കൊച്ചി: ഫുട്‌സാല്‍ എന്ന കായിക ഇനം എന്താണെന്ന് പഠിക്കുന്ന തിരക്കിലാണ് മലയാളി. കാരണമെന്തന്നല്ലേ?പ്രീമിയര്‍ ഫുട്‌സാല്‍ ടൂര്‍ണമെന്റിന്റെ രണ്ടാം പതിപ്പില്‍ കൊച്ചി ടീമായ കേരള കോബ്രാസിന്റെ ബ്രാന്‍ഡ് അംബാസഡറും ഫ്രാഞ്ചൈസി സഹ ഉടമയുമായി ബോളിവുഡ് താരം സണ്ണി ലിയോണിനെ നിയമിച്ചു എന്നതുന്നെ. ഫുട്‌ബോള്‍ ഏറ്റവും വലിയ കായിക വിനോദമായ കേരളത്തിന്റെ സ്വന്തം ടീമില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നു സണ്ണി ലിയോണ്‍ പ്രതികരിച്ചു.
പ്രീമിയര്‍ ഫുട്‌സാല്‍ രണ്ടാം സീസണ്‍ മല്‍സരങ്ങള്‍ 15 മുതല്‍ 17 വരെ മുംബൈ വര്‍ളിയിലെ എന്‍എസ്‌സിഐയിലും രണ്ടാം റൗണ്ട് 19 മുതല്‍ സെപ്റ്റംബര്‍ 24 വരെ ബെംഗളൂരുവിലെ കോറമാംഗല ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും നടക്കും. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ 26 മുതല്‍ ഒക്ടോബര്‍ 1 വരെ ദുബായിലാണ്.
ഫുട്‌ബോളിന്റെ ചെറുപതിപ്പായ ഫുട്‌സാലില്‍ ഒരു ടീമില്‍ അഞ്ച് പേര്‍ വീതമാണ് കളിക്കാനിറങ്ങുക. ഇന്‍ഡോര്‍ ഗെയിമില്‍ രണ്ടു പകുതിയിലുമായി 40 മിനിറ്റാണു കളി. ആദ്യ സീസണില്‍ കൊച്ചിയെ തോല്‍പ്പിച്ച് മുംബൈ ആണ് ജേതാക്കളായത്. ബ്രസീല്‍ താരം റൊണാള്‍ഡീഞ്ഞോ അടക്കമുള്ളവരും രണ്ടാം സീസണിലും വിവിധ ടീമുകളുടെ ഭാഗമായി ഇന്ത്യയിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here