വിക്ടോറിയ (ടെക്‌സസ്): മുസ്‌ലിം നിരോധന ഉത്തരവ് നിലവില്‍ വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ ടെക്‌സസിലെ വിക്ടോറിയായിലുള്ള ഇസ്ലാമിക സെന്റര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. തീ പിടിക്കുന്നതിനുള്ള കാരണം വ്യക്തമല്ലെന്ന് വിക്ടോറിയ ഫയര്‍ മാര്‍ഷല്‍ ടോം ലഗ് ലര്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സംസ്ഥാന ഫെഡറല്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് മാര്‍ഷല്‍ പറഞ്ഞു.
ഇസ്‌ലാമിക് സെന്റര്‍ അഗ്‌നിക്കിരയാക്കുന്നത് നിസ്സഹായനായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂവെന്ന് പ്രസിഡന്റ് സാഹിബ് ഹഷ്മി പറഞ്ഞു. കഴിഞ്ഞ ആഴ്ച ഇതേ പള്ളിയില്‍ മോഷണശ്രമവും നടന്നിരുന്നു. പ്രാര്‍ഥനയ്ക്കായി നൂറില്‍പ്പരം പേര്‍ എത്തിച്ചേരുന്ന സെന്റര്‍ അഗ്‌നിക്കിരയായെങ്കിലും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നതു ആശ്വാസകരമാണെന്ന് ഹഷ്മി പറഞ്ഞു. 2000 ത്തിലാണ് ഈ മോസ്‌കിന്റെ പണി പൂര്‍ത്തിയാക്കിയത്.
ശനിയാഴ്ച രാവിലെ മോസ്‌കിനകത്തുള്ള കണ്‍വീനിയലന്‍സ് സ്റ്റോര്‍ ക്ലാര്‍ക്കാണ് ഇവിടെ നിന്നും പുകയുയരുന്നത് കണ്ടത്. തുടര്‍ന്ന് അഗ്‌നി ശമന സേനാംഗങ്ങള്‍ എത്തി ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും ഇതിനിടെ പൂര്‍ണ്ണമായും കത്തിയമരുകയായിരുന്നു.
മോസ്‌ക് പുനര്‍നിര്‍മ്മാണം നടത്തുന്നതിന് ഓണ്‍ലൈന്‍ ഗോ ഫണ്ട് മി വഴി 24 മണിക്കൂറിനുള്ളില്‍ 600,000 ഡോളര്‍ ലഭിച്ചു. 850,000 മാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ഹഷ്മി പറഞ്ഞു. ദൈവം അനുവദിക്കുകയാണെങ്കില്‍ രമദാന്‍ ആഘോഷങ്ങള്‍ പുതിയ പള്ളിയില്‍ ആഘോഷിക്കാന്‍ കഴിയുമെന്നും പ്രസിഡന്റ് അറിയിച്ചു.
പി. പി. ചെറിയാന്‍

LEAVE A REPLY

Please enter your comment!
Please enter your name here