അമേരിക്കന്‍ പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപിന്‌റെ വിസ പരിഷ്‌കരണങ്ങള്‍ ഇന്ത്യക്കാരായ തൊഴിലാളികള്‍ക്കിടയില്‍ ഭീതിയും ആശയക്കുഴപ്പവും വിതയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ജോലി നഷ്ടപ്പെടാതിരിക്കാനുള്ള വഴികള്‍ അന്വേഷിച്ച് മാന്‍പവര്‍ കണ്‍സള്‍ട്ടന്‌റുമാരെ സമീപിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് പ്രമുഖ ഏജന്‍സികള്‍ പറയുന്നു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി അമേരിക്കയിലെ ഇന്ത്യക്കാരായ പ്രൊഫഷണലുകളില്‍ നിന്നുമുള്ള അന്വേഷണങ്ങള്‍ ഇരട്ടിയായിട്ടുണ്ടെന്ന് ബിടിഐ കണ്‍സള്‍ട്ടന്‌റ്‌സ്, ട്രാന്‍സര്‍ച്ച്, ദി ഹെഡ് ഹണ്ടര്‍ തുടങ്ങിയ ഏജന്‍സികള്‍ പറയുന്നു.

ഇന്ത്യയിലേയ്ക്കു തിരിച്ചു വന്നാലുള്ള തൊഴില്‍ സാദ്ധ്യതകളാണു അന്വേഷണങ്ങളില്‍ അധികവും. അതും ഐ റ്റി മേഖലയില്‍ നിന്നുള്ളവര്‍. പ്രൊജക്റ്റ് മാനേജര്‍ തൊട്ടു മുകളിലേയ്ക്കുള്ള തസ്തികകളില്‍ നിന്നുമുള്ളവരില്‍ നിന്നുമാണു അന്വേഷണങ്ങള്‍ അധികവും വരുന്നതെന്നു ദി ഹെഡ് ഹണ്ടറിന്‌റെ ചീഫ് എക്‌സിക്യൂട്ടീവ് ലക്ഷമീകാന്ത് പറയുന്നു. വിസ നീട്ടിക്കിട്ടുമോ, ഗ്രീന്‍ കാര്‍ഡ് കിട്ടുമോ എന്നിങ്ങനെയുള്ള ആശങ്കകളാണു അവരെ മറ്റു വഴികള്‍ തേടാന്‍ പ്രേരിപ്പിക്കുന്നതെന്നു അദ്ദേഹം പറയുന്നു.

ഇന്ത്യയിലേയ്ക്കു തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണവും കുറവല്ല. തൊഴിലില്‍ അനിശ്ചിതാവസ്ഥ ഉണ്ടെന്നു പലരും ഭയപ്പെടുന്നു.

അമേരിക്കയില്‍ ജീവനക്കാരുള്ള കമ്പനികളും ആശങ്കയിലാണു. എന്തായാലും അമേരിക്കയില്‍ ഇന്ത്യാക്കാരെ ജോലിയ്‌ക്കെടുക്കുന്നതില്‍ ഗണ്യമായ കുറവുണ്ടാകുമെന്നു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here