കൊതിയൂറുന്ന പാസ്ത. മനംമയക്കുന്ന മണമുള്ള പൊരിച്ച കോഴി. പൊട്ടറ്റോ ചിപ്‌സ്. രുചിയാകര്‍ഷിക്കുന്ന ബര്‍ഗര്‍. മേല്‍പറഞ്ഞതിലേതെങ്കിലുമൊക്കെ ദിവസവും കഴിക്കുന്നവരായി നമ്മള്‍ മലയാളികള്‍ മാറിയിരിക്കുന്നു. ഈ രുചിക്കൂട്ടുകളില്‍ മനം മയങ്ങുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ സൗകര്യപൂര്‍വം മറക്കാനാണ് നമുക്ക് താല്‍പര്യം.
സത്യത്തില്‍ ഇതുള്‍പ്പെടെ അനാരോഗ്യകരമായ ആഹാരപദാര്‍ഥങ്ങള്‍ നമ്മള്‍ അകത്താക്കുമ്പോള്‍ അവയെ നേരിടാനുള്ള ശരീരത്തിന്റെ പെടാപാട് അറിയുന്നുണ്ടോ. ഈ ആഹാര സാധനങ്ങള്‍ വേണ്ടിയിട്ടുതന്നെയാണോ കഴിക്കുന്നത്. വെറും ആഗ്രഹമല്ലേ. ആകര്‍ഷിക്കുന്ന ആഹാരപദാര്‍ഥങ്ങള്‍ മുന്നില്‍ നിരക്കുമ്പോള്‍ അതുവേണ്ട എന്നു പറയാന്‍ കഴിയാത്തതാണ് ആരോഗ്യപ്രശ്‌നങ്ങളുടെ തുടക്കമെന്നു വേണമെങ്കില്‍ പറയാം. മേല്‍പറഞ്ഞ ആഹാരസാധനങ്ങളിലൊക്കെ അനാരോഗ്യകരമായ കൊഴുപ്പുകളും അധിക കലോറികളും അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തിന് വളരെയേറെ ദോഷം ചെയ്യും. വിദേശികള്‍ ചെയ്യുന്നതുപോലെ കലോറിമൂല്യം നോക്കി ഭക്ഷണം കഴിച്ചാല്‍ ഇത്തരത്തിലുള്ള ആഹാരസാധനങ്ങളൊക്കെ നമ്മള്‍ വര്‍ജിക്കേണ്ടിവരും. ദിവസവും വ്യായാമം ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇത് പ്രശ്‌നമല്ല എന്നു കരുതാന്‍ വരട്ടെ. ഇവിടെ പറയാന്‍ പോകുന്നതും അതുതന്നെയാണ്.
നമുക്ക് ഏറ്റവും അനാരോഗ്യകരങ്ങളായ ചില ആഹാരസാധനങ്ങളും അവയുണ്ടാക്കുന്ന കൊഴുപ്പും കലോറിയും എരിച്ചുകളയാന്‍ നിങ്ങളൊഴുക്കേണ്ട വിയര്‍പ്പുമാണ് നല്‍കിയിരിക്കുന്നത്.

കോഴി വറുത്തത്

നാവില്‍ വെള്ളമൂറുന്ന വിഭവമാണെങ്കിലും കോഴി വറുത്തത് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നത്തെപ്പറ്റി ഉത്തമ ബോധ്യമുണ്ടാവണം. കോഴി ആരോഗ്യപ്രദമാണ്. എന്നാല്‍ വറുത്തതും പൊരിച്ചതുമായ കോഴിയിറച്ചി വിഭവങ്ങള്‍ നമ്മുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കും. 726 കലോറിയാണ് കോഴിവറുത്തതില്‍ ഉള്ളത്. അത് ശരീരത്തിലെത്തിയാല്‍ പിന്നെ എരിച്ചുകളയാന്‍ വേണ്ടത് ജിമ്മില്‍ നിര്‍ത്താതെ രണ്ടുമണിക്കൂര്‍ വ്യായാമമാണ്. അതിന് പുള്‍ അപ്പുകളും സീറ്റഡ് റോ എന്നീ വ്യായാമ മുറകള്‍ തുടര്‍ച്ചയായി ചെയ്യേണ്ടിവരും.

