മിലാൻ ∙ പാവം മരിയോ ബലോറ്റെല്ലി! വലിയ താരമൊക്കെ തന്നെ; പക്ഷേ, കളിക്കളത്തിനു പുറത്താണു കൂടുതൽ പേരു കേൾപ്പിക്കുക എന്നുവച്ചാൽ എന്തു ചെയ്യും? സ്കൂൾ കുട്ടികളെ അനുസരിപ്പിക്കുന്ന പോലെ കർശന നിർദേശം നൽകും. ഇറ്റാലിയൻ ക്ലബ് എസി മിലാൻ അതു തന്നെ ചെയ്തു.

ലിവർപൂളിൽ നിന്നു തിരികെയെത്തുന്ന താരത്തിന്റെ കരാറിൽ അവർ പുതിയ നിബന്ധനകൾ വച്ചു: പുകവലിക്കരുത്, നൈറ്റ് ക്ലബ്ബിൽ പോകരുത്, സ്റ്റൈലായി മുടി വെട്ടരുത്. ഇറ്റാലിയൻ എയർഫോഴ്സിലെ സൈനികർക്കു നൽകുന്നതിനു സമാനമായ നിർദേശങ്ങളാണു ക്ലബ് ബലോറ്റെല്ലിക്കു മുന്നിൽ വച്ചത്. ലിവർപൂളിലെ മോശം പ്രകടനത്തിനു ശേഷം തിരികെയെത്തിയ ബലോറ്റെല്ലി ഇന്നലെ മിലാനിൽ വൈദ്യപരിശോധനയ്ക്കു വിധേയനായി.

നിബന്ധനകൾ വച്ചുനോക്കുകയാണെങ്കിൽ ക്ലബ്ബിൽ ‘സൂപ്പർ മാരിയോ’ എന്നറിയപ്പെടുന്ന ബലോറ്റെല്ലിയെ കെട്ടിയിടാൻ തന്നെയാണു മിലാന്റെ തീരുമാനം. താരത്തിന്റെ ട്വിറ്റർ, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ കർശനമായി നിരീക്ഷിക്കും. ക്ലബ്ബിന്റെ അന്തസ്സിനും ആഭിജാത്യത്തിനും നിരക്കാത്ത വസ്ത്രങ്ങൾ ധരിക്കാൻ പാടില്ല.

ഒരുവർഷം മുൻപു 16 ദശലക്ഷം പൗണ്ടിനു ലിവർപൂളിലേക്കു പോയ ബലോറ്റെല്ലി കഴിഞ്ഞ സീസണിൽ വിവാദങ്ങൾ കൊണ്ടുമാത്രമാണു പേരെടുത്തത്. മുന്നേറ്റത്തിൽ ബലോറ്റെല്ലിയിൽ പ്രതീക്ഷയർപ്പിച്ച ലിവർപൂൾ, ലീഗിൽ പോയിന്റ് പട്ടികയിൽ ആദ്യ അ​ഞ്ചിൽ നിന്നുതന്നെ പുറത്താവുകയും ചെയ്തു.

മിലാനിലെ ആദ്യ കളിക്കാലത്തിന്റെ തുടക്കത്തിൽ ബലോറ്റെല്ലിയുടേത് ആശാവഹമായ പ്രകടനമായിരുന്നു. എന്നാൽ പ്രകടനം മോശമായതിനൊപ്പം ചാനൽ പണ്ഡിതരുടെ വിമർശനം കൂടിയായതോടെ ബലോറ്റെല്ലിക്കു സഹിച്ചില്ല. ഇന്റർവ്യൂവിനിടെ ഫുട്ബോൾ അറിയില്ല എന്നു പറഞ്ഞ് അവതാരകനോടു കയർത്ത ബലോറ്റെല്ലി മൈക്ക് വലിച്ചെറിഞ്ഞു.

കാഗ്ലിയാരിയെക്കെതിരെയുള്ള കളിക്കിടെ അവരുടെ ആരാധകർക്കു നേരെ അശ്ലീല ആംഗ്യം കാട്ടിയതിനു വിലക്കും കിട്ടി. ട്രെയിനിലെ ടോയ്‌ലറ്റിൽ പുകവലിച്ചതിനു പിടിക്കപ്പെടുകയും ചെയ്തു. പക്ഷേ, ഇംഗ്ലിഷ് ക്ലബ് മാ‍ഞ്ചസ്റ്റർ സിറ്റിയിലായിരിക്കേ ബലോറ്റെല്ലി ചെയ്തതിനു മുന്നിൽ ഇതൊക്കെ നിസ്സാരം – ബാത്ത്റൂമിൽ പടക്കങ്ങൾ സ്ഥാപിച്ചു വീടിനു തീവച്ചു!

LEAVE A REPLY

Please enter your comment!
Please enter your name here