ശശികല ജയയുടെ മണ്ഡലത്തില്‍ മത്സരിച്ചാല്‍ എതിരാളി തലൈവിയുടെ സഹോദരപുത്രി ദീപ
അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറിയായി ജയലളിതയുടെ തോഴി ശശികലയെ തിരഞ്ഞെടുത്തതോടെ മുഖ്യമന്ത്രി കസേര ‘ഉറപ്പിക്കാന്‍’ പനീര്‍ശെല്‍വം കരുക്കള്‍ നീക്കി തുടങ്ങി.

അണ്ണാഡിഎംകെയില്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ പതിവുള്ള രീതി അല്ലാത്തതിനാല്‍ ഏത് നിമിഷവും പനീര്‍ ശെല്‍വത്തിന്റെ കസേര തെറിക്കുമെന്ന അവസ്ഥയാണ് ഇപ്പോള്‍ തമിഴകത്തുള്ളത്.

മന്ത്രിമാരടക്കമുള്ള പല നേതാക്കളും ഇതിനകം തന്നെ ശശികല മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു.

ജയയുടെ മണ്ഡലമായ ആര്‍.കെ നഗറിലെ ഉപതിരഞ്ഞെടുപ്പ് 6 മാസത്തിനുള്ളില്‍ നടക്കുമെന്നതിനാല്‍ അവിടെ ശശികലയെ മത്സരിപ്പിച്ച് വിജയിപ്പിക്കാനണ് അണ്ണാഡിഎംകെയിലെ ഒരു വിഭാഗത്തിന്റെ നീക്കം.

പനീര്‍ ശെല്‍വത്തെ ഇപ്പോള്‍ തന്നെ രാജിവയ്പിച്ച് ശശികലയെ മുഖ്യമന്ത്രിയാക്കി തിരഞ്ഞെടുപ്പിനെ നേരിടണമെന്ന ആവശ്യവും ഉയര്‍ന്നു കഴിഞ്ഞു.

എന്നാല്‍ അണ്ണാഡിഎംകെയിലെ ഈ സംഭവവികാസങ്ങളില്‍ ബിജെപി കേന്ദ്ര നേതൃത്വം എടുക്കുന്ന നിലപാടാണ് വഴിതിരിവാവുക.

അനധികൃത സ്വത്ത് കേസുള്‍പ്പടെ സിബിഐ അന്വേഷണം ശശികല നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്രം പിടിമുറുക്കിയാല്‍ ശശികലയുടെ ഭാവി തന്നെ അവതാളത്തിലാകും.

ജയയുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ ‘വില്ലന്‍’ പരിവേഷം പൊതു സമൂഹത്തിനിടയില്‍ ശശികലക്കുള്ളതിനാല്‍ സൂക്ഷിച്ച് മുന്നോട്ട് പോവാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.

ജയലളിതയുടെ മണ്ഡലത്തില്‍ ശശികലക്കെതിരെ ജയലളിതയുടെ സഹോദരപുത്രി ദീപ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്.

ഇത്തരമൊരു സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമില്ലാത്ത ശശികലയ്ക്ക് ജയലളിതയോടുള്ള സഹതാപ വോട്ടുകള്‍ ലഭിക്കുമോ എന്ന കാര്യത്തില്‍ ബിജെപി നേതാക്കള്‍ക്കിടയില്‍ ആശങ്കയുണ്ട്.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 42 എം.പിമാരെ സംഭാവന ചെയ്യുന്ന തമിഴകം മോദിക്ക് നിര്‍ണ്ണായകമായതിനാല്‍ സൂക്ഷിച്ച് ചുവടുവയ്ക്കാനാണ് ബിജെപി നേതൃത്വത്തിന്റെ ധാരണ.

ആര്‍.കെ നഗറിലെ വിധിയെഴുത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ബിജെപി വ്യക്തമായ രാഷ്ട്രീയ ലൈന്‍ സ്വീകരിക്കാന്‍ സാധ്യതയുള്ളൂവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തല്‍.

അതേസമയം, ശശികല പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പശ്ചാതലത്തില്‍ തമിഴ് നാട്ടില്‍ പലയിടത്തും അണ്ണാഡിഎംകെ പ്രവര്‍ത്തകര്‍ പരസ്യമായി തെരുവിലിറങ്ങി പ്രതിഷേധ പ്രകടനം നടത്തി. ദീപയെ മാത്രമേ ജയലളിതയുടെ പിന്‍ഗാമിയായി അംഗീകരിക്കുവെന്നാണ് അവരുടെ നിലപാട്.

ഇതിനകം തന്നെ പല ചാനല്‍ ഇന്റര്‍വ്യൂകളിലും പ്രത്യക്ഷപ്പെട്ട ദീപയുടെ മാനറിസങ്ങള്‍ ജയലളിതയെ അനുകരിക്കുന്നതായതിനാല്‍ അത് അണ്ണാഡിഎംകെ അണികളെ ആകര്‍ഷിക്കുന്നുണ്ട്.

സാങ്കേതികമായി നേതാക്കളും മന്ത്രിമാരുമെല്ലാം യോഗം ചേര്‍ന്ന് ശശികലയെ പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുത്തെങ്കിലും ലക്ഷക്കണക്കിന് വരുന്ന അണ്ണാഡിഎംകെ അണികളും അനുഭാവികളും പൊതുസമൂഹവുമെല്ലാം ഈ നടപടിയെ അംഗീകരിക്കുന്നുണ്ടോ എന്നറിയാന്‍ ആര്‍.കെ നഗര്‍ പൊതുതിരഞ്ഞെടുപ്പ് വിധിവരുന്നത് വരെ കാത്തിരിക്കേണ്ടി വരും.

ശശികല മത്സരിച്ചാലും ഇല്ലെങ്കിലും ജയയുടെ മണ്ഡത്തിലെ വിജയം അണ്ണാഡിഎംകെയുടെ് നിലനില്‍പ്പിന് അനിവാര്യമാണ്.

ഇപ്പോള്‍ എല്ലാ കണ്ണുകളും ജയയുടെ സഹോദര പുത്രി ദീപയിലാണ്. അവരുടെ അടുത്ത നീക്കം എന്താണെന്നറിയാന്‍ കാത്ത് നില്‍ക്കുകയാണ് തമിഴകം.

ജയലളിതയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി ജഡ്ജ് തന്നെ രംഗത്ത് വന്നതിനാല്‍ ഇതു സംബന്ധമായി ഉന്നത തല അന്വേഷണത്തിന് കോടതി ഉടനെ തന്നെ ഉത്തരവിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് ദീപയെ സംബന്ധിച്ച് വലിയ ഒരു ‘ആയുധ’മാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here