ബൈക്കിൽ സഞ്ചരിക്കുന്ന ഹെൽമറ്റ് ധാരികൾ വിജനമായ റോഡിലൂടെ നടന്നു പോകുന്ന സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്തു സ്ഥലം വിട്ടെന്ന വാർത്ത പത്രത്തിൽ അടിയ്ക്കടി പ്രത്യക്ഷപ്പെടാറുണ്ട്. ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ ഹെൽമറ്റ് ധരിച്ചിരിക്കണമെന്ന നിയമം നിലവിലുണ്ടെങ്കിലും പലരും ഹെൽമറ്റ് ധരിച്ചിട്ടില്ലാത്തവരാണ്. അപകടങ്ങളിൽ മസ്തിഷ്കത്തിനു ഗുരുതരമായ പരിക്കു പറ്റാതെ രക്ഷപ്പെടാൻ ഹെൽമറ്റുകൾ പലപ്പോഴും സഹായകമാകാറുണ്ട്. ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങൾ ഓടിക്കുന്ന ചിലരെ കാണുമ്പോൾ ഹെൽമറ്റു ധരിക്കണമെന്ന് അവരെ ഉപദേശിക്കാൻ തോന്നാറുള്ളതു പോലെ തന്നെ, ഹെൽമറ്റു ധരിച്ചുകൊണ്ട് ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നരുടെ പുറത്തൊന്നു തലോടി അനുമോദിക്കാനും തോന്നാറുണ്ട്: ആരും തല പൊട്ടി ചോരയിൽ കുളിച്ച് തെരുവിൽ കിടക്കാൻ ഇട വരാതിരിക്കട്ടെ; യൂട്യൂബിലും ഫേസ്ബുക്കിലും വൈറലായി മാറാതിരിക്കട്ടെ. എന്നാൽ, മാല പൊട്ടിച്ചവരിൽ മിക്കവരും ഹെൽമറ്റുധാരികളായിരുന്നെന്നു വാർത്തകളിൽ കാണുന്നതുകൊണ്ട്, ഹെൽമറ്റുധാരികളെ പൊതുവിൽ സംശയദൃഷ്ടിയോടെ വീക്ഷിക്കേണ്ടിയും വന്നിരിക്കുന്നു: ഹെൽമറ്റിനുള്ളിൽ സുരക്ഷിതമായി മറഞ്ഞിരിയ്ക്കുന്നതു പിടിച്ചുപറി ആസൂത്രണം ചെയ്യുന്ന മസ്തിഷ്കങ്ങളായിരിക്കുമോ!

ഹെൽമറ്റു ധരിച്ച് ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന രണ്ടു പുരുഷന്മാരുടെ മുന്നിൽ ഒരു സ്ത്രീയ്ക്ക് എന്തു ചെയ്യാനാകും! ദുർബലരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, നിസ്സഹായാവസ്ഥ മുതലെടുക്കുന്നവർ വെറുക്കപ്പെടേണ്ടവരാണ്. പക്ഷേ, കഴിഞ്ഞ ദിവസത്തെ ഒരു മാല പൊട്ടിക്കൽ വാർത്തയിൽ പരാമർശിക്കപ്പെട്ടിരുന്ന, ഹെൽമറ്റു ധരിച്ച്, ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചു മാല പൊട്ടിച്ച ജോടിയെ എനിക്കിഷ്ടമായി: കാരണം, അവർ ഭാര്യാഭർത്താക്കന്മാരായിരുന്നു! ഈ അപൂർവ തസ്കരദമ്പതികൾ ഹെൽമറ്റു ധരിച്ച്, ഇരുചക്രവാഹനത്തിൽ ചുറ്റിയടിച്ച്, തരം കിട്ടുമ്പോൾ കാൽനടയാത്രക്കാരായ വനിതകളുടെ മാല പൊട്ടിക്കുന്നതു പതിവാക്കിയിരുന്നത്രേ! മാല പൊട്ടിക്കലിൽ ഭാര്യയുടേയും  സജീവപങ്കാളിത്തം. മാല പൊട്ടിക്കലിനേക്കാൾ ‘മുന്തിയ സംരംഭങ്ങൾ’ തുടങ്ങിവെച്ച ദമ്പതിമാരുടെ വാർത്തകളും പത്രത്തിൽ ഈയടുത്ത കാലത്തു വന്നിട്ടുണ്ട്: വിദേശജോലിയും ഫ്ലാറ്റുകളും മറ്റും വാഗ്ദാനം ചെയ്തു പലരിൽ നിന്നായി പണം തട്ടി മുങ്ങിയ ദമ്പതിമാരും അക്കൂട്ടത്തിൽ പെടുന്നു.

ഇന്ത്യയിലിപ്പോൾ ‘സ്റ്റാർട്ട് അപ്പു’കളുടെ സീസണാണ്. സ്റ്റാർട്ടപ്പുകൾ ഇന്ത്യയുടെ മുഖം തന്നെ മാറ്റുമെന്നു പ്രതീക്ഷിക്കപ്പെടുന്നതുകൊണ്ടു സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ മുന്നിട്ടിറങ്ങുന്ന ഊർജസ്വലരായ സംരംഭകർ അഭിനന്ദിയ്ക്കപ്പെടണം, പ്രോത്സാഹിപ്പിയ്ക്കപ്പെടണം. സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതു ദമ്പതിമാരാണെങ്കിൽ അവർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. കാരണമുണ്ട്; തങ്ങൾക്കിടയിലുണ്ടാകുന്ന അസ്വാരസ്യങ്ങളെത്തുടർന്നു വിവാഹമോചനഹർജിയുമായി നേരേ കുടുംബക്കോടതിയെ സമീപിക്കുന്ന ദമ്പതിമാർ ഏറ്റവുമധികമുള്ള രണ്ടാമത്തെ സംസ്ഥാനമായി ‘പുരോഗമിച്ചിരിക്കുന്നു’ നമ്മുടെ കൊച്ചുകേരളം. ‘വിവാഹമോചനക്കേസുകളുടെ തലസ്ഥാനം’ എന്ന കുപ്രസിദ്ധി ഏറ്റവുമധികം കേസുകൾ നിലവിലുള്ള തിരുവനന്തപുരം കൈക്കലാക്കുകയും ചെയ്തിരിക്കുന്നു! ദമ്പതിമാർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളും ഭിന്നിപ്പുകളും സാധാരണയായിരിയ്ക്കുന്ന കേരളത്തിൽ ഇവിടത്തെ നവമുഖ്യധാരയിൽ നിന്നു വിഭിന്നമായി കുറ്റകൃത്യങ്ങളിൽപ്പോലും ഒരുമയും സ്വരുമയും പ്രദർശിപ്പിച്ചതിനു മുകളിൽ പരാമർശിക്കപ്പെട്ട തസ്കരദമ്പതിമാർ സത്യത്തിൽ നമ്മുടെ കൈയടി അർഹിക്കുന്നു. യാത്ര നേർവഴിയിലൂടെയാണെങ്കിലും, നിസ്സാരകാര്യത്തിനു പോലും പരസ്പരം വഴക്കടിച്ചും ഭിന്നിച്ചും ജീവിക്കുന്ന ഭാര്യാഭർത്താക്കന്മാർക്ക് ഈ തസ്കരദമ്പതിമാർ പ്രദർശിപ്പിച്ച അഭിപ്രായൈക്യം ഒരു മാതൃകയാകട്ടെ.

