പാക് സൈന്യം ഇന്ത്യന്‍ ജവാന്‍മാരെ കൊലപ്പെടുത്തിയത് നിയന്ത്രണരേഖ മറികടന്നാണെന്ന് റിപ്പോര്‍ട്ടുകള്‍. ജമ്മു കാശ്മീരിലെ പൂഞ്ച് സെക്ടറില്‍ പാക്സ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം കടന്നു കയറി നടത്തിയ ആക്രമണത്തിലാണ് ബിഎസ്എഫ് 200ാം ബറ്റാലിയന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേം സാഗര്‍, ആര്‍മിയുടെ 22 സിഖ് റെജിമെന്റിലെ ജവാന്‍ പരംജീത് സിങ് എന്നിവര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ജവാന്‍മാരുടെ മൃതദേഹങ്ങളോട് അതക്രൂരമായാണ് പാക് സൈനികര്‍ പെരുമാറിയത്. മൃതദേഹത്തിന്റെ തല വെട്ടിമാറ്റുകയും ശരീരഭാഗങ്ങള്‍ വികൃതമാക്കുകയുമായിരുന്നു. അതിര്‍ത്തിയില്‍ ബിഎസ്എഫും ആര്‍മിയും സംയുക്തമായി നടത്തിയ തെരച്ചിലിനിടെയാണ് പാക് സൈന്യം ഒളിയാക്രമണം നടത്തിയത്. കാശ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപം കൃഷ്ണ ഘട്ടി മേഖലയില്‍ പാക് സൈന്യം വ്യാപകമായി കുഴിബോംബുകള്‍ സ്ഥാപിക്കാന്‍ ശ്രമം നടത്തുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് പ്രദേശത്ത് ഇന്ത്യന്‍ സൈന്യം തെരച്ചില്‍ കര്‍ശനമാക്കുകയായിരുന്നു. തെരച്ചിലിനിടെ നിയന്ത്രണരേഖ കടന്ന് 250 മീറ്ററോളം ഉള്ളിലായി ഒളിച്ചിരുന്ന പാക്സേന ജവാന്‍മാര്‍ക്കുനേരേ ആക്രമണം അഴിച്ചു വിടുകയായിരുന്നു.

കൃത്യമായി ആസൂത്രണം ചെയ്തായിരുന്നു പാക് സംഘത്തിന്റെ ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍. റോക്കറ്റുകളും മോര്‍ട്ടാര്‍ ഷെല്ലുകളും അവര്‍ ആക്രമണത്തിന് ഉപയോഗിച്ചിരുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നതിനിടയിലാണ് ജവാന്‍മാരുടെ ജീവന്‍ നഷ്ടമായത്. ഇത് ആദ്യമായിട്ടല്ല ബിഎടി ഇന്ത്യന്‍ സൈനികര്‍ക്കു നേരേ ചതിയില്‍ മിന്ന്‌ലാക്രമണം നടത്തുന്നത്. അന്നും കൊല്ലപ്പെട്ട ഇന്ത്യന്‍ ജവാന്‍മാരുടെ മൃതശരീരം വികലമാക്കുകയോ തലവെട്ടിമാറ്റുകയോ ചെയ്തിരുന്നു. 2013 ജനുവരിയില്‍ ഒരു സൈനികനും 2016 ഒക്ടോബറില്‍ മറ്റൊരു സൈനികനും ബിഎടിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയാണ് ബിഎടി ഇന്ത്യയ്ക്കു കൈമാറിയതും.

LEAVE A REPLY

Please enter your comment!
Please enter your name here