‘കോവിഡാണ്, ട്ടോ, ആരും പുറത്തിറങ്ങല്ലേ, ട്ടോ…! പാർക്കും അടച്ചു, കോലുമിഠായി കിട്ടണ അപ്പാപ്പ​​​െൻറ കടയും അടച്ചു പപ്പാച്ചീ…’’ മൂന്നു വയസുകാരിയുടെ ജാഗ്രതാനിർദേശമാണ്. എന്താണ് കോവിഡെന്ന് പോലും അറിയാത്തവൾക്ക് വരെ സംഭവം സീരിയസാണെന്ന് മനസിലായി. റോഡിലെങ്ങും ഒറ്റ വണ്ടി പോലും കാണാനില്ല, ടി.വി തുറന്നാലും പത്രം എടുത്താലും കാണുന്ന കാഴ്ചയൊക്കെ കുഞ്ഞു കുട്ടികളും ശ്രദ്ധിക്കുന്നുണ്ട് കാര്യമായി തന്നെ. രാപകൽ രോഗികളെക്കൊണ്ട് വീർപ്പുമുട്ടിയിരുന്ന ആശുപത്രികളും അവിടങ്ങളിലെ നീണ്ട ക്യൂവും ഒന്നും ഇപ്പോഴില്ല..എന്തൊരു ട്രാഫിക് ബ്ലോക്കായിരുന്നു.. നമ്മുടെ തിരക്കുകളൊക്കെ എങ്ങോട്ടു പോയി? തിങ്ങിനിറഞ്ഞ തെരുവുകൾ, ബസ് സ്റ്റോപ്പുകൾ.. റയിൽവേ സ്‌റ്റേഷനുകൾ.. വിമാനത്താവളങ്ങൾ.. അത്യാവശ്യ സാധനങ്ങളുള്ള കടകൾ മാത്രം തുറന്നിരിക്കുന്നു..സ്വർണ്ണം വാങ്ങണ്ട, തുണിത്തരങ്ങളും വേണ്ട.. കല്യാണ മാമാങ്കങ്ങൾ, സത്ക്കാരങ്ങൾ, ആർഭാടങ്ങൾ, നമുക്ക് എത്ര പെട്ടെന്നാണ് മാറ്റം വന്നത്? ആര് പറഞ്ഞു നമുക്ക് മാറ്റാനാവില്ലെന്ന്..

കുടുംബ ബഡ്ജറ്റ് ഇത്ര ചുരുക്കാനാവുമെന്ന് നമ്മൾ കരുതിയിരുന്നോ? ജീവിക്കാൻ ഇത്രയൊക്കെ മതിയായിരുന്നിട്ടും നമ്മൾ എന്തൊക്കെയാണ് വാങ്ങിക്കൂട്ടിയിരുന്നത്? പ്രളയം വന്നപ്പോൾ വീടി​​​െൻറ കഴുക്കോൽ ഭാഗം വരെ വെള്ളമെത്താറായിട്ടും പുറത്തിറങ്ങാൻ സന്നദ്ധപ്രവർത്തകർ കേണപേക്ഷിച്ചിട്ടും അനുസരിക്കാത്തവർ തന്നെയായിരിക്കും ഈ കൊറോണ കാലത്ത് വീട്ടകങ്ങളിൽ കഴിയാതെ പുറത്തേക്ക് ‘തേരാപാരാ’ പായുന്നതും.

വിശന്നു വയറു കത്തിയപ്പോ അരി വാങ്ങാൻ പുറത്തിറങ്ങിയവർക്കു വരെ പൊലീസി​​​െൻറ ലാത്തിയടിയും ശകാരവും കേൾക്കേണ്ടി വന്നത് ഈ ‘വെറുതെ കറങ്ങാൻ’ ഇറങ്ങിയവർ കാരണമല്ലേ??