വിവാഹമോചനക്കേസുകളുടെ ആധിക്യത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമെന്ന നിലയിൽ കേരളത്തിനുണ്ടായിരിക്കുന്ന കുപ്രസിദ്ധിക്ക് അവസാനമുണ്ടാകേണ്ടതുണ്ട്. മാതാപിതാക്കൾ വേർപിരിയുകയും പുതുജോടികൾ രൂപീകരിക്കുകയും ചെയ്യുമ്പോൾ അനാഥവും അസംതൃപ്തവുമായൊരു ഇളംതലമുറ സൃഷ്ടിക്കപ്പെട്ടെന്നു വരാം. അതു സമൂഹത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ദാമ്പത്യബന്ധങ്ങൾ ഉറച്ചതാക്കാൻ ദമ്പതിമാരെ പ്രോത്സാഹിപ്പിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനും സമൂഹത്തിനുമുണ്ട്. ദമ്പതിമാർ കൂട്ടായി നടത്തിയ മാല പൊട്ടിക്കലും തട്ടിപ്പുകളും അവർക്കിടയിലുള്ള ഉറച്ച ദാമ്പത്യബന്ധത്തിനുള്ള അസന്ദിഗ്ദ്ധമായ തെളിവാണ്. അവർക്കു വഴി പിഴച്ചെങ്കിലും, ഇത്തരം ദമ്പതിമാരെ സാധാരണ മോഷ്ടാക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തരുത്. ദമ്പതിമാർ കൂട്ടായി ചെയ്ത കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ വിധിക്കുമ്പോൾ, അവർക്കിടയിലുള്ള ഒരുമയ്ക്കു പ്രത്യേക പരിഗണന ലഭിക്കണം. മാല പൊട്ടിച്ച ദമ്പതിമാരിൽ നിന്നു മാല പിടിച്ചെടുക്കണം. ജോലിയും ഫ്ലാറ്റും വാഗ്ദാനം ചെയ്തു പണം തട്ടിയ ദമ്പതിമാരിൽ നിന്നു പണം പലിശസഹിതം പിടിച്ചെടുത്ത്, തട്ടിപ്പിനിരയായവർക്കു തിരികെക്കൊടുക്കണം; ഇക്കാര്യങ്ങളിൽ ഒരമാന്തവും പാടില്ല, പക്ഷേ, അതിനു ശേഷം ദമ്പതിമാരോടു ദയവു കാണിക്കണം; മേലാൽ ഇപ്പണിയ്ക്കിറങ്ങിയേക്കരുത് എന്ന താക്കീതു നൽകി കഴിവതും വെറുതെ വിടുക, അല്ലെങ്കിൽ ലഘുവായ ശിക്ഷ മാത്രം നൽകുക.

ദമ്പതിമാർ കേവലം മാല പൊട്ടിക്കലും തട്ടിപ്പുമല്ല, കൊള്ള തന്നെ നടത്തുന്നു എന്നു കരുതുക. കൊള്ളയ്ക്കുള്ള ശിക്ഷ കഠിനതടവാണ്: പത്തു വർഷം മുതൽ പതിന്നാലു വർഷം വരെ. നിയമം സകലർക്കും ഒന്നു പോലെ ബാധകമാണ്. കൊള്ള നടത്തിയ ദമ്പതിമാരെ ജയിലിലടച്ചേ തീരൂവെങ്കിൽ അവരെ ഒരുമിച്ച്, ഒരേ സെല്ലിൽത്തന്നെ വേണം പാർപ്പിക്കാൻ. ദമ്പതിമാരെ വേർപെടുത്താൻ ഒരു നിയമത്തിനുമാകരുത് (“ടിൽ ഡെത്ത് ഡു അസ് പാർട്ട്”). ഇന്ത്യ സ്വതന്ത്ര, പരമാധികാര റിപ്പബ്ലിക്കായതിനു ശേഷം ഇതുവരെയായി പാർലമെന്റ് 772 നിയമങ്ങൾ പാസ്സാക്കിയിട്ടുണ്ടെന്നു കാണുന്നു. അവയ്ക്കു പുറമെ, ഓരോ സംസ്ഥാനവും നിയമങ്ങൾ പാസ്സാക്കിയിട്ടുണ്ടാകും. കേന്ദ്രത്തിന്റേതും സംസ്ഥാനത്തിന്റേതുമായ ആയിരത്തിലേറെ നിയമങ്ങൾക്ക് ഒരേസമയം വിധേയനായിക്കൊണ്ടായിരിക്കും ഓരോ പൗരനും ജീവിക്കുന്നത്. ഇവയ്ക്കൊക്കെപ്പുറമേ, ഭരണഘടനയ്ക്കും വിധേയരാണു പൗരർ. പക്ഷേ, അവയൊന്നും ഭാര്യാഭർത്താക്കന്മാരെ ഭിന്നിപ്പിക്കുകയോ തമ്മിലകറ്റുകയോ ചെയ്യുന്നവയാകരുത്. ദാമ്പത്യബന്ധങ്ങളെ മാനിക്കുകയും അവയ്ക്കു പരിരക്ഷ നൽകുകയുമായിരിക്കണം ലക്ഷ്യം. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിന് അതാവശ്യമാണ്.

