കൊച്ചി: താരസംഘടന നേതൃത്വത്തിനും എക്സിക്യൂട്ടിവ് അംഗങ്ങള്‍ക്കെതിരെയുള്ള സിനിമയിലെ സ്ത്രീ കൂട്ടായ്മയുടെ കടുത്ത വിമര്‍ശനങ്ങളുടെകൂടി പശ്ചാത്തലത്തില്‍ എഎംഎംഎയുടെ പ്രത്യേക ജനറല്‍ ബോഡി യോഗം നവംബര്‍ 24ന് ചേരും. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യൂസിസി അംഗങ്ങള്‍ നല്‍കിയ കത്തും നദിലീപിന്റെ രാജിയും അന്ന് ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ദിലീപിന്റെ രാജിക്കാര്യം ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്ന് എഎംഎംഎ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

ഒരു ജനറല്‍ബോഡിയെടുത്ത തീരുമാനം തിരുത്താന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് ഇടവേള ബാബു പറഞ്ഞു. അത് തിരുത്തണമെങ്കില്‍ അടുത്ത ജനറല്‍ബോഡിയിലാണ് സാധിക്കുക. എല്ലാവര്‍ക്കും പറയാനുള്ളത് പറയട്ടെ, സംഘടന ഇപ്പോള്‍ പരസ്യമായി പ്രതികരിക്കുന്നില്ലെന്ന് ശനിയാഴ്ചത്തെ ഡബ്ല്യൂസിസി വാര്‍ത്താസമ്മേളനത്തെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.

ദിലീപിനെ പുറത്താക്കണമെന്ന കത്ത് ജനറല്‍ ബോഡിയിലാകും ചര്‍ച്ചയാകുക. എല്ലാവരെയും ഒരുമിപ്പിച്ച് പോകാനാണ് സംഘടനയുടെ ലക്ഷ്യമെന്നും ഇടവേള ബാബു വ്യക്തമാക്കി. വര്‍ഷത്തിലൊരിക്കല്‍ ചേരുന്ന ജനറല്‍ ബോഡിയാണ് ഡബ്ല്യുസിസിയുടെ കടുത്ത വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ അടിയന്തിരമായി ചേരുന്നത്.

നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതിയായതിനെത്തുടര്‍ന്നാണ് 2017 ജൂലൈ 11ന് ദിലീപിനെ എഎംഎംഎയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും വാക്കാല്‍ പുറത്താക്കുന്നത്. നടന്‍ മമ്മുട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അവയിലബിള്‍ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നാണ് സംഘടനാ ട്രഷറര്‍ കൂടിയായ ദിലീപിനെതിരെ നടപടിയെടുത്തത്. 2018 ജൂണ്‍ 24 ചേര്‍ന്ന എഎംഎംഎ ജനറല്‍ ബോഡിയിലാണ് ദിലീപിനെ തിരിച്ചെടുത്തത്. ദിലീപിനെ പുറത്താക്കിയ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നായിരുന്നു വിശദീകരണം. നടി ഊര്‍മിള ഉണ്ണിയായിരുന്നു ഇക്കാര്യം യോഗത്തില്‍ അവതരിപ്പിച്ചത്. ദിലിപിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ആരും യോഗത്തില്‍ എതിര്‍ അഭിപ്രായം പറഞ്ഞില്ലെന്നായിരുന്നു നേതൃത്വം വ്യക്തമാക്കിയത്.

ഇതിനെതിരെയും വനിത കൂട്ടായ്മ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നു. ആക്രമിക്കപ്പെട്ട നടി തിരശീലയ്ക്ക് പിന്നിലാവുകയും നടന്‍ സ്വതന്ത്രമായി നടക്കുന്നതായും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കുള്‍പ്പെടെയുള്ളവര്‍ക്ക് വനിത കൂട്ടായ്മ പരാതി നല്‍കി. തുടര്‍ന്ന് ജൂലൈ 9ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദിലീപിന് സംഘടനയിലെ സ്ഥാനം സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ മോഹന്‍ലാലിനായില്ല.

കഴിഞ്ഞ 10ന് താരസംഘടനയില്‍ നിന്നും ദിലീപ് രാജിവച്ചതായാണ് സൂചന. എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാലിനോടാണ് രാജിക്കാര്യം അറിയിച്ചതെന്നാണ് വിവരം. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ ഇടവേള ബാബു തയ്യാറായില്ല. രാജിക്കാര്യവും നടിമാരുടെ കത്തിന്റെ കാര്യവുമുള്‍പ്പെടെ എല്ലാ വിവരങ്ങളും ജനറല്‍ബോഡിയില്‍ ചര്‍ച്ചയ്ക്ക് വരുമെന്ന സൂചനയും നല്‍കി. മന്ത്രിമാരായ മെഴ്‌സിക്കുട്ടിയമ്മയും എ കെ ബാലനും ഇക്കാര്യത്തില്‍ പരിഹാരമുണ്ടാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here