കിട്ടിയ അവസരം വെറുതെ തല്ലിത്തീർത്ത പൊലീസുകാരും തെരുവോരങ്ങളിൽ ആരുമില്ലാതെ അലഞ്ഞുതിരിയുന്നവർക്ക് ഭക്ഷണവും കുടിവെള്ളവുമുൾപ്പെടെ നൽകാൻ മുന്നിട്ടിറങ്ങിയ പൊലീസുകാരും ഇവിടെയുണ്ട്… അങ്ങനെയങ്ങനെ നൻമ-തിൻമകളുടെ, സ്നേഹത്തി​​​െൻറ, സഹനത്തി​​​െൻറ, വീർപ്പുമുട്ടലി​​​െൻറ, ക്ഷമയുടെ, അച്ചടക്കത്തി​​​െൻറ ആഴ്ചകൾ നീളുന്ന ലോക് ഡൗൺകാല കാഴ്ചകളിലൂടെയാണ് നാമോരുത്തരും കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.


നമുക്ക് അറിയുന്ന കുറച്ച് കാര്യങ്ങൾ, യാതൊന്നുമറിയാത്ത ആളുകളോട് പറയുേമ്പാൾ മാത്രമേ നമുക്ക് എന്തെന്നില്ലാത്ത ആത്മവിശ്വാസം കിട്ടുകയുള്ളൂ എന്ന് കേട്ടിട്ടുണ്ട്. ഐ.സി.യുവിലെ വ​​​െൻറിലേറ്ററിൽ ഒരിറ്റു ശ്വാസത്തിനു വേണ്ടി പിടയുേമ്പാൾ ഘടിപ്പിക്കുന്ന ആ ആവരണത്തേക്കാൾ എത്രയോ മടങ്ങ് ഭേദമാണ് ഈ സമയത്ത് അനാവശ്യമായി പുറത്തിറങ്ങാതിരിക്കുന്നതും മാസ്കോ തൂവാലയോ ഉപയോഗിക്കുന്നത് വഴി രോഗാണുക്കളെ വിളിച്ചുവരുത്താതിരിക്കുന്നതും. ഇതൊക്കെ അറിവില്ലായ്മയാണോ അതോ അമിത ആത്മവിശ്വാസമാണോ?? അനാവശ്യമായി വളർന്നു വലുതായത് കൊണ്ട് മാത്രം പ്രിയം നഷ്ടപ്പെട്ട, മനഃപൂർവം ഇടം വേണ്ടെന്ന് വെച്ച നമ്മുടെയൊക്കെ വീട്ടകങ്ങളിലേക്ക്, അവിടെ നമുക്കായി എപ്പോഴും കാത്തിരിക്കുന്ന മാതാപിതാക്കളുടെയടുത്തേക്ക് തിരികെയെത്തിച്ച ഈ ലോക്ഡൗൺ എങ്ങനെയാണ് ചിലർക്കുമാത്രം ബന്ധനമായി മാറിയത്?. ശരിയാണ്, ഇപ്പോ ദിവസമേതാ, തീയതിയേതാ എന്നതൊക്കെ പലരും മറന്നുപോയിരിക്കുന്നു. കുഞ്ഞിനൊപ്പമിരുന്ന് അവൾ പറയുന്നത് കേൾക്കാനും അവൾ വരച്ച അവൾക്ക് തന്നെ ‘നിശ്ചയമില്ലാത്ത’ എന്തൊക്കെയോ അർഥതലങ്ങളുള്ള ചിത്രത്തെ ഒന്ന് പുകഴ്ത്താൻ, അവൾക്ക് ഒരു കഥ പറഞ്ഞുെകാടുക്കാൻ, നിറങ്ങളെക്കുറിച്ചും പട്ടിണിയെക്കുറിച്ചും സ്വപ്നം കാണുന്നതിനെ കുറിച്ചുമൊക്കെ പറഞ്ഞുകൊടുക്കാൻ ഈ ദിവസങ്ങളിൽ ഒന്നിൽ പോലും നിങ്ങൾ മെനക്കെട്ടില്ലെങ്കിൽ നിങ്ങളൊരു പരാജിതനൊന്നുമല്ല, നിങ്ങളൊരു നിസ്സഹായൻ മാത്രമായിരിക്കും.