ഭാര്യാഭർത്താക്കന്മാർ നടത്തിയ കുറ്റകൃത്യങ്ങളെപ്പറ്റി കേൾക്കുമ്പോഴൊക്കെ, പണ്ടു കണ്ട ഒരു ഇംഗ്ലീഷ് സിനിമയെപ്പറ്റി ഓർത്തുപോകാറുണ്ട്: “ഫൺ വിത്ത് ഡിക്ക് ആന്റ് ജെയിൻ.” പതിറ്റാണ്ടുകൾക്കു മുമ്പാണതു കണ്ടത്. ജോർജ് സീഗൽ എന്ന നടനായിരുന്നു ചിത്രത്തിൽ ഭർത്താവായി അഭിനയിച്ചത്. രണ്ടു തവണ അക്കാദമി അവാർഡ് (ഓസ്കാർ) നേടിയ ജെയിൻ ഫോണ്ടയായിരുന്നു ചിത്രത്തിൽ ഭാര്യ. ദമ്പതിമാരിരുവരും ഉദ്യോഗസ്ഥരായിരുന്നു. അതിനിടെ, ഭർത്താവിന് ഉദ്യോഗക്കയറ്റം കിട്ടുകയും ഉന്നതശമ്പളം കിട്ടിത്തുടങ്ങുകയും ചെയ്തതുകൊണ്ട് അവർ നീന്തൽക്കുളവും മറ്റുമുള്ളൊരു രമ്യഹർമ്യത്തിലേക്കു താമസം മാറ്റുന്നു, ജീവിതം ആഡംബരപൂർണമാകുന്നു, ചെലവേറുന്നു. കനത്ത ശമ്പളമുള്ള ഭർത്താവും കുഞ്ഞുമടക്കമുള്ള കുടുംബത്തിന്റെ ക്ഷേമത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ വേണ്ടി ഭാര്യ ജോലി രാജി വെക്കുന്നു.

ദൗർഭാഗ്യവശാൽ, വ്യവസായരംഗത്ത് അപ്രതീക്ഷിതമായുണ്ടായ ഗുരുതരപ്രതിസന്ധി മൂലം ഭർത്താവിന്റെ കമ്പനി തകരുന്നു, ജോലി നഷ്ടപ്പെടുന്നു, കുടുംബം അതിജീവനത്തിനായി കഷ്ടപ്പെടുന്നു. ഒരു ലോണിനു വേണ്ടി ഇരുവരും സന്ദർശിച്ച ബാങ്കിൽ കൊള്ള നടക്കുന്നു, കൊള്ളക്കാരുടെ പക്കൽ നിന്നു വീണുപോയ നോട്ടുകെട്ടുകളിലൊന്ന് ദമ്പതിമാർക്കു കിട്ടുന്നു. ബാങ്കുകൊള്ള നടത്തൽ എത്ര അനായാസം! അവർ ചിന്തിക്കുന്നു. തുടർന്ന്, അത്തരം കൊള്ളകൾ നടത്താൻ അവർ തീരുമാനിക്കുന്നു. സ്ഥലത്തെ ടെലിഫോൺ കമ്പനിയാപ്പീസായിരുന്നു അവർ തങ്ങളുടെ ‘കടിഞ്ഞൂൽ’ കൊള്ളയ്ക്കായി തെരഞ്ഞെടുത്തത്. യാതൊരു തടസ്സവും കൂടാതെ അവരുടെ ‘പരിപാടി’ നടന്നു. ടെലിഫോൺ കമ്പനിയുടെ സേവനത്തിൽ അതൃപ്തരായിരുന്ന വരിക്കാർ അവിടെ ക്യൂ നിന്നിരുന്നു. അവർ ‘കൊള്ളക്കാരെ’ കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്തു! ദമ്പതിമാർ ആനന്ദത്തിലാറാടി. അത്തരം കൂടുതൽ ‘പരിപാടികൾ’ ആസൂത്രണം ചെയ്യാൻ അവരൊരുങ്ങി.

കഥയുടെ ശേഷം ഭാഗത്തിനിവിടെ പ്രസക്തിയില്ല. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള അഭിപ്രായൈക്യത്തിനാണിവിടെ പ്രസക്തി. ദമ്പതിമാർ ചെയ്തതു കുറ്റകൃത്യമാണെങ്കിൽപ്പോലും, അതവർ ഒരുമയോടെ, തുല്യപങ്കാളിത്തത്തോടെ നിർവഹിച്ചതാണെങ്കിൽ അവരെ ദയവോടെ വീക്ഷിക്കണം എന്നാണിവിടെ പറയാനുദ്ദേശിച്ചത്. ദമ്പതിമാർ തമ്മിലുള്ള മാനസികപ്പൊരുത്തവും അഭിപ്രായൈക്യവും സമൂഹത്തിന്റെ കെട്ടുറപ്പിന് അനുപേക്ഷണീയമായതു കൊണ്ട്, തസ്കരദമ്പതിമാരെ കൈകാര്യം ചെയ്യുമ്പോഴൊക്കെ, അവർ ദമ്പതിമാരാണെന്ന പരിഗണന ബന്ധപ്പെട്ടരുടെ ഓർമ്മയിലുണ്ടാകണം എന്ന് ഊന്നിപ്പറയുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.

ദമ്പതിമാരെ ജീവിതപങ്കാളികൾ എന്നാണു വിശേഷിപ്പിക്കാറ്: ലൈഫ് പാർട്ട്ണർമാർ. ദാമ്പത്യത്തിന്റെ അടിസ്ഥാന ആശയം തന്നെ പങ്കാളിത്തമാണ്. കിടപ്പറയിലെ പങ്കാളിത്തത്തോടൊപ്പം അവരുടെ മറ്റെല്ലാ പ്രവൃത്തികളിലും സജീവപങ്കാളിത്തം പ്രതീക്ഷിക്കപ്പെടുന്നു. ദമ്പതിമാരിലൊരാൾ ഒരു കുറ്റകൃത്യം ചെയ്യാനൊരുമ്പെടുന്നെന്നു കരുതുക. ഉദാഹരണത്തിന്, ദമ്പതിമാരിലൊരാൾ മാല പൊട്ടിക്കാൻ പോകുന്നു, അല്ലെങ്കിൽ ജോലിയോ ഫ്ലാറ്റോ വാഗ്ദാനം ചെയ്തു ജനത്തിനെ വഞ്ചിച്ചു പണം തട്ടാനൊരുങ്ങുന്നു; അതുമല്ലെങ്കിൽ കൊള്ള നടത്താനൊരുങ്ങുന്നു. ഇത്തരം സന്ദർഭങ്ങളിൽ മറ്റെയാൾ എന്തു നിലപാടെടുക്കണം?