 

ഫ്രഞ്ച് ഫ്രൈ

നമ്മുടെ നാടന്‍ പൊട്ടറ്റോ ചിപ്‌സ് വിട്ട് ഇപ്പോള്‍ ഫ്രഞ്ച് ഫ്രൈയുടെ പിന്നാലെയാണ് നാട്ടുകാര്‍. ഉരുളക്കിഴങ്ങ് നീളത്തില്‍ അരിഞ്ഞ് വറുക്കാന്‍ പാകത്തില്‍ കോള്‍ഡ് സ്‌റ്റോറേജുകളിലും മറ്റും ഇപ്പോള്‍ ലഭ്യവുമാണ്. എന്നാല്‍ ഈ രുചിയൂറും വിഭവമുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഒരു വലിയ പായ്ക്കറ്റ് ഫ്രഞ്ച് ഫ്രൈയില്‍ 460 കലോറി ഊര്‍ജമാണ് അടങ്ങിയിരിക്കുന്നത്. അകത്താക്കിക്കഴിഞ്ഞാല്‍ എരിച്ചുകളയാന്‍ 40 മിനിറ്റു മുതല്‍ ഒരു മണിക്കൂര്‍ കഠിന വ്യായാമം വേണ്ടിവരും. ജിമ്മിലാണെങ്കില്‍ ഒരു മണിക്കൂര്‍ തുടര്‍ച്ചയായി പുഷ് അപ്പ്‌സ് എടുക്കണം. തയാറുണ്ടെങ്കില്‍ കഴിച്ചോളൂ.

 

ശീതള പാനീയം

കൊക്കോകോള, പെപ്‌സി തുടങ്ങി വിദേശികളും സ്വദേശികളുമായി ഒരു പറ്റം ശീതള പാനീയങ്ങള്‍ വിപണി അടക്കി വാഴുന്നുണ്ട്. കൗമാരക്കാര്‍ ഒരു സ്റ്റാറ്റസ് പോലെയാണ് ഇതിന്റെ അടിമകളായിരിക്കുന്നത്. പലരും ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് അജ്ഞരായിരിക്കുകയും ചെയ്യും. ഒരു ഗ്ലാസ് തണുത്ത ശീതളപാനീയത്തില്‍ 140 കലോറി ഊര്‍ജമാണ് അടങ്ങിയിരിക്കുന്നതെന്ന് അറിയണം. ആഹാരത്തിന്റെ രൂപമനുസരിച്ച് ശരീരത്തിന്റെ പലഭാഗങ്ങളിലേക്കടിയുന്ന കൊഴുപ്പിനെ എരിച്ചുകളയാന്‍ വ്യായാമ മുറകളും മാറ്റേണ്ടിവരും. ഇരുഭാഗത്തും ഉയര്‍ന്നു നില്‍ക്കുന്ന കേബിളുകള്‍ ശരീരത്തിലേക്ക് വലിച്ചടുപ്പിക്കുകയും സ്വതന്ത്രമാക്കുകയും ചെയ്യുന്ന കേബിള്‍ ഫ്‌ളൈ, ഡംബെല്‍ തുടങ്ങിയ വ്യായാമ മുറകള്‍ 15 മിനിറ്റെങ്കിലും തുടര്‍ച്ചയായി ചെയ്താല്‍ മാത്രമേ ഈ അധിക കലോറി കത്തിച്ചുകളയാന്‍ കഴിയൂ.

 

ഡോ നട്ട്

നമ്മുടെ നാട്ടില്‍ സുലഭമല്ലെങ്കിലും നാഗരിക ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു ഡോ നട്ട്. ചില കുട്ടികള്‍ക്കെങ്കിലും ഡോ നട്ടില്ലാതെ ദിവസങ്ങളില്ല എന്ന സ്ഥിതിയുണ്ട്. സ്റ്റാറ്റസ് അല്ലേ എന്നു കരുതി ആരോഗ്യ ചിന്തയില്ലാത്ത ചില മാതാപിതാക്കളെങ്കിലും മക്കളെ പൊണ്ണത്തടിയിലേക്ക് തള്ളിവിടുന്നതും കാണാം. ഇത് ആരോഗ്യകരമായ ഭക്ഷണ സാധനമേയല്ല. വര്‍ണവും മധുരവും ചേര്‍ന്ന ഒരു ഡോ നട്ട് നമുക്ക് സമ്മാനിക്കുന്നത് ഒറ്റയടിക്ക് 260 കലോറിയാണ്. ഒരു ഡോ നട്ട് മാത്രമാണോ കഴിക്കുന്നതെന്നുകൂടി ആലോചിച്ചാല്‍ ഇത് ശരീരത്തിലെത്തിക്കുന്നത് എത്ര അധിക കലോറി മൂല്യമാണെന്നു മനസിലാകും. ഇത് ശരീരത്തില്‍ നിന്ന് എരിച്ചു കളയാന്‍ 25 മിനിറ്റ് നീന്തല്‍ വ്യായാമം ചെയ്യേണ്ടിവരും. അത് നിങ്ങള്‍ക്ക് സാധിക്കില്ലെങ്കില്‍ ഡോ നട്ട് വിട്ടേക്കുക.