നട്ടുച്ചക്ക് നല്ല തണുത്ത ഒരുഗ്ലാസ് സോഡാ നാരങ്ങാവെള്ളം കുടിക്കാൻ ആഗ്രഹിച്ചാൽ ഇപ്പോ കിട്ടണമെന്നില്ല, അവശ്യ വസ്തുക്കൾ വാങ്ങാൻ മാത്രം പുറത്തിറങ്ങാൻ കഴിയുന്ന ഈ കൊറോണക്കാലത്ത് പണം എന്നത് വെറും കടലാസ് കഷ്ണം മാത്രമാണെന്ന് ചിലർക്കൊക്കെ മനസിലായിട്ടുണ്ടാകും. നിസാരമെന്ന് നാം കരുതിയിരുന്ന പലതും നമുക്ക് നേടാനാകാത്ത ഈ നിസഹായതയാണ് ഒരു തരത്തിൽ പരാജയം. നിസഹായതയെ കുറിച്ച് ഓർത്തപ്പോഴാണ് ഈ കെട്ട കാലത്തെ നൻമമരങ്ങളിൽ ചിലരെ ഓർത്തുപോയത്. നമ്മൾ ഒരിക്കലും കണ്ടിട്ടുപോലുമില്ലാത്ത, ആളുകൾ ‘അവർ പോലും അറിയാതെ’ നമ്മെ സഹായിക്കാനെത്തിയ സുന്ദര നിമിഷം.

‘‘ആ നിമിഷത്തി​​​െൻറ നിര്‍വൃതിയില്‍ ഞാനൊരാവണിത്തെന്നലായ് മാറി.’’ 1974ൽ പുറത്തിറങ്ങിയ ‘ചന്ദ്രകാന്തം’ സിനിമയിലെ ജാനകി പാടിയ ഗാനത്തിലെ വരികളാണ് ഇനി പറയാൻ പോകുന്ന സന്ദർഭത്തിന് ഏറെ യോജിക്കുക.

കൊറോണ ഭീഷണി നമ്മുടെ നാട്ടിൽ അത്ര ഗൗരവത്തിൽ ആകുന്നതിന് തൊട്ടുമുമ്പാണ്, ലോക്ഡൗൺ കാലത്തിനും അൽപം മുമ്പ്. രാത്രി ഷിഫ്റ്റിലെ ഡ്യൂട്ടി കഴിഞ്ഞ് കൃത്യം എപ്പോൾ ഇറങ്ങാൻ കഴിയുമെന്ന് ഒരു ധാരണയുമില്ലാതിരുന്ന ഒരുദിവസം രണ്ടും കൽപിച്ച് 220 കിലോമീറ്ററോളം ദൂരെയുള്ള നാട്ടിലേക്ക് പോവാനായി െക.എസ്.ആർ.ടി.സി സ്റ്റാൻറിലെത്തിയതായിരുന്നു. സൂചി കുത്താൻ ഇടമില്ലാത്ത വിധം തിരക്ക് കണ്ടപ്പോൾ തന്നെ പോകാനുള്ള സകല മൂഡും പോയി. ലീവും കിട്ടി, ഇറങ്ങിത്തിരിച്ച സ്ഥിതിക്ക് ഇനി പുറകോട്ടില്ല. ഓരോ ബസ് വരുേമ്പാഴും അതി​​​െൻറ രണ്ടു വാതിലിലും പത്തു മുപ്പത് ആളുകൾ വീതം ഇടിച്ചുകയറി നിൽക്കുന്നു. ഓട്ടോമാറ്റിക് ഡോർ ആയതിനാൽ ഡ്രൈവറുടെ കാരുണ്യത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ് പിന്നെ. വീട്ടിലേക്ക് വരുേമ്പാ ‘സമ്മാനം’ വാങ്ങിക്കൊണ്ടു വരണമെന്ന് കുഞ്ഞു റിച്ചു (മൂന്ന്​ വയസ്) നേരത്തെ കൂട്ടി ഓർമിപ്പിച്ചിരുന്നതിനാൽ ബാഗ് കൂടാതെ മറ്റൊരു വലിയ കൂടും കയ്യിലുണ്ടയിരുന്നു. ഈ തിരക്കിനിടയിൽ ഇടിച്ചുകയറി വാതിലിനടുത്തേക്ക് എത്താൻ ശ്രമിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല, മാത്രവുമല്ല കയ്യിലുള്ള ‘സമ്മാനപ്പൊതി’ പൊട്ടി കേടുപാട് സംഭവിച്ചാൽ വീട്ടിലെത്തുേമ്പാൾ കുറുമ്പത്തി എന്നെ ‘ശരിയാക്കികളയും’.