സങ്കീർണമായൊരു ചോദ്യമാണത്. മാല പൊട്ടിക്കലും വഞ്ചനയും കൊള്ളയുമൊക്കെ സാമൂഹ്യദ്രോഹങ്ങളാണ്, നിലവിലുള്ള നിയമങ്ങളനുസരിച്ചു ശിക്ഷാർഹവുമാണ്. കൊള്ളയ്ക്കു പതിന്നാലു വർഷത്തെ കഠിനതടവു വരെ ലഭിച്ചേക്കാമെന്നു മുകളിൽ സൂചിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. സാമൂഹ്യവിരുദ്ധപ്രവൃത്തികളിലും നിയമവിരുദ്ധപ്രവൃത്തികളിലും പങ്കാളിയാകാൻ ഞാനില്ല എന്നു പറഞ്ഞ് ദമ്പതിമാരിലൊരാൾ അത്തരം പ്രവൃത്തികളിൽ നിന്നകന്ന്, നിഷ്ക്രിയമായി നിന്നെന്നു വരാം. നൂറ്റെൺപത്തിനാലു പേരെ വധിച്ച കൊള്ളക്കാരനായിരുന്നു വീരപ്പൻ. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി സ്വീകരിച്ചതു വീരപ്പന്റെ കുറ്റകൃത്യങ്ങളിൽ പങ്കാളിയാകാതെ, നിസ്സംഗതയോടെ, നിഷ്ക്രിയയായി അകന്നുമാറി നിൽക്കുന്ന നിലപാടായിരുന്നു. തെറ്റായ വഴിയേ പോകാൻ ഇഷ്ടപ്പെടാത്തവർ സ്വാഭാവികമായും ഈ നിലപാടാണെടുക്കുക. മുത്തുലക്ഷ്മിയുടെ മേലും കുറ്റങ്ങളാരോപിക്കപ്പെട്ടിരുന്നു, അവരും ജയിലിൽ കിടന്നിരുന്നു. ഭർത്താവിന്റെ കുറ്റകൃത്യങ്ങളിൽ തനിക്കു പങ്കുണ്ടായിരുന്നില്ലെന്നും അതുകൊണ്ടു തന്നെ കുറ്റവിമുക്തയാക്കണമെന്നും മുത്തുലക്ഷ്മി കോടതിയോടഭ്യർത്ഥിച്ചു. മുത്തുലക്ഷ്മിയുടെ നിരപരാധിത്വം ബോധ്യപ്പെട്ട കോടതി മുത്തുലക്ഷ്മിയെ കുറ്റവിമുക്തയാക്കി. നിരപരാധിയായ മുത്തുലക്ഷ്മിയെ കോടതി മോചിപ്പിച്ചതു നന്നായെന്ന കാര്യത്തിൽ സംശയമില്ല. എങ്കിലും, മുത്തുലക്ഷ്മിയുടെ ദാമ്പത്യം കേവലം കിടപ്പറയിലെ പങ്കാളിത്തം മാത്രമായി ചുരുങ്ങിപ്പോയിരുന്നു എന്നൂഹിക്കേണ്ടി വരുന്നു. പ്രവൃത്തികളിലുള്ള പങ്കാളിത്തമില്ലാതെ ജീവിതപങ്കാളിയാവില്ല.

മുത്തുലക്ഷ്മിയുടെ കാര്യമോർക്കുമ്പോൾ രാമായണരചയിതാവായ വാത്മീകിമഹർഷിയുടെ കാര്യവും ഓർത്തു പോകുന്നു. മഹർഷിയായിത്തീരുന്നതിനു മുമ്പ് അദ്ദേഹം  രത്നാകരൻ എന്ന പേരുള്ളൊരു കൊള്ളക്കാരനായിരുന്നു. വനത്തിലൂടെ കടന്നുപോകുന്നവരെ കൊള്ളയടിക്കുന്നതായിരുന്നു രത്നാകരന്റെ മുഖ്യതൊഴിൽ. ഒരു ദിവസം രത്നാകരന്റെ മുന്നിൽ നാരദമുനി വന്നു പെട്ടു. രത്നാകരൻ നാരദമുനിയെ കൊള്ളയടിക്കാനൊരുങ്ങിയപ്പോൾ മുനി ചോദിച്ചു:

“നീയെന്തിനു വേണ്ടിയാണിങ്ങനെ കൊള്ള നടത്തുന്നത്?”

“കുടുംബം പോറ്റാൻ വേണ്ടി.”

“കൊള്ള പാപമാണ്. ഇന്നല്ലെങ്കിൽ നാളെ പാപഫലം അനുഭവിക്കേണ്ടി വരും. നീ മാത്രമല്ല, നിന്റെ കുടുംബവും. നിന്റെ പാപഫലം പങ്കിടാൻ നിന്റെ കുടുംബം തയ്യാറാണോ?”

“അതറിയില്ല.”

“അതവരോടു ചോദിച്ചറിഞ്ഞു വരൂ.” മുനി നിർദ്ദേശിച്ചു.

രത്നാകരൻ മുനിയെ ഒരു മരത്തോടു ചേർത്തു കെട്ടി; മുനി രക്ഷപ്പെട്ടു പൊയ്ക്കളയരുതല്ലോ. വീട്ടിലേയ്ക്കു ചെന്ന്, മുനിയുടെ ചോദ്യം ഭാര്യയോടും മക്കളോടും ആവർത്തിച്ചു. അവരാരും പാപഫലം പങ്കിടാൻ തയ്യാറായിരുന്നില്ല. വിഷണ്ണനായി തിരികെച്ചെന്നു മുനിയെ കാര്യമറിയിച്ചു.

“അവർക്കു വേണ്ടി നീ ചെയ്യുന്ന പാപത്തിനുള്ള ശിക്ഷ പങ്കിടാൻ അവർ തയ്യാറല്ലെങ്കിൽ, നീയെന്തിനിങ്ങനെ പാപം ചെയ്തുകൂട്ടുന്നു?” മുനി ചോദിച്ചു.

