കോട്ടയം:അന്തരിച്ച മുത്തച്ഛന്റെ ഓര്‍മ്മയ്ക്കായി അമേരിക്കയിലെ മലയാളി വിദ്യാര്‍ഥി ആയിരങ്ങള്‍ക്ക് അറിവിന്റെ പാത തുറന്നുനല്‍കാനൊരുങ്ങുന്നു. മികച്ച അധ്യാപകനെന്നു പേരെടുത്ത മുത്തച്ഛന്റെ ഓര്‍മയ്ക്കായി നന്മയുടെ പുതിയ പാഠം രചിക്കുകയാണ് കെവിന്‍ കുര്യന്‍ എന്ന അമേരിക്കന്‍ മലയാളി വിദ്യാര്‍ഥി. ജനിച്ചതും വളര്‍ന്നതും അമേരിക്കയില്‍. ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന കുറവിലങ്ങാട് വെള്ളായിപ്പറമ്പില്‍ പ്രഫ. വി.യു. കുര്യന്റെ കൊച്ചുമകന് പക്ഷേ, നാടിനോടുള്ള അടുപ്പത്തിന് ഒരു കുറവും ഇല്ല.വി.യു. കുര്യന്റെ ഓര്‍മ നിലനിര്‍ത്താന്‍ രൂപീകരിച്ച പ്രോജക്ട് ലിസ പരിപാടിയുടെ ഭാഗമായി കുറവിലങ്ങാട്ടെ രണ്ട് സ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സാമ്പത്തികശേഷി കുറഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് നല്‍കുകയാണ് കെവിന്‍. 13ന് മൂന്നിന് മര്‍ത്തമറിയം ഫൊറോനാ പള്ളി പാരീഷ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ലാപ്‌ടോപുകള്‍ കൈമാറും.

നാടറിഞ്ഞ വിദ്യാഭ്യാസ വിദഗ്ധനും അധ്യാപകനുമായിരുന്നു പ്രഫ. വി.യു.കുര്യന്‍. മംഗലാപുരത്തെ വിവേകാനന്ദ കോളജില്‍ മൂന്ന് പതിറ്റാണ്ടിലേറെക്കാലം അധ്യാപകന്‍. വി.യു. കുര്യന്റെ മകന്‍ ജോ വെള്ളായിപ്പറമ്പിലിന്റെ പുത്രനാണ് കെവിന്‍. പദ്ധതിക്ക് പ്രോജക്ട് ലിസ എന്നു പേരിടാന്‍ പ്രത്യേക കാരണമുണ്ട്. 1983ല്‍ ആപ്പിള്‍ പുറത്തിറക്കിയ ഡെസ്‌ക് ടോപ് കംപ്യൂട്ടറാണ് ലിസ.

അക്കാലത്ത് 24000 യുഎസ് ഡോളര്‍ വിലയുണ്ടായിരുന്നു ഈ കംപ്യൂട്ടറിന്. പ്രഫ. കുര്യന്‍ ഇത്തരത്തിലൊരു കംപ്യൂട്ടര്‍ സാമ്പത്തികശേഷി കുറഞ്ഞ കുട്ടിക്ക് സമ്മാനിച്ചിരുന്നു. സഹപാഠികളായ മാസണ്‍ തോംസണ്‍, ബെന്‍ ഗ്രോസ്മാന്‍, ഗ്രിഫിന്‍ എന്നിവരുമായി ചേര്‍ന്ന് ജോലിയും പഠനവും ഒന്നിച്ചു കൊണ്ടുപോയി സമ്പാദിച്ച പണമാണ് ലാപ്‌ടോപ് വിതരണത്തിനായി വിനിയോഗിക്കുന്നത്. അച്ഛന്‍ ജോ, അമ്മ ടെസി, സഹോദരന്‍ എന്നിവര്‍ക്കൊപ്പം കെവിന്‍ ഇപ്പോള്‍ നാട്ടിലുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി അമേരിക്കയിലെ സിന്‍സ്‌ബെറിയിലാണ് ഈ കുടുംബം. കെവിന്റെ ശ്രമകരമായ ദൗത്യത്തെക്കുറിച്ച് നേരത്തെ യുഎസിലെ പത്രങ്ങളിലും വാര്‍ത്തകള്‍ വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here