ബസുകൾ പലതും സ്റ്റാൻറിലേക്ക് വരുന്നതും ജനക്കൂട്ടം ഈച്ച പൊതിയും പോലെ വാതിലിനടുത്തേക്ക് ഇരച്ചെത്തുന്നതും ദൂരെ മാറി നിസ്സഹായനായി നോക്കി നിൽക്കേണ്ടി വരിക, അതും നല്ല ഉറക്കം വരുന്ന പാതിരാത്രി സമയത്ത്. ചില സമയത്ത് ഈ നിസഹായതക്ക് വിജയമെന്നും പേരുണ്ടാകുമെന്ന് മനസ്സിലായ നിമിഷങ്ങളാണ് ഇനി വരാൻ പോകുന്നതെന്ന് യാതൊരു ചിന്തയുമില്ലാതെ ഞാൻ മാത്രം ആകാശത്തേക്ക് നോക്കി ഇരുന്നുപോയ ആ സമയമുണ്ടല്ലോ, അതൊന്നും അനുഭവിക്കാത്തവർക്ക് ഒരിക്കലും മനസിലാകില്ല. ദീർഘസമയത്തെ ഏകാന്തത നിങ്ങളെ കൊല്ലും, എന്നാൽ കുറച്ചുസമയത്തെ ഏകാന്തത നിങ്ങളുടെ ജീവിതത്തെ പരിപോഷിപ്പിക്കുകയാണ് ചെയ്യുക. മദർ തെരേസ പറഞ്ഞ ഒരു വാചകമുണ്ട് – “The most terrible poverty is loneliness, and the feeling of being unloved.” അതായത് ഏറ്റവും ഭയാനകമായ ‘പട്ടിണി’ എന്നാൽ അത് ഏകാന്തതയും, ആരും സ്നേഹിക്കാനില്ല എന്ന തോന്നലുമാണെന്ന്. വിശപ്പിനേക്കാൾ വലുതായി ലോകത്ത് ഒന്നുമില്ല, അതിനു മുമ്പിൽ ഏകാന്തതയൊക്കെ എന്ത് എന്ന ഫിലോസഫി മാത്രം ആ സമയത്ത് മനസിൽ വന്നതേയില്ല.