ആ ചോദ്യം രത്നാകരനെക്കൊണ്ടു ചിന്തിപ്പിച്ചു, ഇനി പാപം ചെയ്യില്ലെന്ന പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തു. കൊള്ളക്കാരനായിരുന്ന രത്നാകരൻ അങ്ങനെ നേർവഴിയിലേക്കു തിരിച്ചു വന്നു. തുടർന്നദ്ദേഹം കഠിനതപം ചെയ്തെന്നും, ഘോരതപസ്സിനിടയിൽ അദ്ദേഹത്തെ ചിതൽപ്പുറ്റ് (വൽമീകം) മൂടിയെന്നും, അതുകൊണ്ടദ്ദേഹം വാത്മീകി മഹർഷി എന്നറിയപ്പെടാൻ തുടങ്ങിയെന്നുമാണ് ഐതിഹ്യം.

രത്നാകരന്റെ പാപകർമ്മങ്ങൾക്കുള്ള ശിക്ഷ പങ്കിടാൻ തങ്ങൾ തയ്യാറല്ലെന്നു രത്നാകരന്റെ ഭാര്യ പറഞ്ഞതും, വീരപ്പന്റെ കുറ്റകൃത്യങ്ങളിൽ തനിക്കു യാതൊരു പങ്കുമില്ല, തന്നെ മോചിപ്പിക്കണമെന്നു മുത്തുലക്ഷ്മി ആവശ്യപ്പെട്ടതും സമാനമായ നിലപാടുകളെ പ്രതിഫലിപ്പിക്കുന്നു. ദാമ്പത്യത്തിലെ അനിവാര്യഘടകമായ കൂട്ടുത്തരവാദിത്തം ഇവരുടെ ബന്ധങ്ങളിലുണ്ടായിരുന്നില്ല. കൂട്ടുത്തരവാദിത്തമില്ലാത്ത ദാമ്പത്യം ദാമ്പത്യമല്ല. ജീവിതപങ്കാളിയുമായി അവർക്കു കിടപ്പറയിലൂടെയല്ലാത്ത പങ്കാളിത്തമില്ല. ദാമ്പത്യമെന്നാൽ കേവലം കിടപ്പറ പങ്കിടുന്നതിനുള്ള ലൈസൻസല്ല. സർവാത്മനാലുള്ള പങ്കാളിത്തം അവിടെ മുഖ്യഘടകമാണ്. സുഖത്തിലും ദുഃഖത്തിലും നന്മയിലും തിന്മയിലുമെല്ലാമുള്ള പങ്കാളിത്തവും ഉണ്ടായെങ്കിലേ, ദാമ്പത്യം എല്ലാ അർത്ഥത്തിലുമുള്ള ദാമ്പത്യമാകൂ. ദമ്പതിമാർക്കിടയിൽ ഉപാധികൾ – ഈഫും ബട്ടും – ഉണ്ടാകാൻ പാടില്ല.

ഒരു തീവ്രവാദി ട്രെയിനിനു ബോംബു വെക്കാനൊരുങ്ങുന്നെന്നും ആ രഹസ്യം അയാൾ ഭാര്യയുമായി പങ്കു വെക്കുന്നെന്നും, ആ പ്രവൃത്തിയിൽ ഭാര്യയുടെ പങ്കാളിത്തം ആവശ്യപ്പെടുന്നെന്നും കരുതുക. ഭർത്താവിന്റെ പ്രവർത്തനങ്ങളിൽ സജീവപങ്കാളിയാകണമെന്നു ദാമ്പത്യം ആവശ്യപ്പെടുന്നുണ്ടെങ്കിലും, വിവേകമുള്ള ആർക്കും സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങളിൽ പങ്കാളിയാകാനാവില്ല. മാത്രമല്ല, കുറ്റകൃത്യങ്ങൾ നടക്കാൻ പോകുന്നതായി അറിവു കിട്ടിയവർ അക്കാര്യം അധികാരികളെ അറിയിക്കാൻ ബാദ്ധ്യസ്ഥരുമാണ്; നിയമം അതനുശാസിക്കുന്നു. തീവ്രവാദിയുടെ ഭാര്യ ബോംബു വെക്കലിൽ പങ്കാളിത്തം വഹിക്കുന്നില്ലെന്നു മാത്രമല്ല, അക്കാര്യത്തെപ്പറ്റി പോലീസിന് അറിവു കൊടുക്കുക കൂടി ചെയ്യുന്നെന്നു കരുതുക. ഇവിടെ സമൂഹത്തോടും നിയമത്തോടുമുള്ള ഉത്തരവാദിത്തങ്ങൾ പാലിക്കപ്പെടുന്നു, പക്ഷേ, ദാമ്പത്യം അവഗണിക്കപ്പെടുന്നു.

കുറ്റകൃത്യത്തിനൊരുങ്ങുന്ന ഭർത്താവിനെ അതിൽ നിന്നു പിന്തിരിയാൻ നിർബന്ധിക്കണമെന്നതു ഭാര്യയുടെ കടമയാണ്, യാതൊരു സംശയവുമില്ല. പിന്തിരിപ്പിക്കാൻ കഠിനപ്രയത്നം നടത്തുക തന്നെ വേണം. തീവണ്ടിക്കു ബോംബു വെക്കാൻ തുനിയുന്ന ഭർത്താവിനെ, ആ ഹീനകൃത്യത്തിലുള്ള സാമൂഹ്യവിരുദ്ധതയും നിയമവിരുദ്ധതയുമെല്ലാം ഭാര്യ ബോദ്ധ്യപ്പെടുത്തി, അയാളെ ആ കൃത്യത്തിൽ നിന്നു പിന്തിരിപ്പിക്കുക തന്നെ വേണം. എന്നിട്ടുമയാൾ പിന്തിരിയാൻ ഭാവമില്ലെന്നും, ഭർത്താവിനെ ഹീനകൃത്യത്തിൽ നിന്നു തടയാനായി ഭാര്യ ഭർത്താവിനെ കൊല്ലുന്നു എന്നും കരുതുക. ഈ സന്ദർഭത്തിലാണു ‘മദർ ഇന്ത്യ’യെന്ന അതിപ്രശസ്തമായിരുന്ന ഹിന്ദിസിനിമയെപ്പറ്റി ഓർത്തു പോകുന്നത്. മദർ ഇന്ത്യയിൽ ചുട്ടെരിക്കുന്നതു ഭാര്യ ഭർത്താവിനെയല്ല, അമ്മ ഹീനകൃത്യത്തിനൊരുങ്ങുന്ന മകനെയാണ്. എങ്കിലും, യഥാർത്ഥജീവിതത്തിൽ ജീവിതപങ്കാളികൾക്കിടയിലും അത്തരം ചുട്ടെരിക്കലുകൾ നടന്നെന്നു വരാമെന്നതുകൊണ്ട്, മദർ ഇന്ത്യയുടെ കഥയ്ക്കിവിടെ പ്രസക്തിയുണ്ട്.

