാദ് ഫിലിപ്പ് എന്നിവരാണ് ഉദ്ഘാടന ചടങ്ങുകളുടെ വിജയകരമായ നടത്തപ്പിന് നേതൃത്വം നല്കിയത്. മാത്യു ജോസ് അറിയിച്ചതാണിത്.

 
 

LEAVE A REPLY

Please enter your comment!
Please enter your name here