മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ശനി) രാവിലെ 10:30 -നു അമേരിക്കന്‍ മലയാളികളുമായി നടത്തുന്ന സും മീറ്ററിംഗില്‍ ഫോമാ ഔദ്യോഗികമായി പങ്കെടുക്കുന്നതല്ലെന്നു പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡണ്ട് വിന്‍സന്റ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണചാന്‍പറമ്പില്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ഔദ്യോഗികമായി ഫോമക്ക് ക്ഷണമൊന്നും കിട്ടാത്തതിനാലാണിതെന്നു പ്രസിഡന്റ് മറ്റു ഭാരവാഹികള്‍ക്കയച്ച സന്ദേശത്തില്‍ പറയുന്നു. തങ്ങളെ മീറ്ററിംഗില്‍ നിന്ന് ഒഴിവാക്കിയ കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിലും അറിയിച്ചിരുന്നു.ഇക്കാര്യം നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, കൗണ്‍സില്‍ മെമ്പേഴ്സ്, സംഘടനാംഗങ്ങള്‍ എന്നിവരെ അറിയിക്കുകയാണെന്നു സന്ദേശത്തില്‍ പറയുന്നു. ഫോമാ ഔദ്യോഗികമായി മീറ്ററിംഗിലേക്കില്ല.

കേരള മുഖ്യമന്ത്രി എല്ലാവരുടെയും പ്രതിനിധി ആയിരിക്കെ ഒരു സംഘടനക്കു മാത്രം പ്രധാന്യം നല്‍കുകയും മറ്റുള്ളവരെ അവഗണിക്കുകയും ചെയ്തതായാണ് ഫോമാ നേതൃത്വം വിലയിരുത്തുന്നത്.

നോര്‍ക്കയുടെ ആഭിമുഖ്യത്തിലാണ് സമ്മേളനം. നോര്‍ക്കയുടെ ഡയറക്ടര്‍ എന്ന നിലയില്‍ ഡോ. കെ. അനിരുദ്ധനാണ് മുഖ്യ സംഘാടകന്‍. എങ്കിലും ഫൊക്കാന ആണു സമ്മേളനം നിയന്ത്രിക്കുന്നതെന്നു ഫോമാ നേത്രുത്വം കരുതുന്നു.കേന്ദ്രമന്ത്രി വി. മുരളീധരനുമായി സൂം മീറ്റിംഗ് നടത്തിയത് ഫോമയാണ്. അന്നു മറ്റു സംഘടനകള്‍ക്ക് അവിടെ പ്രാധാന്യമില്ലായിരുന്ന കാര്യം ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ അത് അമേരിക്കന്‍ മലയാളികള്‍ക്കായി ഫോമാ തന്നെ സംഘടിപ്പിച്ച മീറ്റിംഗ് ആയിരുന്നുവെന്നു ഫോമാ നേതാക്കള്‍ ചൂണ്ടിക്കാട്ടി. മറ്റൊരു സംഘടനയേയും വിളിച്ചില്ല. എങ്കിലും എല്ലാവര്‍ക്കും പങ്കെടുക്കാനും സംസാരിക്കാനും അവസരം നല്കി.

ഇന്ത്യന്‍ പൗരത്വമുള്ളവരുടെ ഒ.സി.ഐ കാര്‍ഡുള്ള കുട്ടികളെ വന്ദേഭാരത് മിഷനില്‍ കൊണ്ടു പോകണമെന്നത് അന്നത്തെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു. അതു സാധിതമായതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നു ജോസ് ഏബ്രഹാം പറഞ്ഞു.എന്തായാലും വിദേശത്തുള്ളവരുടെ തിരിച്ചു പോക്കും മറ്റും കേന്ദ്ര വിഷയങ്ങളാണ്. പക്ഷെ പ്രവാസികള്‍ ആവശ്യപ്പെടുന്ന പല കാര്യങ്ങളിലും സമ്മേര്‍ദ്ദം ചെലുത്താന്‍ മുഖ്യമന്ത്രിയോടാവശ്യപ്പെടാം.

മുഖ്യമന്ത്രിക്ക് ഇന്ന് 75 വയസ് തികയുകയാണെന്ന വിശേഷവുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here