മദർ ഇന്ത്യയിൽ ‘രാധ’(നർഗീസ്)യുടെ മകൻ ‘ബിർജു’ (സുനിൽ ദത്ത്) ‘രൂപ’(ചഞ്ചൽ) എന്ന യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നു. അരുത്, അരുത് എന്നു രാധ മകനെ ആവർത്തിച്ചു വിലക്കുന്നു. വികാരവിക്ഷുബ്ധമായ ആ രംഗത്ത് അമ്മയും മകനും തമ്മിൽ നടന്ന സംഭാഷണം (ഇത് പ്രസിദ്ധമായിത്തീർന്നിരുന്നു) താഴെ കൊടുക്കുന്നു:

അമ്മ: രൂപാ കോ ഛോഡ് ദേ. നാ തോ മെ തുഝെ ജാൻ സെ മാർ ഡാലൂംഗി

മകൻ: തൂ മുഝെ നഹി മാർ സക്‌തി; തൂ മേരി മാ ഹെ

അമ്മ: മെ ഏക് ഓരത് ഹൂം

മകൻ: മെ തെരാ ബേട്ടാ ഹൂം

അമ്മ: രൂപാ സാരി ഗാവ് കി ബേട്ടി ഹെ, വോ മേരി ലാജ് ഹെ

മകൻ: തൂ മാർ സക്‌തി ഹെ തൊ മാർ. മെ അപ്‌നി കസം നഹി തോഡൂംഗാ (രൂപയെ തട്ടിക്കൊണ്ടു കുതിരപ്പുറത്തു പായുന്നു)

അമ്മ: ബേട്ടാ (വെടി വെക്കുന്നു)

മകൻ വെടിയേറ്റു നിലം പതിക്കുന്നു.

‘മദർ ഇന്ത്യ’ ഇന്ത്യയെ മുഴുവൻ അക്ഷരാർത്ഥത്തിൽ കീഴടക്കി. ലോകപ്രശസ്തിയുമാർജിച്ചു. അതിന് അക്കാദമി അവാർഡ് (സാക്ഷാൽ ഓസ്കാർ!) കിട്ടാതെ പോയതു കേവലം ഒരു വോട്ടിന്! ഇന്ത്യയിലെ പല തിയേറ്ററുകളിലും ഒരു വർഷത്തിലേറെക്കാലം തുടർച്ചയായി പ്രദർശിപ്പിച്ച ആദ്യ സിനിമയായിരുന്നു അത്. അത് ഏറ്റവുമധികം വിദേശരാജ്യങ്ങളിൽ മൊഴിമാറ്റം ചെയ്തു പ്രദർശിപ്പിക്കപ്പെട്ട പ്രഥമ ഇന്ത്യൻ സിനിമയായി. കണക്കുകൾ ലഭ്യമല്ലെങ്കിലും, നാണയപ്പെരുപ്പം കണക്കിലെടുത്താൽ, ഏറ്റവുമധികം കളക്ഷൻ ലഭിച്ച സിനിമയും അതു തന്നെയാണ് എന്നാണെന്റെ ഊഹം. ഹീനകൃത്യത്തിനൊരുങ്ങുന്ന മകനെ വെടിവെച്ചു കൊല്ലുന്ന അമ്മയുടെ റോളിൽ തകർത്തഭിനയിച്ച നർഗീസ് മറ്റു പല അവാർഡുകൾക്കും പുറമെ കാർലോ വിവാരി ചലച്ചിത്രമേളയിൽ ഏറ്റവും നല്ല നടിക്കുള്ള അന്തർദ്ദേശീയ അവാർഡും നേടി.

രാഷ്ട്രപുനരുത്ഥാരണത്തിനുള്ള ആഹ്വാനം മദർ ഇന്ത്യയിലടങ്ങിയിട്ടുണ്ട്. അതിനേക്കാളേറെ മഹത്വവൽക്കരിക്കപ്പെട്ടതു മകൻ ഹീനകൃത്യത്തിലേർപ്പെടുന്നതു തടയാൻ വേണ്ടി മാതാവു മകനെ വെടിവെച്ചു കൊന്നതാണ്. അന്യമെന്നോ സ്വന്തമെന്നോ നോക്കാതെ പാപകൃത്യങ്ങൾ തടയണം: ഇതാണു മദർ ഇന്ത്യ കൈമാറുന്ന സന്ദേശങ്ങളിലൊന്ന്. മദർ ഇന്ത്യ മഹത്വവൽക്കരിക്കപ്പെട്ടെങ്കിലും, കുറ്റകൃത്യം തടയേണ്ടതു തന്നെയെങ്കിലും, അതു മറ്റൊരു കുറ്റകൃത്യത്തിലൂടെയാകരുത് എന്നാണ് ഈ ലേഖകന്റെ അഭിപ്രായം. മകനെ കൊന്നതു സ്വന്തം അമ്മയായിരുന്നാൽത്തന്നെയും, കൊല കൊല തന്നെ, കുറ്റകൃത്യം തന്നെ. ഒരു കുറ്റകൃത്യം തടയാൻ മറ്റൊരു കുറ്റകൃത്യം ചെയ്യുന്നത് അഭികാമ്യമല്ല.

