പിറന്നു വീഴും കുഞ്ഞു
വാ കീറി കരയാതെ
മൗനിയായ് തുടർന്നാൽ
വേപഥു കൂടുന്നു ചുറ്റും
കുഞ്ഞിന്റെ
മൗനം വാചാലമല്ല

മനസ്സിൽ പ്രണയം
തുളുമ്പുമ്പോഴും
തമ്മിലന്യോന്യം പറയാതെ പങ്കിടാതിരുവരും
വഴിമാറിയകലുന്ന മൗനം
വാചാലമല്ല

അവനൊരു ചുമടുതാങ്ങി,
പകലന്തിയോളം പണിചെയ്തു
ക്ഷീണിച്ചെത്തും വീട്ടിൽ.
അവളുമതുപോലെ വീട്ടുപണിയെടുത്തവശയും
രാത്രിക്കിടക്കയിൽ
പാതിയിൽവച്ചു മുറിയുന്ന ചുംബനം വീണുറങ്ങുമ്പോൾ
മൗനം വാചാലമല്ല

നിശബ്ദത കരിങ്കല്ലുമാതിരി കൂർത്തു
നെഞ്ചിലേല്പിച്ച മുറിപ്പാടു നീറ്റുമ്പോൾ
മൗനം വാചാലമാവുന്നില്ല

അകാലത്തിലവളെ പിരിഞ്ഞവൻ പോയി
ഒരു വാക്കും മിണ്ടാതെ
വിടപറയാനും
സമയം കൊടുക്കാതെ
മൗനം വാചാലമായില്ല

പ്രപഞ്ചതാളമിടറി
പ്രകൃതി ദുരന്തങ്ങളുഴിയുമ്പോൾ
ഭൂമിതൻ ആത്മാവിൽ
മൗനം കുടിയേറും
അപ്പോഴും
വാചാലമാവാത്ത മൗനം

പ്രാർത്ഥനകൾ അപേക്ഷകൾ
ആശംസകളെല്ലാം
നിരർത്ഥകമാവുമ്പോൾ
വാക്കുകൾ മൗനത്തിലാണ്ടുപോകുന്നു

മൗനം വാചാലമേയല്ല..

LEAVE A REPLY

Please enter your comment!
Please enter your name here