ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ റീടെയില്‍ സ്ഥാപനമായ ആമസോണ്‍ രാജ്യത്ത് മദ്യവില്‍പന ആരംഭിക്കുന്നു. പശ്ചിമബംഗാളില്‍ ഓണ്‍ലൈന്‍ വഴി മദ്യവില്‍പന നടത്താന്‍ കമ്പനിയ്ക്ക് അനുമതി ലഭിച്ചു. ഓണ്‍ലൈന്‍ മദ്യവില്‍പന നടത്താന്‍ ആമസോണ്‍ യോഗ്യരാണെന്ന് വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ പറഞ്ഞു. സംസ്ഥാനവുമായി ധാരണാപത്രത്തില്‍ ഒപ്പിടാന്‍ ആമസോണിനെ ക്ഷണിച്ചിട്ടുണ്ട്.

അലിബാബയുടെ പിന്തുണയില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ബിഗ്ബാസ്‌ക്കറ്റ് എന്ന ഓണ്‍ലൈന്‍ ഗ്രോസറി വിതരണ സ്ഥാപനത്തിനും ബംഗാളില്‍ മദ്യം വില്‍പന നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഇരു കമ്പനികളും പ്രതികരിച്ചിട്ടില്ല.

രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നാലാമത്തെ സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. ഐഡബ്ല്യൂഎസ്ആര്‍ ഡ്രിങ്ക്‌സ് മാര്‍ക്കറ്റ് അനാലിസിസിന്റെ 2720 കോടി ഡോളര്‍ മൂല്യമുള്ള സംസ്ഥാനത്തെ മദ്യവിപണിയിലേക്കാണ് ആമസോണ്‍ രംഗപ്രവേശം ചെയ്യുന്നത്. ഇന്ത്യയിലെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സേവനങ്ങളായ സ്വിഗ്ഗിയും, സൊമാറ്റോയും ചില നഗരങ്ങളില്‍ അടുത്തിടെ മദ്യവില്‍പന ആരംഭിച്ചിരുന്നു.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്തെ മദ്യവില്‍പനയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ലഭ്യത കുറഞ്ഞതോടെ മദ്യ വില്‍പന ശാലകളില്‍ തിരക്ക് വര്‍ധിച്ചു. അതിനിടെ മദ്യ വില്‍പനയില്‍ ചില ഇളവുകള്‍ അനുവദിക്കുകയും ചില സംസ്ഥാനങ്ങള്‍ ഓണ്‍ലൈന്‍ ഡെലിവറിയ്ക്ക് അനുമതി നല്‍കുകയും ചെയ്‌തു. ഓരോ സംസ്ഥാനങ്ങള്‍ക്കും മദ്യവില്‍പനയില്‍ പ്രത്യേകം നയങ്ങളാണുള്ളത്. കഴിഞ്ഞ മാസമാണ് പശ്ചിമ ബംഗാള്‍ ഓണ്‍ലൈന്‍ വഴിയുള്ള മദ്യവില്‍പനയ്ക്ക് താല്‍പര്യമുള്ള കമ്പനികളെ ക്ഷണിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here