കുറച്ചുനിമിഷങ്ങൾക്കൊടുവിൽ, ഒരു സാധാ ഫാസ്റ്റ് പാസഞ്ചർ ബസാണെന്ന് തോന്നുന്നു, സ്റ്റാൻറിലേക്ക് പ്രവേശിച്ചതും അതിലെ കണ്ടക്ടർ ‘ഇത് ഫുൾ റിസർവേഷനാണ്, ഒരുപാട് പേർ ഇവിടുന്ന് കയറാനുണ്ട്, വെറുതെ ഇടിച്ചുകയറിയിട്ട് കാര്യമില്ല’’. കണ്ടക്ടർ തർക്കത്തിനിട വരുത്താതിരിക്കാൻ മുൻകൂട്ടി പറഞ്ഞതിനാൽ ആൾക്കൂട്ടം പതിയെ പിൻവലിഞ്ഞു. ദൂരെ മാറി നിന്ന ഞാനാകട്ടെ കണ്ടക്ടറുടെ ഈ പ്രഖ്യാപനമൊന്നും കേട്ടതുമില്ല. ബാഗൊക്കെ തൂക്കി ബസിനടുത്തെത്തിയ എനിക്കാണോ കൂടി നിൽക്കുന്ന ആളുകൾക്കാണോ എന്തെങ്കിലും സംഭവിച്ചത്?? ‘ഇനി ബോർഡ് വെച്ചിട്ടില്ലേ, അതോ, ഈ ബസ് പോകാനുള്ളതല്ലേ??’’ ആലോചിച്ചു നിന്നിട്ടു കാര്യമില്ല, എന്തായാലും കുറെ സീറ്റുകൾ കാലിയാണല്ലോ’!!! കൗതുകവും പരിഭ്രാന്തിയും എല്ലാം ഒരേസമയം കലർന്ന ഒരു പ്രത്യേക തരം നിസഹായതക്കൊടുവിൽ 40ാം നമ്പർ സീറ്റിൽ (40 ാം സീറ്റ് പുറകിലാണ്, സാധാരണ ഞാൻ പുറകിലുള്ള സീറ്റിൽ ഇരിക്കാറില്ല, പ്രത്യേകിച്ചും മുമ്പിൽ സീറ്റുള്ളപ്പോൾ) ഇരിപ്പുറപ്പിച്ചു. നിമിഷങ്ങൾ കഴിയവേ ഓരോരോ സീറ്റുകളിലായി ആളുകൾ വന്നിരിക്കാൻ തുടങ്ങി. മൂന്നു നിരയുള്ള എ​​​െൻറ സീറ്റിനടുത്തും രണ്ടുപേർ എത്തി. നേരത്തെ തിക്കിത്തിരക്കിയവരിൽ ചിലർ സീറ്റില്ലെങ്കിലും വേണ്ടില്ല എണീറ്റു നിന്നാണെങ്കിലും പോകാം എന്ന കണ്ടീഷനിൽ ബസിനകത്ത് വന്ന് നിൽപ്പുറപ്പിച്ചു.

കണ്ടക്ടർ എത്തി ഓരോ സീറ്റിലെയും റിസർവ്ഡ് യാത്രക്കാർ കയറിയിട്ടുണ്ടോ എന്ന് പരിശോധന തുടങ്ങിയപ്പോഴാണ് എ​​​െൻറ ‘ബൾബ്’ കത്തിയത്. 1,2, 3, ……38….39….സീറ്റുകൾ എണ്ണിയെണ്ണി യാത്രക്കാർ കയറിയെന്ന് ഉറപ്പാക്കി കണ്ടക്ടർ 40ാം നമ്പർ സീറ്റിനടുത്തെത്തിയതും എ​​​െൻറ നെഞ്ചിടിപ്പ് വർധിച്ചു.

‘40 എന്നത് വെറുമൊരു നമ്പർ മാത്രം’, വിരമിക്കാൻ പ്രായമായെന്ന് പറഞ്ഞ് മുറവിളി കൂട്ടിയ വിമർശകരോട് ഇന്ത്യയുടെ മാസ്റ്റർബ്ലാസ്റ്റർ സച്ചിൻ തെൻഡുൽക്കർ പറഞ്ഞ മറുപടി ഓർമയിലേക്ക് വരുത്താൻ പോലുമുള്ള സമയം പോലും കണ്ടക്ടർ തന്നില്ല. ഞാനല്ല 40ലെ ആളെന്ന് വ്യക്തമായതോടെ റിസർവേഷൻ ചാർട്ടെടുത്ത് കണ്ടക്ടർ ഫോൺ െചയ്യാൻ തുടങ്ങി.

‘‘പടച്ചോനേ, ആ നമ്പർ നിലവിലില്ല എന്ന് പറയണേ’’ എന്ന പ്രാർഥന ഫലിച്ചതേയില്ല. ‘‘ഹലോ, എന്ന അഞ്ജാതനായ ഏതോ യാത്രിക​​​​െൻറ ശബ്ദം ബഹളമയമായിരുന്ന ആ അന്തരീക്ഷത്തിലും എ​​​െൻറ ചെവിയിൽ കൃത്യമായി എത്തി.

