തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏ‌റ്റവുമധികം ആളുകൾക്ക് രോഗം ബാധിച്ച ദിനമായി ഇന്ന്. ഇതിൽ സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത് 888 പേർക്കാണ്. 122 പേർ വിദേശത്ത് നിന്നും വന്നതാണ്. മ‌റ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ 96 ആണ്. 55 പേരുടെ ഉറവിടം വ്യക്തമല്ല. 33 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 1,50,716 പേർ നിരീക്ഷണത്തിലാണ്. 24 മണിക്കൂറിനിടെ 19,140 പരിശോധന നടത്തി. 679 പേർക്ക് രോഗമുക്തി ഉണ്ടായതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു.തിരുവനന്തപുരത്ത് വലിയ തോതിലുള‌ള രോഗവ്യാപനമാണ്.

ഇവിടെ 18 പേരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിക്കുന്നു. സംസ്ഥാനത്ത് ഇത് 36 പേരിൽ ഒരാൾക്കാണ്. ക്ളസ്‌റ്റർ സ്ഥിരീകരിക്കുന്നത് ഈ മാസം പൂന്തുറയിലെ രോഗവ്യാപനത്തിലൂടെയാണ്. സംസ്ഥാനത്ത് ഇന്ന് 4 പേർ കൊവിഡ് ബാധിച്ച് മരണമടഞ്ഞു.എറണാകുളം സ്വദേശി അബൂബക്കർ(72), കാസർഗോഡ് സ്വദേശി അബ്‌ദു റഹ്‌മാൻ(70), തിരുവനന്തപുരം സ്വദേശി സെൽവമണി(65),ആലപ്പുഴ സ്വദേശി സൈനുദ്ദീൻ(67) എന്നിവരാണ് മരണമടഞ്ഞത്.രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള‌ള കണക്ക്. തിരുവനന്തപുരം 227, കോട്ടയം 118, മലപ്പുറം 112, തൃശൂർ 109, കൊല്ലം 95,പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂർ 43, കാസർഗോഡ് 38, ഇടുക്കി 7. 10091 പേർ സംസ്ഥാനത്ത് ചികിത്സയിലാണ്. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത് 20,896 പേർക്കാണ്. 486 ഹോട്ട്‌സ്‌പോട്ടുകൾ.

ആലുവ കീഴ്‌മാട് രോഗവ്യാപനം വർദ്ധിക്കുന്നു. അതേസമയം ചെല്ലാനത്ത് രോഗബാധ കുറയുകയാണ്. കാസർഗോഡ് ജില്ലയിൽ 10 ക്ള‌സ്‌റ്ററുകളാണ് ഉള‌ളത്. വിവാഹ ചടങ്ങുകൾ രോഗ വിതരണ കേന്ദ്രമായി മാറുകയാണ്. മരണാനന്തര ചടങ്ങിലും വിവാഹത്തിലും പങ്കെടുക്കുന്നവർക്ക് വളരെവേഗം രോഗബാധ ഉണ്ടാകുന്നു. മേനംകുളത്ത് 300 പേരെ പരിശോധിച്ചപ്പോൾ 80 പേർ പോസി‌റ്റീവായി. കോട്ടയത്ത് നൂറിലധികം പ്രതിദിന രോഗികൾ ഉണ്ടാകുന്നത് ആദ്യമായാണ്. തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് 98 പേരെ പരിശോധിച്ചപ്പോൾ 43 പേർ കൊവിഡ് പോസി‌റ്റീവായി. ഏ‌റ്റുമാനൂരിലെ മാർക്കറ്റിൽ 67 പേരെ പരിശോധിച്ചപ്പോൾ 45 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ ഭൂരിഭാഗത്തിനും ലക്ഷണങ്ങളില്ല.

പരിശോധനകൾപരമാവധിയാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. കൊവിഡ് ലക്ഷണങ്ങൾ മൂർച്ഛിച്ച് മരിക്കുന്നവരെ മാത്രമേ കൊവിഡ് മരണമായി കണക്കാക്കുകയുള‌ളൂവെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇത് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരമാണ്. സംസ്ഥാനത്ത് കൊവിഡ് പരിശോധന വർദ്ധിപ്പിച്ചു. 3,62,210 സാമ്പിളുകളിൽ 6596 സാമ്പിൾ ഫലം വരാനുണ്ട്. പരിശോധനാ എണ്ണം കുറഞ്ഞെന്ന ആരോപണത്തിൽ വാസ്‌തവമില്ല.കേസിന്റെ തീവ്രത അനുസരിച്ചാണ് ഓരോ പ്രദേശത്തും പരിശോധന നടത്തുക. അകലവും മാസ്‌കും കൊവിഡ് ബാധ തടയാൻ ആവശ്യമായി വന്നിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here