മദർ ഇന്ത്യയുടെ കഥയ്ക്കൊരു ഭേദഗതി ആവശ്യമാണ്: മകനെ കുറ്റകൃത്യത്തിൽ നിന്നു പിന്തിരിപ്പിക്കാനാകാത്ത നിരാശയാൽ അമ്മ ‘എന്റെ മകന്റെ കുറ്റകൃത്യം തടയാൻ എനിക്കാകുന്നില്ലെങ്കിൽ, എനിക്കിനി ജീവിക്കേണ്ട’ എന്നു പറഞ്ഞുകൊണ്ടു സ്വന്തം മാറിലേക്കു തന്നെ നിറയൊഴിക്കേണ്ടിയിരുന്നു. എങ്കിലതു കൂടുതൽ മഹത്വമുള്ളതാകുമായിരുന്നു. കുറ്റകൃത്യത്തിനൊരുമ്പെടുന്നവരെ കൊല ചെയ്തും കുറ്റകൃത്യം തടയണം എന്ന വികലമായ സന്ദേശത്തിനു പകരം, സ്വന്തം ജീവൻ ബലി കഴിച്ചും കുറ്റകൃത്യം തടയണം എന്ന ആഹ്വാനം അതിൽ നിന്നുയരുമായിരുന്നു. പക്ഷേ, യഥാർത്ഥജീവിതത്തിൽ ഈ നിലപാടാണ് ഏറ്റവും ദുഷ്കരമെന്നു പറയേണ്ടതില്ലല്ലോ. ഇത്തരം കാര്യങ്ങൾക്കു വേണ്ടി ആരാണ് ആത്മഹത്യ ചെയ്യാനൊരുങ്ങുക!

ദമ്പതിമാരിലൊരാൾ കുറ്റകൃത്യത്തിനൊരുങ്ങുമ്പോൾ, മറ്റെയാൾ വിവിധ നിലപാടുകൾ എടുക്കാനിടയുണ്ട് എന്നു മുകളിൽ കൊടുത്തിരിക്കുന്ന ഖണ്ഡികകളിൽ നാം കണ്ടു. ദാമ്പത്യബന്ധത്തെ മാനിച്ച് കുറ്റകൃത്യനിർവഹണത്തിൽ ജീവിതപങ്കാളിക്കു സജീവപങ്കാളിത്തം നൽകുകയാണ് നിലപാടുകളിലൊന്ന്; ഭർത്താവും ഭാര്യയും ഒരുമിച്ചു നടത്തിയ മാല പൊട്ടിക്കലും ജോലിതട്ടിപ്പും ഫ്ലാറ്റുതട്ടിപ്പുമെല്ലാം ഈ നിലപാടു സ്വീകരിച്ചവരാണ്. ഈ നിലപാടിൽ ദമ്പതികൾ ഒറ്റക്കെട്ടാണ്. എല്ലാ പ്രവൃത്തികളിലും പ്രവർത്തനങ്ങളിലും പൂർണമായും പങ്കാളികൾ. ആസ്വാദ്യമാണു സ്വരുമയുള്ള ഇത്തരം ദാമ്പത്യം; പക്ഷേ, സ്വീകരിച്ച വഴി പിഴച്ചതായിപ്പോയെന്ന കുഴപ്പമുണ്ട്. പിഴച്ച വഴി ദാമ്പത്യസരണിയ്ക്കു വിഘാതമായിത്തീരും.

വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയെപ്പോലെ, ഭർത്താവിന്റെ കുറ്റകൃത്യങ്ങളിൽ പങ്കു വഹിക്കാതെ, നിഷ്ക്രിയമായി അകന്നു നിൽക്കുകയാണു മറ്റൊരു നിലപാട്. പങ്കാളി ചെയ്യാൻ പോകുന്ന ഹീനകൃത്യത്തെപ്പറ്റി അധികാരികൾക്ക് അറിവു കൊടുത്ത് നിയമത്തിന്റെ മുന്നിൽ നല്ല കുട്ടിയാകുകയാണ് അല്പം കൂടി വ്യതിരിക്തതയുള്ള സമീപനം. ഹീനകൃത്യം ചെയ്യാരുമ്പെടുന്ന പങ്കാളിയെ കൊന്ന് ഹീനകൃത്യം തടയുന്നതൊരു കടുങ്കൈയാണ്; കുറ്റകൃത്യം തടയാൻ ആത്മഹത്യ ചെയ്യുന്നത് അറ്റകൈയും. ഇവയേക്കാളെല്ലാം നല്ല സമീപനം, വിവേകശൂന്യനായ ഭർത്താവിനു വിവേകം നൽകി, അയാളെ കുറ്റകൃത്യത്തിൽ നിന്നു പിന്തിരിപ്പിക്കുന്നതാണ്.

ഒടുവിൽപ്പറഞ്ഞ നിലപാടാണ് ആദർശദാമ്പത്യത്തിന്റെ ഉത്തമലക്ഷണം. കുറ്റകൃത്യങ്ങളിലടങ്ങിയ സാമൂഹ്യമൂല്യധ്വംസനവും നിയമലംഘനവും വരുംവരായ്കകളുമെല്ലാം വിശദീകരിച്ചുകൊടുത്ത് ജീവിതപങ്കാളിയെ കുറ്റകൃത്യത്തിൽ നിന്നു പിന്തിരിപ്പിക്കാൻ കഴിവതും ശ്രമിക്കുക. വിവേകം നഷ്ടപ്പെട്ടിരിക്കുന്ന ജീവിതപങ്കാളിക്കു വിവേകമുള്ള പങ്കാളി വിവേകം പകർന്നു കൊടുക്കുക. ‘മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം’ എന്നു കിരാതം ഓട്ടൻതുള്ളലിൽ കുഞ്ചൻ നമ്പ്യാർ ചൊല്ലിയിട്ടുണ്ട്. അതോടൊപ്പം ‘സുജനഗുണം കൊണ്ടു ബഹുമാനവിശേഷം വരും’ എന്നു നമ്പ്യാർ പൂരിപ്പിച്ചിട്ടുമുണ്ട്. ദമ്പതിമാരിലൊരാൾ സുജനവും മറ്റെയാൾ ദുർജനവുമാണെങ്കിൽ, സുജനത്തിന്റെ സാമീപ്യം (സൗരഭ്യം) ദുർജനത്തേയും സുജനമാക്കി (സുരഭിലമാക്കി) തീർക്കുമെന്ന കാര്യത്തിൽ നമ്പ്യാർക്കു സംശയമില്ല. ഇതിനേക്കാൾ പ്രസാദാത്മകമായ നിലപാടു വേറെയില്ല.

