മുംബൈ∙ ഐപിഎൽ ഒത്തുകളി കേസിൽ കുറ്റവിമുക്തമായെങ്കിലും ശ്രീശാന്തിന് സജീവ ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ സാധ്യത കുറവാണെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂർ. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താക്കൂർ ഇക്കാര്യം പറഞ്ഞത്. കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ബിസിസിഐ അഴിമതി വിരുദ്ധ സമിതിയുടെ റിപ്പോര്‍ട്ട് ശ്രീശാന്ത് ഉൾപ്പെട്ട മൂന്നു താരങ്ങൾക്കും എതിരാണ്- താക്കൂർ വ്യക്തമാക്കി.

ക്രിമിനല്‍ നടപടികളില്‍ നിന്ന് താരങ്ങള്‍ മോചിതരായി. പക്ഷേ ബിസിസിഐ അച്ചടക്ക നടപടികള്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ബിസിസിഐ അഴിമതി വിരുദ്ധ സമിതിയുടെ റിപ്പോര്‍ട്ട് താരങ്ങള്‍ക്ക് എതിരാണെന്നും അനുരാഗ് താക്കൂർ എന്‍എന്‍ ഐബിഎന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഐപിഎല്‍ വാതുവയ്പ് കേസിൽ പ്രതി ചേര്‍ക്കപ്പെട്ടതിനെത്തുടർന്ന് ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നീ ക്രിക്കറ്റ് താരങ്ങൾക്ക് ബിസിസിഐ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പാട്യാല ഹൗസ് കോടതി ജൂലൈ 25-ന് ഇവരെ കുറ്റവിമുക്തരാക്കി കേസ് തള്ളി. ഇതിനു പിന്നാലെ താരങ്ങൾ ആവശ്യപ്പെട്ടാൽ വിലക്ക് നീക്കുന്ന കാര്യം പരിഗണിക്കാമെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു. ഇതേത്തുടർന്ന് ശ്രീശാന്ത് ബിസിസിഐക്ക് കത്ത് അയച്ചിരുന്നു.

ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീയുടെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐക്ക് കെസിഎ കത്തയച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here