ഏതാനും നിമിഷത്തെ ഫോൺ സംസാരത്തിനൊടുവിൽ കണ്ടക്ടർ എന്നോട് പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു. ‘‘എടോ, താൻ ഉടനെ ഒരു ലോട്ടറി എടുക്കണം, സമ്മാനം ഉറപ്പാ’’ 40െല സീറ്റിലെ യാത്രക്കാരൻ വരുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്, തനിക്ക് അവിടെ ഇരിക്കാം’’. ബാഗുമെടുത്ത് പതിയെ എഴുന്നേൽക്കാൻ തയാറായി നിന്ന ഞാൻ ആശ്വാസത്തോടെ സീറ്റിൽ ഒന്നൂടി അമർന്നിരുന്നു. വൈക്കം മുഹമ്മദ് ബഷീറി​​​െൻറ ‘ഒരു മനുഷ്യൻ’ എന്ന വിഖ്യാത കഥയിലെ ആ രംഗമാണ് പിന്നെയങ്ങോട്ട് മനസിൽ നിറഞ്ഞത്. ‘പേരെന്താ?’ അയാള്‍ ചോദിച്ചു. ഞാന്‍ പേര്, നാട് ഇതൊക്കെ പറഞ്ഞു. ഞാന്‍ ആ മനുഷ്യ​​​െൻറ പേര് ചോദിച്ചു. അദ്ദേഹം പറഞ്ഞു:‘എനിക്ക് പേരില്ല!’ ഞാന്‍ പറഞ്ഞു:‘‘എങ്കില്‍….ദയവ് എന്നായിരിക്കും പേര്.’’

ഡബിൾബെൽ മുഴങ്ങി, ബസ് അരിച്ചിറങ്ങുന്ന തണുപ്പിലേക്ക് ഊളിയിട്ട് യാത്ര തുടങ്ങി. ദൂരെ ദൂരെ കുഞ്ഞിക്കണ്ണുകളുമായി സമ്മാനവും കാത്തിരിക്കുന്ന കുഞ്ഞു റിച്ചു ഇപ്പോൾ സുഖനിദ്രയിൽ ആയിരിക്കും. അവൾ എണീക്കുേമ്പാ സർപ്രൈസായി സമ്മാനപ്പൊതി മുമ്പിൽ വെച്ചുകൊടുക്കണം. നാണം കലർന്ന അവളുടെ ചിരിയോളം വലുതായ നിമിഷം മറ്റൊന്നുമുണ്ടാവില്ല. ശരിയാണ്, കുറഞ്ഞ പ്രതീക്ഷകളാണ് എല്ലായ്പ്പോഴും നല്ലത്, അതായിരിക്കും ചിലപ്പോഴൊക്കെ നമുക്ക് കൂടുതൽ സന്തോഷം പകർന്നു നൽകുക.

തോൽക്കുമെന്ന് കരുതുന്ന നിമിഷങ്ങളിലും നെഞ്ചിനുള്ളിൽ അനുഭവപ്പെടുന്ന ഒരു മിടിപ്പുണ്ടല്ലോ, എങ്ങാനും ജയിച്ചാലോ എന്ന ആ തോന്നലായിരിക്കാം 40ാം നമ്പറിലെ ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത, എന്നെ കാണാത്ത ആ അഞ്ജാതസുഹൃത്ത് എനിക്കു സമ്മാനിച്ചത്.

തെളിയാത്ത വഴിവിളക്കിനടുത്തുള്ള ഏതോ ഒരു സ്റേറാപ്പിൽ ബസ് നിർത്തി. ആരൊക്കെയോ കയറുകയും ഇറങ്ങുകയും െചയ്യുന്നുണ്ട്. ബസ് പതിയെ മുന്നോട്ട്…ഉറക്കം വന്നിട്ടും ഒന്നുമറിയാത്ത മട്ടിൽ ഞാനും എ​​​െൻറ കൈയിലെ സമ്മാനപ്പൊതിയും ബാക്കിയായി.

LEAVE A REPLY

Please enter your comment!
Please enter your name here