മധുരബാല്യം
……………………………… …. ……………

വയലിന്റെ കരയിൽ ആയിരുന്നു തോമസിന്റെ വീട്.തോമസിന് ഒരു അനിയൻ എൽദോ, അനുജത്തി സാറ, അപ്പൻ, അമ്മ എന്നിവർ അടങ്ങിയതായിരുന്നു കുടുംബം. ഓല മേഞ്ഞ വീട്. രാത്രിയായാൽ കൊതുകുകൾ മൂളിപ്പറക്കും. കടുത്ത ചൂടു കൂടുതലുള്ളപ്പോൾ അവർ പുറത്ത് ചാക്ക് വിരിച്ച് അതിനു മേൽ പായ വിരിച്ചാണ് കിടപ്പ്.

രാത്രിയുടെ ഇരുണ്ട യാമങ്ങളിൽ കുളിർ കാറ്റ് അവരെ തഴുകി തലോടി. ഇടയ്ക്ക് തോമസ് ഞെട്ടി എഴുന്നേൽക്കും.” അമ്മെ കൊതുകുകടിക്കുന്നു” എന്നു പറഞ്ഞ് അവൻ പായയിൽ കുത്തിയിരിക്കും. അവന്റെ അമ്മ കിടക്കു മോനേ എന്നു പറഞ്ഞ് അവനെ കിടത്തും. കവുങ്ങിന്റെ പാള കൊണ്ടുണ്ടാക്കിയ വിശറി കൊണ്ട് വീശി അവനെ ഉറക്കും. അവന്റെ അപ്പൻ രാത്രിയിൽ ഒരു ഗ്ളാസ് നാടൻ ” അരിഷ്ടം ” കുടിച്ചാണ് കിടപ്പ്. ആയതിനാൽ കൊതു കൊന്നും അങ്ങേർക്ക് പ്രശ്നമില്ല.” ഇങ്ങനേം ഒരു മനുഷ്യൻ, ഒന്നു നീങ്ങി കിടക്കു മനുഷ്യാ “എന്നു പറഞ്ഞ് അവർ അയാളെ തള്ളിമാറ്റിക്കിടന്നു .എൽദോയും സാറാ യും നല്ല ഉറക്കമാണ്. വെള്ളത്തിലിട്ടാലും അവർ അറിയില്ല.

നാലു മണിയായപ്പോൾ തോമസിന്റെ അപ്പൻ എഴുന്നേൽക്കും. മുറ്റത്ത് ഉള്ള അടുപ്പിലേക്ക് നോക്കി അയാൾ പറഞ്ഞു “കടുപ്പത്തിൽ ഒരു കട്ടൻ താടീ” എന്ന്. ” പോത്തുപോലെ കിടന്ന് ഉറങ്ങിയിട്ട്, എന്നെക്കൊണ്ടൊന്നും പറയിക്കണ്ടാ ” അവന്റെ അമ്മ പിറുപിറുത്തു. ചൂട്ടും വിറകും കരിയിലയും അടുപ്പിൽ വച്ച് തീപ്പെട്ടി ഉരച്ച് തീ കത്തിച്ചു. ചായ ഉണ്ടാക്കി അപ്പന് കൊടുത്തു.കറയുള്ള പല്ലുകൾ കാട്ടി അയാൾ ചിരിച്ചു. മക്കളുടെ മുടിയിഴകളിൽ തലോടി. “ഇവർ വല്യ ആളാകുമെ ടീ “എന്ന് അയാൾപറഞ്ഞു.തോമസിന്റെ അമ്മയുടെ കണ്ണു നിറഞ്ഞു.

അയാൾ തൂമ്പയുമെടുത്ത് പറമ്പിലേക്ക് ‘കപ്പക്കൂടം വെട്ടാൻ’ ഇറങ്ങി. കപ്പ കൂടം എന്നാൽ മരച്ചീനി നടുവാൻ മണ്ണ് കൂനകൂട്ടുന്നതാണ്. അവന്റെ അമ്മ കപ്പപുഴുങ്ങി കട്ടൻ ചായയും ഉണ്ടാക്കി മക്കൾക്ക് വേണ്ടി പാത്രത്തിൽ അടച്ചു വച്ചു.തോമസും എൽദോ യും അവന്റെ കുഞ്ഞനുജത്തി സാറയും എഴുന്നേറ്റു. അവർ ഉമ്മിക്കരിയും ഉപ്പും കൂട്ടി പല്ലുതേച്ചു.കപ്പപുഴുങ്ങിയതും കട്ടൻ ചായയും കുടിച്ചു.