വഴിതെറ്റിപ്പോയൊരു യുവാവിനെ ഒരു യുവതി നേർവഴിയിലേക്കു കൊണ്ടുവരുന്ന ഇതിവൃത്തമുള്ള പല സിനിമകളും ഇറങ്ങിയിട്ടുണ്ട്. 1950ൽ ഇറങ്ങിയ സംഗ്രാം എന്ന ഹിന്ദി സിനിമയായിരുന്നിരിക്കണം, അക്കൂട്ടത്തിൽ ആദ്യത്തേത്. നളിനി ജയ്‌വന്ത് – അശോക് കുമാർ ജോടി നായികാനായകന്മാരായി അഭിനയിച്ച ആ ചിത്രം, അക്കാലത്ത് ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു. വെള്ളിത്തിരയിലെ വില്ലനെ സൽസ്വഭാവിയാക്കി ഉത്ഥരിക്കാൻ നായികയ്ക്കു കഥാകൃത്തിന്റേയും സംവിധായകന്റേയുമെല്ലാം സഹായം ലഭ്യമായിട്ടുണ്ട്, തീർച്ച. വെള്ളിത്തിരയുടെ കാല്പനികതയിൽ നിന്നകന്ന്, ദുരിതപൂർണമായ യഥാർത്ഥജീവിതത്തിൽ, ഇത്തരത്തിലുള്ള ഉത്ഥാരണം എളുപ്പമല്ല. വീരപ്പനെ ഉത്ഥരിക്കാൻ മുത്തുലക്ഷ്മിക്കു കഴിഞ്ഞില്ല. കൊല നടത്താൻ തോക്കുമായി ഇറങ്ങുന്ന വീരപ്പനെ സ്നേഹപാശം കൊണ്ടു കെട്ടിവരിഞ്ഞ്, ഹീനകൃത്യങ്ങളിൽ നിന്നകറ്റി, 184 കൊലപാതകങ്ങൾ തടയാൻ മുത്തുലക്ഷ്മിക്കായിരുന്നെങ്കിൽ! ആ സങ്കല്പം പോലും മാധുര്യമുള്ളതാണ്. അതു യാഥാർത്ഥ്യമായിരുന്നെങ്കിൽ മുത്തുലക്ഷ്മിയുടേയും വീരപ്പന്റേയും ദാമ്പത്യം ആദർശദാമ്പത്യമായേനേ; അവരുടെ ജീവിതം  വെള്ളിത്തിരയിലേതിനേക്കാൾ പ്രകാശോജ്ജ്വലവും അനുകരണീയവും ആവേശദായകവുമായേനേ!

ഭർത്താവിനെ കുറ്റകൃത്യത്തിൽ നിന്നു തടയാൻ വേണ്ടി ഭാര്യ അയാളെ വെടിവെച്ചു കൊല്ലുകയോ, അല്ലെങ്കിൽ ഭാര്യ സ്വയം വെടിവെച്ചു മരിക്കുകയോ ചെയ്യുമ്പോൾ ദാമ്പത്യം അതോടെ അവസാനിച്ചു പോകുന്നുവെന്നതാണ് ആ സമീപനങ്ങളുടെ ന്യൂനത. പ്രതിസന്ധികൾ പരിഹരിക്കപ്പെടുകയും, സാമൂഹ്യമൂല്യങ്ങൾ പരിരക്ഷിക്കപ്പെടുകയും, ദാമ്പത്യം ശാശ്വതമായി, പൂർവാധികം കെട്ടുറപ്പോടെ നിലനിൽക്കുകയും വേണം: അതാകണം ലക്ഷ്യം. അതു സാദ്ധ്യമാക്കുന്ന സമീപനമാണു സ്വീകരിക്കേണ്ടത്. ദാമ്പത്യത്തെ ഇല്ലായ്മ ചെയ്തുകൊണ്ടുള്ള സമീപനങ്ങൾക്കു പ്രസക്തിയില്ല. ദാമ്പത്യങ്ങൾ കെട്ടുറപ്പുള്ളതാകുമ്പോൾ സമൂഹം കെട്ടുറപ്പുള്ളതാകും; രാഷ്ട്രവും.

കുറിപ്പ്: മുകളിലെ ചില ഖണ്ഡികകൾ വായിക്കുമ്പോൾ ഭർത്താവാണ് എല്ലായ്പോഴും കുറ്റകൃത്യങ്ങൾക്കൊരുമ്പെടാറ് എന്നൊരു ധാരണ ഉടലെടുത്തെന്നു വരാം. പുരുഷമേധാവിത്വത്തിന് ഇടിവു തട്ടുകയും, പല രംഗങ്ങളിലും വനിതകൾ പുരുഷന്മാരോടൊപ്പമോ അവരേക്കാൾ മുന്നിലോ വന്നെത്തുകയും ചെയ്തിരിക്കുന്ന ഇക്കാലത്തു കുറ്റകൃത്യരംഗത്തും വനിതകൾ ഒരുമ്പെട്ടിറങ്ങാറുണ്ട്. കുപ്രസിദ്ധിയാർജിച്ച പല കേസുകളിലും (‘സയനൈഡ് മല്ലിക’, നേഹ വർമ്മ, ഇന്ദ്രാണി മുഖർജി, സിമ്രാൻ സൂദ്…) കുറ്റവാളികൾ വനിതകളായിരുന്നെന്നു തെളിഞ്ഞു കഴിഞ്ഞിട്ടുണ്ട്. എങ്കിലും, കുറ്റകൃത്യങ്ങൾ ചെയ്യുന്നവരിൽ കൂടുതലും പുരുഷന്മാരാണെന്നു പറയാതെ തരമില്ല; ഇതിനുപോദ്ബലകമായ കണക്കുകളിതാ: 2011, 2012, 2013, 2014 എന്നീ വർഷങ്ങളിൽ ഓരോ വർഷാവസാനവും ഇന്ത്യയിലെ ജയിലുകളിലുണ്ടായിരുന്ന തടവുപുള്ളികളിൽ 95 ശതമാനവും പുരുഷന്മാരായിരുന്നു; അഞ്ചു ശതമാനം മാത്രമായിരുന്നു, സ്ത്രീകുറ്റവാളികൾ. ഈ സ്ഥിതിവിവരക്കണക്കുകളിലടങ്ങിയ സത്യം ഈ ലേഖകനുൾപ്പെടുന്ന പുരുഷവർഗത്തിന് അപമാനകരമാണെങ്കിലും, സത്യത്തെ നിഷേധിക്കാൻ ആർക്കാണു കഴിയുക!

ഈ ലേഖനത്തെപ്പറ്റിയുള്ള പ്രതികരണങ്ങളറിയാൻ ആകാംക്ഷയുണ്ട്. അവ sunilmssunilms@rediffmail.com എന്ന ഈമെയിൽ ഐഡിയിലേക്കയയ്ക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here