ന്യൂഡല്‍ഹി:തന്നെ പ്രശംസിച്ചവരോട് വികാരപരമായ ഭാഷയില്‍ നന്ദി പറഞ്ഞ് ജസ്റ്റിസ് ചെലമേശ്വര്‍. കഴിഞ്ഞ ആറു വര്‍ഷത്തിനും പത്തു മാസത്തിനും ഇടയില്‍ കോപം കൊണ്ട് ആരുടെയെങ്കിലും വികാരത്തെ മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് മനപ്പൂര്‍വമല്ലെന്നും മാപ്പു ചോദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതിയുടെ പടിയിറങ്ങുന്നതിന്റെ തലേദിവസം ജസ്റ്റിസ് ചെലമേശ്വറിനെ വാനോളം പുകഴ്ത്തിയ മുതിര്‍ന്ന അഭിഭാഷകര്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. രണ്ടാം നമ്പര്‍ കോടതി മുറിയില്‍ നിന്ന് ഉച്ചഭക്ഷണത്തിനു പിരിയുന്നതിന് മുന്‍പായാണ് മുതിര്‍ന്ന അഭിഭാഷകനായ ശാന്തി ഭൂഷന്‍ ജസ്റ്റിസ് ചെലമേശ്വറിനെ പ്രശംസിച്ചത്. മുന്‍ ജഡ്ജിയായിരുന്ന എച്ച് ആര്‍ ഖന്നയും ജസ്റ്റിസ് ചെലമേശ്വറും ചീഫി ജസ്റ്റിസ് ആകാതെ പടിയിറങ്ങിയവരാണെന്ന് ശാന്തി ഭൂഷണ്‍ പറഞ്ഞു.

മുതിര്‍ന്ന അഭിഭാഷകരുടെ പ്രശംസയ്ക്ക് നന്ദി അറിയിച്ചു കൊണ്ട് ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞതിങ്ങനെയാണ്: ‘കഴിഞ്ഞ ആറു വര്‍ഷത്തിനും പത്തുമാസത്തിനും ഇടയ്ക്ക് ഞാന്‍ ആരോടെങ്കിലും അകാരണമായി കോപം പ്രകടിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് മനപൂര്‍വമല്ല, ആരോടും വ്യക്തിപരമായി ഒരു അകല്‍ച്ചയും ഇല്ല. അത് വേണ്ട മുന്‍കരുതലുകള്‍ ഇല്ലാത്തതുകൊണ്ടും ആ സമയത്തെ ചില പ്രത്യേക കാരണങ്ങള്‍ കൊണ്ടുമാണ്. ആരുടെയെങ്കിലും വികാരത്തെ മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നു’.

ഈ മാസം 22നാണ് ജസ്റ്റിസ് ചെലമേശ്വര്‍ സുപ്രീംകോടതിയില്‍ നിന്നു വിരമിക്കുന്നത്. കോടതി വേനല്‍ അവധിയിലേക്കു പ്രവേശിക്കുന്നതിനാല്‍ വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന്റെ അവസാന പ്രവര്‍ത്തി ദിവസം. ചീഫ് ജസ്റ്റിസിനെതിരെയും സുപ്രീം കോടതിയുടെ പ്രവര്‍ത്തനത്തെയും പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയ നാലു മുതിര്‍ന്ന ജഡ്ജിമാരില്‍ പ്രധാനിയാണ് ജസ്റ്റിസ് ചെലമേശ്വര്‍.

LEAVE A REPLY

Please enter your comment!
Please enter your name here