 

പിസ്സ

പരസ്യങ്ങളാണ് മലയാളികളെ പിസ്സയിലേക്ക് അടുപ്പിച്ചത്. നിരവധി രുചികളിലും മണങ്ങളിലുമാണ് വിവിധ കമ്പനികളുടേതായി പിസ്സ വിപണിയില്‍ ലഭിക്കുന്നത്. കലോറിയുടെ ഖനിയെന്നുവേണം പിസ്സയെ പറയാന്‍. ഒരു ചെറിയ കഷണം പിസ്സയില്‍ 290 കലോറിയാണ് അടങ്ങിയിരിക്കുന്നത്. വിദേശി കഴിക്കുന്നത് കണ്ടു കഴിക്കേണ്ട. അവന്റെ ഒരു ദിവസത്തെ ഭക്ഷണമാകും അത്. നമ്മള്‍ പിസ്സയ്ക്കു പുറമേ വേറെ എന്തെല്ലാം അകത്താക്കുന്നുണ്ട്. ഈ കലോറി എരിച്ചുകളയാന്‍ ഒരു മണിക്കൂര്‍ ഡാന്‍സ് കളിക്കുകയോ അത്രയും സമയം ബാള്‍റൂം വ്യായാമത്തില്‍ ഏര്‍പ്പെടുകയോ ചെയ്യേണ്ടിവരും.

 

കേക്ക്

കേക്ക് എത്രയും കഴിക്കാമല്ലോ എന്നു സമാധാനിക്കാന്‍ വരട്ടെ. ആരോഗ്യത്തെ ആക്രമിക്കുന്നതില്‍ കേക്കും വിരുതനാണ്. പല വര്‍ണങ്ങളിലും രുചികളിലും ആകൃതിയിലും മണത്തിലും ലഭിക്കുന്ന കേക്കുകള്‍ ഒരേസമയം നമ്മുടെ പഞ്ചേന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കാന്‍ പോന്നതാണ്. ചോക്കലേറ്റ് കേക്കിന്റെ കാര്യം തന്നെയെടുക്കാം. ഒരു ഇടത്തരം കഷണം കേക്കില്‍ 312 കലോറിയാണ് അടങ്ങിയിരിക്കുന്നത്. വലിയ വ്യായാമ മുറകളില്ലാതെ ഈ കലോറി എരിച്ചുകളയാമെന്ന പ്രത്യേകതയുണ്ട്. ഭാരം കുറയ്ക്കാനുള്ള ഏതെങ്കിലും വ്യായാമം 50 മിനിറ്റ് ചെയ്യുക. അതല്ലെങ്കില്‍ മുക്കാല്‍ മണിക്കൂറെങ്കിലും ജോഗിംഗ് ചെയ്യുക.

 

ബര്‍ഗര്‍

വിദേശ ഭക്ഷണകമ്പനികളെ പോലെ നാടന്‍ ബേക്കറികളും ഇപ്പോള്‍ ബര്‍ഗര്‍ പരീക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതിന്റെ രുചിക്കൂട്ടാണ് നമ്മളെ ആകര്‍ഷിക്കുന്ന ഘടകം. മൊരിഞ്ഞ ചിക്കന്‍ കഷണങ്ങളും ചീസും ചേര്‍ന്ന ബര്‍ഗര്‍ കണ്ടാല്‍ കൈവയ്ക്കാത്തവരില്ല. ഒരു ചീസ് ബര്‍ഗറില്‍ 490 കലോറിയാണ് അടങ്ങിയിരിക്കുന്നത്. മറ്റു ഭക്ഷണങ്ങളേക്കാള്‍ അപകടകാരിയാണിത്. ഇതിലെ കലോറി എരിച്ചുകളയാന്‍ ഒരു മണിക്കൂറോളം ജിമ്മില്‍ കാര്‍ഡിയോ ചെയ്യണം. ഒപ്പം ഒന്നര മണിക്കൂറോളം ഭാരം കുറയ്ക്കാനുള്ള വ്യായാമമുറകള്‍ ചെയ്യണം. ഇതിനാവില്ലെങ്കില്‍ ബര്‍ഗറിലേക്ക് നോക്കാതിരിക്കുക.

