മധുര: പാതിരാത്രി വി​ളി​ച്ചുണർത്തി​ക്കൊടുത്താലും പൊറോട്ട കഴി​ക്കാൻ ഒരു മടി​യുമി​ല്ല. ഒരു പ്ലേറ്റ് ബീഫോ ചിക്കനോ കൂടിയുണ്ടെങ്കിൽ കുശാലായി. ഇതാണ് മലയാളി​യുടെ സ്വഭാവം. നമ്മുടെ അയൽ സംസ്ഥാനമായ തമി​ഴ്നാട്ടി​ലും സ്ഥിതി​ മറി​ച്ചല്ല. ജനങ്ങൾക്കി​ടയി​ലെ പൊറോട്ടയുടെ ഈ സ്വീകാര്യത കൊവി​ഡ് പ്രതി​രോധത്തി​ൽ പ്രയോജനപ്പെടുത്താനാവുമോ എന്ന ചി​ന്തയി​ലായിരുന്നു മധുരയി​ൽ ടെമ്പിൾ സിറ്റിയിലെ ഒരു റസ്റ്റോറന്റ്. മാസ്ക് പൊറോട്ട ഉണ്ടാക്കിയാണ് ഇൗ റസ്റ്റോറന്റ് കൊവിഡിനെയും പൊറോട്ടയെയും തമ്മിൽ ബന്ധിച്ചത്.

ഒറ്റനോട്ടത്തിൽ കണ്ടാൽ ശരിക്കും മാസ്കുതന്നെ. സൂക്ഷിച്ചുനോക്കിയാലേ വ്യത്യാസം അറിയൂ. റെസ്റ്റോറന്റിലെ വിഗദ്ധരായ പാചകക്കാരാണ് ഇതിനുപിന്നിലെ ബുദ്ധികേന്ദ്രം.കുറച്ചുനാളായി പൊറോട്ട മാസ്കിന്റെ പണിപ്പുരയിലായിരുന്നെങ്കിലും കഴിഞ്ഞദിവസം മാത്രമാണ് ഇത് ജനങ്ങൾക്ക് നൽകിത്തുടങ്ങിയത്.ഒരു സെറ്റിന് അമ്പതുരൂപയാണ് വില. ആവശ്യക്കാർക്ക് എത്രവേണമെങ്കിലും വാങ്ങിക്കാം.തുടക്കത്തിൽ ഒന്നുമടിച്ചെങ്കിലും ഇപ്പോൾ മാസ്ക് പൊറോട്ട വാങ്ങാൻ ജങ്ങൾ ഇടിച്ചുകയറുകയാണ്.വരുന്നവർക്കെല്ലാം മാസ്ക് പൊറോട്ട മാത്രം മതി. ഉച്ചയ്ക്കാണ് ആവശ്യക്കാർ കൂടുതൽ.

ഫുഡ് ഡെലിവറി ആപ്പുകളിലൂടെ മാസ്ക് പൊറോട്ട ഒാർഡർ ചെയ്യുന്നവരുടെ എണ്ണവും കുറവല്ല. ജനങ്ങളെ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിപ്പിക്കാൻ പരമാവധി പ്രേരിപ്പിക്കുകയാണ് പുതിയ പൊറോട്ട വിപണിയിലെത്തിച്ചതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് റെസ്റ്റോറന്റിലെ നടത്തിപ്പുകാർ പറയുന്നത്. ഇതിൽ ഏറക്കുറെ വിജയിച്ചെന്നും അവർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here