പുസ്തക കെട്ടുകൾ ഇലാസ്റ്റിക് റബർ ബാൻഡിൽ ചുറ്റി അവർ സ്ക്കൂളിലേക്ക് യാത്രയായി. തോടും കടന്ന് ഊടുവഴികളിലൂടെ അവർ നടന്നു. സാറായെ വഴിയരികിൽ നിന്നു കളിയാക്കിയ കുട്ടനെ തോമസ് പിടിച്ചു തള്ളി. അവൻ ഓടിപ്പോയി. ധീരനായ പോരാളിയെപ്പോലെ തോമസ് അവരെയും കൂട്ടി നടന്നു

.അപ്പൻ വിയർത്തൊലിച്ച് മണ്ണ് പറ്റിയ ശരീരവുമായി വന്നു.കപ്പ കാന്താരിമുളകും കൂട്ടി കഴിച്ചു. അയാൾ മാനത്തേക്ക് നോക്കി പറഞ്ഞു “മഴക്കോളു കാണുന്നുണ്ട് “നാളെ കപ്പ ഇടുവാൻ കഴിയും”.

” പപ്പാ ഫോൺ ” ഇതു കേട്ട് തോമസ് കസേരയിൽ നിന്നും ഞെട്ടി ഉണർന്നു. അപ്പാപ്പനെ ഞാൻ വീഡിയോ കോളിൽ വിളിച്ചു “.തോമസ് മകൻ ആരോണിൽ നിന്നും ഫോൺ വാങ്ങി. അപ്പനും അമ്മയും ഉണ്ട് ഫോണിൽ. നിനക്കു സുഖം തന്നെയല്ലേടാ മക്കളെ എന്ന് ചോദിച്ചു. “സാറാ ലണ്ടനീന്ന് പുതിയ ഫോൺ കൊണ്ടുവന്നു തന്നു. നിന്റെ മോൻ അതറിഞ്ഞ് വിളിച്ചതാ.. ഇവൾ ഇതിന്റെ കുന്ത്രാണ്ടത്തിൽ പിടിച്ചു ഞെക്കിയപ്പോൾ കൊച്ചുമോനെ കണ്ടു “. സാരി വലിച്ചു ചുറ്റി മുടി ചീകി.. മുഖത്ത് പൗഡറും ഇട്ട് തോമസിന്റെ ഭാര്യ ഡാർലി”നിങ്ങളെന്തു ചെയ്തു കൊണ്ടിരിക്കുക മനുഷ്യാ എന്നു പറഞ്ഞു കൊണ്ട് വന്നു. ” അപ്പനാടീ ഫോണിൽ അയാൾ പറഞ്ഞു “. എനിക്ക് എട്ടു മണിക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്ക് കയറേണ്ടതാ. അപ്പനും മോനും രണ്ടു മണിക്കൂർ സംസാരിച്ചോണ്ടിരുന്നാൽ സമയം പോകും”. നമ്മുടെ ഇളയ സൽപുത്രൻ അതാ ഇരുന്നു കരയുന്നു. തൽക്കാലം നിങ്ങളുടെ ടച്ച് ഫോണിൽ ഞാൻ ഗെയിം വച്ച് കൊടുത്തിട്ടുണ്ട് ” അവൾ അത്രയും പറഞ്ഞ് തിടുക്കത്തിൽ പോയി.

എൽദോ വിളിച്ചാരുന്നോ അപ്പാ, തോമസ് ചോദിച്ചു. “അവനും പെമ്പ്ര ന്നോത്തീം പിള്ളാരും ഈസ്റ്ററിനു വരാമെന്നു പറഞ്ഞിട്ടുണ്ട് “. “അമ്മച്ചിയ്ക്കു സുഖമാണോ അപ്പാ “എനിക്ക് കുഴപ്പമൊന്നുമില്ല മുട്ടിനു ചെറിയ വേദന ഉണ്ടായിരുന്നു കണ്ണൻ വൈദ്യരെ കാണിച്ചെടാ മോനേ ” നീ ഇതു കേട്ട് ഓടി പിടിച്ച് ഇവിടെ വരേണ്ട” അമ്മച്ചി പറഞ്ഞു. “എന്നാൽ അപ്പാ എനിക്ക് കമ്പനീൽ പോകാൻ സമയമായി കോൺഫറൻസ് ഉണ്ട്” തോമസ് പറഞ്ഞു നിർത്തി.

അയാളുടെ ഇളയ മൂന്നു വയസ്സായ മകൻ ഫോണിൽ കണ്ണ് മിഴിച്ചു നോക്കി കൊണ്ട് ഗെയിം കളിക്കുന്ന തിരക്കായിരുന്നു.വയൽക്കരയിൽ ഇരുന്ന് റേഡിയോയിൽ ചിത്ര ഗീതം കേൾക്കുന്നത് തോമസ് ഓർത്തു.അപ്പന്റെയും അമ്മയുടെയും കൂടെ രാത്രിയിലെ കുളിർകാറ്റേറ്റ് കിടക്കാൻ ഓടി ചെല്ലാൻ അയാൾക്കു തോന്നി.

സജി വർഗീസ്

LEAVE A REPLY

Please enter your comment!
Please enter your name here