 

ചോക്കലേറ്റ്

മിഠായിക്കടകളിലും ബേക്കറികളിലും ചോക്കലേറ്റുകള്‍ പല രൂപത്തിലും ഭാവത്തിലും കാണാം. അതുതന്നെയാണ് അതിന്റെ ആകര്‍ഷണവും. രുചി രണ്ടാമത്തെക്കാര്യം. ഡാര്‍ക്ക് ചോക്കലേറ്റും വൈറ്റ് ചോക്കലേറ്റുമുണ്ട്. ഡാര്‍ക്ക് കുഴപ്പമില്ലെന്നു കരുതേണ്ട. രണ്ടുവിഭാഗത്തിലും അടങ്ങിയിരിക്കുന്ന കലോറി മൂല്യം 250 ആണ്. ഇത് എരിച്ചുകളയാന്‍ നമുക്ക് വേണ്ട വ്യായാമം 25 മിനിറ്റ്. ആഹാരം എന്തു കഴിക്കുമ്പോഴും അതിലുള്ള കലോറി ശ്രദ്ധിക്കുകയും അത് എരിച്ചുകളായാനുള്ള മാര്‍ഗങ്ങള്‍ കണ്ടുവയ്ക്കുകയും വേണം.

 

അമിതഭാരം സൂക്ഷിക്കണം

ഉയര്‍ന്ന കലോറിയും പൂരിത കൊഴുപ്പും ധാരാളമുള്ളവയാണ് മാംസം. ഇത് ദഹനം വര്‍ധിപ്പിക്കുകയും അമിതഭാരത്തിനും കൊളസ്‌ട്രോള്‍ നില കൂടുന്നതിനും കാരണമാകുകയും ചെയ്യും. കൂടാതെ ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതോടെ ധമനികളുടെ വ്യാസം ചുരുങ്ങുകയും രക്തസമ്മര്‍ദ്ദം വര്‍ധിക്കുകയും ചെയ്യും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അമിതഭാരവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. മാംസത്തിലെ കൊഴുപ്പ് പഴങ്ങളും പച്ചക്കറികളും കഴിക്കുമ്പോള്‍ ഉള്ളതിലും കൂടുതലായി ശരീരഭാരം വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ടിന്നിലടച്ച മാംസത്തില്‍ ഉപ്പ് വളരെ കൂടുതലാണ്. ഇതും രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. ആഴ്ചയില്‍ മൂന്നു തവണ വീതം മാംസം കഴിക്കുന്ന സ്്ത്രീകള്‍ക്ക് പത്തുവര്‍ഷത്തിനുള്ളില്‍ അമിത രക്തസമ്മര്‍ദ്ദം വരാനുള്ള സാധ്യത 24 ശതമാനമാണ്. കഴിക്കുന്ന മാംസാഹാരത്തിന്റെ അളവ് കൂടുന്നതിനനുസരിച്ച് രക്തസമ്മര്‍ദ്ദവും വര്‍ധിക്കുമെന്നാണ് ഏഴു വര്‍ഷക്കാലം മധ്യവയസ്‌കരായ പുരുഷന്‍മാരില്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത്. എന്നാല്‍ പഴങ്ങളും പച്ചക്കറികളും ആഹാരമാക്കുന്നവരില്‍ ഇതിനുള്ള സാധ്യത തുലോംകുറവാണ്.
മാംസാഹാരത്തില്‍ മാത്രം കാണപ്പെടുന്ന ഹെം അയണാണ് മറ്റൊരു ഘടകം. ഇത് ശരീരത്തില്‍ അടിഞ്ഞുകൂടുകയും ധമനികളില്‍ രക്തം കട്ട പിടിക്കുന്നത് തടയുന്ന കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും. അതേസമയം സസ്യാഹാരങ്ങളില്‍ കാണുന്ന ഹെം ഇതര അയണിന് രക്തസമ്മര്‍ദ്ദവുമായി യാതൊരു ബന്ധവുമില്ല.
ആരോഗ്യകരമായ നിലയില്‍ രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുന്നതിന് പഴങ്ങളും പച്ചക്കറികളും ധാരാളമായടങ്ങിയ ഭക്ഷണരീതിയാണ് അമേരിക്കന്‍ നാഷണല്‍ ഹാര്‍ട്ട്, ലംഗ് ആന്‍ഡ് ബ്ലഡ് ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍േദശിക്കുന്നത്. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പുറത്തിറക്കുന്ന ‘സര്‍ക്കുലേഷനി’ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നത് സസ്യങ്ങളിലെ പ്രോട്ടീനിലുള്ള ഗ്ലൂട്ടമിക് ആസിഡിന് രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള കഴിവുകളുണ്ടെന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here